Asianet News MalayalamAsianet News Malayalam

നമ്മൾ മനുഷ്യരെപ്പോലെ പത്തെൺപതു കൊല്ലം ജീവിച്ചാലെന്താ പട്ടികൾക്ക്?

നമ്മൾ പോകുന്നത് അഞ്ചു മിനിറ്റുനേരം ഒരു കവർ പാലുവാങ്ങാൻ വേണ്ടിയാണെങ്കിൽ പോലും, തിരിച്ചുവരുമ്പോൾ അവരുടെ സ്നേഹപ്രകടനം കണ്ടാൽ തോന്നും, നമ്മൾ വല്ല ഗൾഫിലും പോയി നാലഞ്ച് വർഷം കഴിഞ്ഞു തിരിച്ചു വരികയാണെന്ന്. 

why cant dogs live as long as we humans do? ways to increase the longevity of dogs.
Author
Trivandrum, First Published Jan 23, 2020, 6:14 PM IST

പട്ടികളെ ഇഷ്ടമില്ലാത്തവർ കുറവാകും. വളർത്തുന്നവരോട് ഇത്രക്ക് സ്നേഹമുള്ള മറ്റൊരു ജീവികളുണ്ടോ ഈ ലോകത്ത്? അവരെ വീട്ടിനുള്ളിൽ തനിച്ചുവിട്ടു നമ്മൾ പോകുന്നത് അഞ്ചു മിനിറ്റുനേരം ഒരു കവർ പാലുവാങ്ങാൻ വേണ്ടിയാണെങ്കിൽ പോലും, തിരിച്ചുവരുമ്പോൾ അവരുടെ സ്നേഹപ്രകടനം കണ്ടാൽ തോന്നും, നമ്മൾ വല്ല ഗൾഫിലും പോയി നാലഞ്ച് വർഷം കഴിഞ്ഞു തിരിച്ചു വരികയാണെന്ന്. മനുഷ്യരെപ്പോലെയല്ല പട്ടികൾ, ആരെയും അങ്ങ് നിരുപാധികമായി സ്നേഹിച്ചു കളയും അവർ. വീടുകാക്കാനും, നമ്മളെ സംരക്ഷിക്കാനും ഒക്കെ അവയ്ക്ക് വല്ലാത്ത മിടുക്കാണ്. അങ്ങനെ സ്നേഹിച്ചു കൂടെ വളർത്തിയ പട്ടികൾ മരിച്ചുപോകുമ്പോഴോ? വല്ലാത്ത വിഷമമാകും അല്ലേ? അവിടെയാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. നമ്മൾ മനുഷ്യരെപ്പോലെ പത്തെൺപതു കൊല്ലം ജീവിച്ചാലെന്താ പട്ടികൾക്ക്? 

പട്ടികളും മനുഷ്യരെപ്പോലെ സസ്തനികളാണ്. അവയ്ക്കും നമ്മളെപ്പോലെ തന്നെ ഹൃദയവും, ശ്വാസകോശങ്ങളും, കിഡ്നിയും, കരളും അങ്ങനെ ഒരു സസ്തനിക്ക് ഈ ലോകത്ത് ജീവിച്ചുപോകാൻ ആവശ്യമായ സംഗതികളൊക്കെയുമുണ്ട്. പിന്നെന്തുകൊണ്ടാണ് അവയ്ക്ക് ആയുസ്സുമാത്രം നമ്മളെക്കാൾ ഒരുപാട് കുറവായിപ്പോയത്? വളർത്തി വലുതാക്കി ഒന്ന് സ്നേഹിച്ചു തുടങ്ങും മുമ്പ് അങ്ങ് മരിച്ചുപോവുന്നതെന്തിനാ പട്ടികൾ ? 

ആയുസ്സിന്റെ അടിസ്ഥാനം ?

ഇത് ചില്ലറ ചോദ്യമൊന്നും അല്ല. പണ്ടേക്കു പണ്ടേ തന്നെ ഗവേഷകർ പഠനം നടത്തിയിട്ടുള്ള കാര്യമാണ്. അവർ കണ്ടെത്തിയ ഒരു കാര്യം, ഒരു ജന്തുവിന്റെ ആയുസ്സ് എന്നത് അതിന്റെ വലിപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. എത്ര വലുതാണോ അത്രയും കൂടുതൽ ആയുസ്സും കാണും.  ആദ്യം നമ്മൾ കരുതിയത് ആയുസ്സ് എന്നത് മെറ്റാബോളിക് റേറ്റ് അഥവാ ചയാപചയങ്ങളുടെ തോതിനെ ആശ്രയിച്ചിരിക്കും എന്നാണ്. ചെറിയ മൃഗങ്ങൾക്ക് വളരെ വേഗത്തിൽ മെറ്റബോളിസം നടക്കും, അതുകൊണ്ട് അവയുടെ ആയുസ്സും വേഗത്തിൽ ഒടുങ്ങും, വലിയ മൃഗങ്ങൾക്ക് പതുങ്ങിയ മെറ്റാബോളിസമാണ്, അവ ദീർഘായുസ്സോടെ വാഴും എന്നൊക്കെ. ആ ധാരണ തിരുത്താൻ ഒരു തത്ത വരേണ്ടി വന്നു. ചില പ്രത്യേകയിനം തത്തകളുണ്ട്. അവയുടെ മെറ്റബോളിസം റേറ്റ് വളരെ കൂടുതലാണ്, എന്നാൽ അവർ 80 വർഷത്തോളം ജീവിച്ചിരിക്കുകയും ചെയ്യും. മെറ്റബോളിക് റേറ്റിന്റെ ഒരു പ്രത്യക്ഷ ലക്ഷണം നിങ്ങളുടെ ഹൃദയമിടിപ്പാണ്. ചില തത്തകളുടെ ഹൃദയം മിനിറ്റിൽ 600  തവണ വരെ മിടിക്കാറുണ്ട്. നമ്മുടെ ഹൃദയം 70 മുതൽ 100 തവണ വരെയാണ് ഒരു മിനിറ്റിൽ മിടിക്കുക. ഇത്തരം സാമാന്യവൽക്കരണങ്ങളൊന്നും തന്നെ പട്ടികളുടെ കാര്യത്തിലും ശരിയല്ല. 

why cant dogs live as long as we humans do? ways to increase the longevity of dogs.
 

പട്ടികൾ ഈ നിയമമൊന്നും പാലിക്കുന്നില്ല. 70 കിലോ ഭാരമുള്ള ഒരു ഗ്രേറ്റ് ഡെയ്ൻ നായ പരമാവധി ജീവിച്ചിരിക്കുക ഏഴു വർഷമാണ്. നാലു കിലോയിൽ താഴെ ഭാരമുള്ള ഷിവാവയോ പത്തു വർഷമോ അതിൽ അധികകാലമോ ജീവിക്കും. അങ്ങനെ പട്ടിയുടെ ഭാരവും ആയുസ്സും തമ്മിൽ ബന്ധിപ്പിച്ചുകൂടാ, അത് ഏറെക്കുറെ ഓരോ ഇനത്തിനും വെവ്വേറെ ആയിരിക്കും. വംശഗുണത്തിൽ അധിഷ്ഠിതമായ ആ ആയുഷ്കാലത്തിന്റെ ദൈർഘ്യം, പിന്നെ ബന്ധമുള്ളതാവാൻ ഇടയുള്ളത് ഒരു ജീവിവർഗ്ഗം എന്ന നിലയ്ക്ക്, പരിണാമദശയിൽ ആ പ്രത്യേകയിനം പട്ടിക്ക് നേരിടേണ്ടി വന്നിട്ടുള്ള നിലനില്പിനുള്ള സമ്മർദ്ദമാണ്. എന്നുവെച്ചാൽ, ആ വർഗ്ഗത്തിന്റെ ആക്രമിച്ചു കൊല്ലാൻ സദാ പിന്നാലെ നടക്കുന്ന വേട്ടക്കാരുടെ സാന്നിധ്യമുണ്ടായിരുന്നുവോ ജീവിതത്തിൽ എന്നതിനെ. ഉദാ. ആനകൾ, തിമിംഗലങ്ങൾ എന്നിവയ്ക്ക് നൈസർഗികമായ അധികം വേട്ടക്കാരായ അന്യമൃഗങ്ങളെ നേരിടേണ്ടി വന്നിട്ടില്ല അവയുടെ പരിണാമദശയിലെങ്ങും തന്നെ. അതേ സമയം, ഗപ്പി മീനുകൾ, എലികൾ എന്നിവയോ, സദാ വേട്ടയാടപ്പെട്ട ചരിത്രം മാത്രമുള്ള മൃഗങ്ങളും. അവയുടെ ആയുസ്സിലും അതിന്റെ പ്രതിഫലനമുണ്ട്. 
 

why cant dogs live as long as we humans do? ways to increase the longevity of dogs.

 

 പട്ടികൾ ദീർഘായുസ്സായിരിക്കാൻ എന്തൊക്കെ ചെയ്യണം ?

പട്ടികളുടെ ആയുസ്സ് വർധിപ്പിക്കാൻ എന്ത് ചെയ്യാം എന്നതിനെപ്പറ്റിയും ആവോളം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. അതിന് ഒരു കാരണം, പട്ടികളോട് മനുഷ്യർക്കുള്ള സ്നേഹമാണ്. രണ്ടാമത്തെ കാര്യം, പട്ടികളുടെ ആയുസ്സ് കൂട്ടാനുള്ള പരീക്ഷണങ്ങൾ വിജയിച്ചാൽ, അതേ അടിസ്ഥാന സിദ്ധാന്തം മനുഷ്യരുടെ കാര്യത്തിലും പ്രാവർത്തികമാക്കാമല്ലോ എന്നുള്ള പ്രതീക്ഷയും. ആയുസ്സുകൾ തമ്മിൽ അഞ്ചുമുതൽ പത്തിരട്ടിയുടെ വ്യത്യാസമുണ്ട് എങ്കിലും, അതേ അനുപാതത്തിൽ പട്ടികളും മനുഷ്യരും ഒരേപോലെ കാലമേൽപ്പിക്കുന്ന പേരുകൾക്ക് വശംവദരാണ്. നമ്മളെപ്പോലെ തന്നെ വയസ്സേറുമ്പോൾ പട്ടികളുടെ തൊലി ചുളുങ്ങുന്ന, അവയ്ക്ക് തടിയേറും, വാതം വരും, കേൾവി, കാഴ്ച തുടങ്ങിയവ മങ്ങും എന്തിന്  ഉടമസ്ഥരെപ്പോലെത്തന്നെ പട്ടികൾക്കും വിഷാദരോഗം പോലും  വരാം.  എന്നാൽ, ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത് കഴിഞ്ഞ നാൽപതു വർഷത്തിനിടെ പട്ടികളുടെ ആയുസ്സ് ഇരട്ടിച്ചിട്ടുണ്ട് എന്നാണ്.  

ആയുസ്സുകൂട്ടാൻ ചില മാർഗ്ഗങ്ങൾ

  • കൃത്യമായ അളവിൽ മാത്രം തീറ്റ നൽകുക

പലപ്പോഴും നമ്മൾ നമ്മുടെ പട്ടികൾക്ക് അവർക്ക് ആവശ്യമായതിലും കൂടുതൽ തീറ്റ നൽകും. ഇങ്ങനെ ആവശ്യമില്ലാതെ തിന്ന് തടിവെക്കുന്ന പട്ടികൾക്ക് എളുപ്പത്തിൽ ഹൃദ്രോഗങ്ങൾ വരാം. ഇത് ലാബ്രഡോർ പെട്ടികളിൽ നടത്തിയ ഒരു പഠനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടതാണ്. 
 

why cant dogs live as long as we humans do? ways to increase the longevity of dogs.
 

  • പട്ടികളെ വന്ധ്യംകരിക്കുക 

സ്റ്റെറിലൈസേഷൻ അഥവാ വന്ധ്യംകരണം നടത്തുന്ന പട്ടികൾക്ക് ജീവന് അപകടമായേക്കാവുന്ന അസുഖങ്ങൾ വരാനുള്ള സാധ്യത അത്രയും കുറഞ്ഞിരിക്കും. 1-3 വർഷം പട്ടിയുടെ ആയുസ്സ് കൂട്ടാൻ ഇത് സഹായിക്കും. വളരെ എളുപ്പം, ഏറെ സുരക്ഷിതമായി ഒരു മൃഗഡോക്ടറുടെ സഹായത്തോടെ ചെയ്യാവുന്ന ഈ ശസ്ത്രക്രിയ, നായ്ക്കളെ വൃഷണങ്ങളിൽ ഉണ്ടാകുന്ന കാൻസർ, ഗർഭാശയ കാൻസർ, സ്തനാർബുദം, പ്രോസ്ട്രേറ്റ് കാൻസർ എന്നിവയിൽ നിന്ന് രക്ഷിക്കാൻ സഹായിക്കും. 

  • ദന്തസംരക്ഷണത്തിൽ ശ്രദ്ധിക്കുക

അത്യന്തം അപകടകരമായ പല ബാക്ടീരിയങ്ങളും നായ്ക്കളുടെ രക്തത്തിൽ കലരുന്നത് വേണ്ടത്ര ശ്രദ്ധ ദന്ത പരിചരണത്തിൽ ഇല്ലാത്തതുകൊണ്ടാണ്. അതൊഴിവാക്കാൻ പട്ടിക്കുള്ള പേസ്റ്റും, ബ്രഷും ഉപയോഗിച്ച് അവയ്ക്ക് പല്ലുതേച്ചു നൽകാം.

  • മുടങ്ങാതെ പട്ടികളെ വ്യായാമം ചെയ്യിക്കുക 

ഒരു മൃഗഡോക്ടറുടെ സഹായത്തോടെ പട്ടികൾക്ക് ചേരുന്ന രീതിയിലുള്ള വ്യായാമം അവക്ക് നൽകുക. നിത്യം നടക്കാൻ കൊണ്ടുപോവുക. അവയ്ക്ക് ചെയ്യാവുന്ന ചില്ലറ ഓട്ടവും ചാട്ടവുമെല്ലാം അവയെക്കൊണ്ട് ചെയ്യിക്കുക. ഇത് നിങ്ങളുടെ വളർത്തു നായ്ക്കളുടെ ആയുസ്സിന്റെ  ദൈർഘ്യമേറ്റും. 

  • ഇടയ്ക്കിടെ ആരോഗ്യപരിശോധനകൾ നടത്തുക 

അസുഖങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ വളർത്തുനായ്ക്കൾക്ക് വരാം. അത് നിങ്ങൾക്ക് കണ്ടാൽ തിരിച്ചറിഞ്ഞു എന്നുവരില്ല. അതുകൊണ്ട് നായ്ക്കൾക്ക് ഇടയ്ക്കിടെ ആരോഗ്യപരിശോധനകൾ നടത്തുന്നത് അവയുടെ അസുഖങ്ങൾ സമയസമയത്ത് കണ്ടെത്തി അവ പരിഹരിക്കുന്നതിന് സഹായകരമാകു. 
 

why cant dogs live as long as we humans do? ways to increase the longevity of dogs.
 

  • നായ്ക്കളെ സംഘർഷഭരിതമായ സാഹചര്യത്തിൽ കൊണ്ടെത്തിക്കാതിരിക്കുക 

നമ്മളെപ്പോലെ തന്നെ പരിഭ്രാന്തമാകുന്ന ഒരു മനസ്സുണ്ട് നായ്ക്കൾക്കും. അതുകൊണ്ട് അവയെ പരിധിവിട്ട് വഴക്കു പറയുകയോ, തല്ലുകയോ, അവയെ തെറിവിളിക്കുകയോ ഒന്നും ചെയ്യരുത്. അവഗണിച്ചാൽ പോലും അവയ്ക്ക് അത് തിരിച്ചറിയാനാകും. അവ പലപ്പോഴും ആഗ്രഹിക്കുക നമ്മളിൽ നിന്നുള്ള നേരിയ താലോലിക്കലുകളാകും. അത് സമയാ സമയത്ത് നൽകുക. ഇടക്കൊന്ന് തലയിൽ തലോടുക. അവയോട് സംസാരിക്കുക. സാന്ത്വനിപ്പിക്കുക. ഇതൊക്കെ ചെയ്യുന്നത് അവയുടെ മാനസികാരോഗ്യനില വഷളാകാതെ കാക്കും. 

  • മോശം നിലവാരമുള്ള ഭക്ഷണവും, മരുന്നും, സപ്ലിമെന്റും ഒന്നും വാങ്ങി നൽകാതിരിക്കുക

പട്ടികൾക്ക് നൽകുന്ന ഭക്ഷണം നല്ല നിലവാരമുള്ളതാകാൻ സൂക്ഷിക്കണം. സമീകൃതമായ ആഹാരം അവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.  പഴകിയ ഭക്ഷണം നമ്മളെ ബാധിക്കുന്നപോലെ തന്നെ അവയെയും ബാധിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധ ഭക്ഷണ കാര്യത്തിൽ സ്വീകരിക്കേണ്ടതുണ്ട്. മധുരമില്ലാത്ത തൈര്, ഫിഷ് ഓയിൽ, പെപ്പർമിന്റ്, വെളിച്ചെണ്ണ തുടങ്ങിയവ പട്ടികളുടെ ദഹനവ്യവസ്ഥ, ഹൃദയം, കാർട്ടിലേജ്, ത്വക്ക് തുടങ്ങിയവയ്ക്ക് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. 

വളർത്തു പട്ടി മരിച്ചുപോയാൽ ?

സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയവരുമായി സംസാരിക്കുക. അവർ ആ ദുഃഖത്തെ എങ്ങനെ മറികടന്നു എന്നറിയുന്നത് നിങ്ങളുടെ സങ്കടം കുറയാൻ സഹായകമായേക്കാം. നിങ്ങൾക്ക് സങ്കടമുണ്ടെങ്കിൽ ആ വികാരത്തെ അംഗീകരിക്കാൻ പഠിക്കുക. ആറ്റുനോറ്റു വളർത്തിയ പട്ടി മരിച്ചുപോയതിന്റെ പേരിൽ ഇത്തിരി സങ്കടപ്പെട്ടെന്നുവെച്ച് ഒരു കുറച്ചിലുമില്ല. അത് ആരോടും തുറന്നുപറയുന്നതിൽ ഒരു മാനക്കേടും വിചാരിക്കേണ്ടതില്ല. നിങ്ങളുടെ സങ്കടത്തിന്റെ പേരും പറഞ്ഞ് നിങ്ങളെ പരിഹസിക്കാൻ ഒരാളെയും അനുവദിക്കാതിരിക്കുക. അങ്ങനെ ചെയ്യാൻ ഒരാളെയും സമ്മതിക്കരുത്.
 

why cant dogs live as long as we humans do? ways to increase the longevity of dogs.
 

വർഷങ്ങളോളം ഒരു മൃഗത്തെ പാലും ചോറും നൽകി വളർത്തിയിട്ടില്ലാത്തവർക്ക്, അതിന്റെ സ്നേഹം എന്തെന്ന് അനുഭവിച്ചറിഞ്ഞിട്ടില്ലാത്തവർക്ക് ഒരിക്കലും ആ നഷ്ടത്തിന്റെ ആഴം എന്തെന്ന് ബോധ്യം വരില്ല. നിങ്ങളുടെ പരിസരത്ത് ശ്വാനപ്രേമികളുടെ കൂട്ടായ്മയുണ്ടെങ്കിൽ മരിച്ചിട്ട് വർഷം ഒന്ന് തികയുന്ന സമയത്ത് ചെറിയൊരു ഓർമ്മച്ചടങ്ങും വെക്കാം. മരിക്കാനുളളവർ മരിച്ചു. അതിന്റെ പേരിൽ പട്ടിണി കിടന്ന് സ്വന്തം ആരോഗ്യം വഷളാക്കരുത്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ എന്ന കാര്യം ഓർമിക്കുക. മരിച്ച പട്ടിയുടെ ഓർമയ്ക്ക് മറ്റൊരു പുതിയ പട്ടിയെ സ്വന്തമാക്കി വീണ്ടും അളവില്ലാത്ത ആ സ്നേഹം അനുഭവിച്ചുതുടങ്ങുക. 

" പട്ടികൾക്ക് സംസാരിക്കാനുള്ള കഴിവുണ്ട്, അവർ പറയുന്നത് കേൾക്കും എന്നുറപ്പുള്ളവരോട് മാത്രം" - Orhan Pamuk, My Name Is Red.

Follow Us:
Download App:
  • android
  • ios