സ്ട്രെസ്' അമിതമായി അനുഭവിക്കുമ്പോഴാകട്ടെ, ഒരു വിഭാഗം 'സ്‌ട്രെസ് ഈറ്റിംഗി'ലേക്ക് തിരിയുന്നു. മാനസികസമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ ഒരു വിനോദമെന്ന നിലയില്‍ മാത്രമാണോ ഭക്ഷണത്തെ ഇവര്‍ ആശ്രയിക്കുന്നത്? അങ്ങനെയല്ലെങ്കില്‍ എന്തുകൊണ്ടാണ് 'സ്ട്രെസ്' അനുഭവപ്പെടുമ്പോള്‍ ഭക്ഷണവും അധികമാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

മാനസിക സമ്മര്‍ദ്ദം അഥവാ 'സ്‌ട്രെസ്' ( Mental Stress) അധികരിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ നമ്മള്‍ പലതും പരീക്ഷിച്ചുനോക്കാം. യാത്ര, ഉറക്കം, സംഗീതം, സിനിമ അങ്ങനെ പല ഉപാധികളും നമുക്ക് മുമ്പിലുണ്ട്. എന്നാല്‍ ചിലരുണ്ട്, 'സ്‌ട്രെസ്'നെ അതിജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവര്‍. 'സ്‌ട്രെസ് ഈറ്റിംഗ്' ( Stress Eating ) എന്നാണിതിനെ വിളിക്കുന്നത് തന്നെ. അതായത്, സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി ഭക്ഷണം കഴിക്കുന്നവര്‍.

കൊവിഡ് കാലത്ത് വീട്ടില്‍ തന്നെ തുടരുമ്പോള്‍ മിക്കവരും ഉന്നയിച്ച വിഷയമാണ് വര്‍ധിച്ചുവരുന്ന മാനസികപ്രശ്നങ്ങള്‍. പ്രധാനമായും നിത്യജീവിതവുമായി ബന്ധപ്പെട്ട ആശങ്കകളാണ് അധികപേരെയും അലട്ടിയത്.

ഇത്തരത്തില്‍ 'സ്ട്രെസ്' അമിതമായി അനുഭവിക്കുമ്പോഴാകട്ടെ, ഒരു വിഭാഗം 'സ്‌ട്രെസ് ഈറ്റിംഗി'ലേക്ക് തിരിയുന്നു. മാനസികസമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ ഒരു വിനോദമെന്ന നിലയില്‍ മാത്രമാണോ ഭക്ഷണത്തെ ഇവര്‍ ആശ്രയിക്കുന്നത്? അങ്ങനെയല്ലെങ്കില്‍ എന്തുകൊണ്ടാണ് 'സ്ട്രെസ്' അനുഭവപ്പെടുമ്പോള്‍ ഭക്ഷണവും അധികമാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? 

'സ്‌ട്രെസ് ഈറ്റിംഗ്'....

സമ്മര്‍ദ്ദങ്ങള്‍ അധികരിക്കുമ്പോള്‍ നമ്മള്‍ ശേഖരിച്ചുവച്ചിരുന്ന കലോറി അത്രയും സമ്മര്‍ദ്ദത്തോട് പോരാടാനായി ചിലവിട്ടതായി ശരീരം സ്വയം വിശ്വസിപ്പിക്കുന്നു. അങ്ങനെ വീണ്ടും ഭക്ഷണം ആവശ്യമായി വരുന്ന സാഹചര്യമുണ്ടാകുന്നു.

ഇവിടെ വില്ലനാകുന്നത് 'സ്‌ട്രെസ് ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണ്‍ ആണ്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ അഡ്രിനാല്‍ ഗ്രന്ഥി ഈ ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കും. കോര്‍ട്ടിസോള്‍ ആണെങ്കില്‍ നമ്മുടെ ഉപാപചയ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. അത് എങ്ങനെയെല്ലാം എന്ന് ഒന്ന് മനസിലാക്കാം:

നമ്മുടെ ശരീരം എങ്ങനെയാണ് കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ കൈകാര്യം ചെയ്യുന്നത് എന്നതിനെ ഇത് സ്വാധീനിക്കുന്നു. ഇതിന് പുറമെ ബിപി നിയന്ത്രിക്കുന്നതിലും ഷുഗര്‍ നില ഉയര്‍ത്തുന്നതിലും ഉറക്കത്തെ നിയന്ത്രിക്കുന്നതിലും സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിലുമെല്ലാം കോര്‍ട്ടിസോള്‍ പങ്കാളിയാകുന്നു.

സമ്മര്‍ദ്ദത്തിന്റെ സമയം തീരുമ്പോള്‍ കോര്‍ട്ടിസോള്‍ അളവ് സാധാരണനിലയിലേക്ക് മടങ്ങുകയും ചെയ്യുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദം പഴകിയ സാഹചര്യത്തില്‍ (ക്രോണിക് സ്ട്രെസ്) കോര്‍ട്ടിസോള്‍ അളവ് എപ്പോഴും വര്‍ധിച്ചിരിക്കുകയും അത് ദഹനം തൊട്ട് പ്രത്യുത്പാദനം, ഉറക്കം, ശരീരഭാരം കൂടുന്നത്, തലവേദന, ഹൃദ്രോഗം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നു. 

കോര്‍ട്ടിസോള്‍ അളവ് വര്‍ധിച്ചിരിക്കുമ്പോള്‍ ശരീരത്തിന് ഊര്‍ജ്ജവും കൂടുതലായിരിക്കും. ഇതിനനുസരിച്ച് വിശപ്പും വര്‍ധിക്കാം. അതുപോലെ ഇന്‍സുലിന്‍ ഉത്പാദനം കാര്യക്ഷമമാകുന്നതോടെ രക്തത്തിലെ ഷുഗര്‍നില താഴുന്നു. ഇതും വിശപ്പ് വര്‍ധിപ്പിക്കുന്നു. എന്നുമാത്രമല്ല, മധുരം, കൊഴുപ്പും ഉപ്പും അധികമായി അടങ്ങിയ ഭക്ഷണം, അനാരോഗ്യകരമായ ഭക്ഷണം, കലോറി അധികമായി അടങ്ങിയ ഭക്ഷണം എന്നിവയിലേക്കെല്ലാം ആകര്‍ഷണം കൂടുതലായി പോകുകയും ചെയ്യാം.

ആരോഗ്യകരമായി ഡയറ്റ് ക്രമീകരിക്കുക, വ്യായാമം ചെയ്യുക, യോഗ- 'മൈന്‍ഡ്ഫുള്‍നെസ്' എന്നിവ പരിശീലിക്കുക, ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ ചെയ്യുക എന്നീ കാര്യങ്ങളെല്ലാം മാനസിക സമ്മര്‍ദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തെ ഇല്ലാതാക്കാന്‍ സഹായകമാണ്.

Also Read:- വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് മികച്ച പാനീയങ്ങൾ