മദ്യപിക്കുന്നവരെ ബാധിക്കുന്നതാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവറാകട്ടെ പല കാരണങ്ങള്‍ കൊണ്ടും പിടിപെടാം.
ഫാറ്റി ലിവര്‍ രോഗത്തെ കുറിച്ച് നിങ്ങളെല്ലാം കേട്ടിരിക്കും. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കരളിനെ ബാധിക്കുന്ന രോഗമാണിത്. ഫാറ്റി ലിവര്‍ രോഗം തന്നെ രണ്ട് തരമുണ്ട്. ഒന്ന് ആല്‍ക്കഹോളിക് ഫാറ്റി ലിവറും രണ്ട് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവറും.
മദ്യപിക്കുന്നവരെ ബാധിക്കുന്നതാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവറാകട്ടെ പല കാരണങ്ങള്‍ കൊണ്ടും പിടിപെടാം. പ്രധാനമായും മോശം ജീവിതരീതികളാണ് ഇതിലേക്ക് നമ്മെ നയിക്കുക. ഇത്തരത്തില്‍ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവറിലേക്ക് നമ്മെ നയിച്ചേക്കാവുന്ന നാല് ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്..
മോശം ഭക്ഷണരീതി അഥവാ അനാരോഗ്യകരമായ ഭക്ഷണരീതി തന്നെയാണ് ഫാറ്റി ലിവറിലേക്ക് നയിക്കുന്ന ഒരു ഘടകം. അനാരോഗ്യരകമായ കൊഴുപ്പ്, റിഫൈൻഡ് ഷുഗര്‍, എമിതമായ കലോറി എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നതാണ് പ്രശ്നമാവുക. ഇതിനാല്‍ തന്നെ പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ഫുഡ്സ്, ശീതളപാനീയങ്ങള്‍ എല്ലാം നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് ഉചിതം. ഇവ ക്രമേണ കരളില്‍ കൊഴുപ്പ് നിറയ്ക്കുകയും ഫാറ്റി ലിവര്‍ രോഗത്തിലേക്ക് നയിക്കുകയും ചെയ്യാം.
പഴങ്ങള്‍- പച്ചക്കറികള്‍- പൊടിക്കാത്ത ധാന്യങ്ങള്‍- ലീൻ പ്രോട്ടീൻ എന്നിവയാല്‍ സമ്പന്നമായ ബാലൻസ്ഡ് ആയ ഡയറ്റ് പാലിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ പ്രതിരോധിക്കും.
രണ്ട്...
അലസമായ ജീവിതരീതി അഥവാ വ്യായാമമില്ലായ്മയാണ് ഫാറ്റി ലിവറിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. ഇതും ഫാറ്റി ലിവറിലേക്ക് നമ്മെ നയിക്കാം. പതിവായ വ്യായാമം ശരീരവണ്ണം നിയന്ത്രിക്കാനും പ്രമേഹസാധ്യത കുറയ്ക്കാുനമെല്ലാം നമ്മെ സഹായിക്കുന്നു. ഇതെല്ലാം ഫാറ്റി ലിവര്‍ രോഗത്തെയും പ്രതിരോധിക്കുന്നു.
മൂന്ന്...
മുമ്പേ സൂചിപ്പിച്ചത് പോലെ ശരീരഭാരം അനിയന്ത്രിതമായി കൂടുന്നത് ഫാറ്റി ലിവര്‍ സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് വല്ലാതെ വയര്‍ ചാടുന്ന അവസ്ഥ. കരളിനും കൊഴുപ്പ് കാര്യമായി വന്നടിയാനുള്ള സാഹചര്യം ഇതുണ്ടാക്കുന്നതോടെയാണ് ഫാറ്റി ലിവര്‍ രോഗം പിടിപെടുന്നത്.
നാല്...
പ്രമേഹവും ഫാറ്റി ലിവര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പ്രമേഹരോഗികളില്‍ ആവശ്യമായത്ര ഇൻസുലിൻ ഇല്ലാതാകുന്നതോടെ പാൻക്രിയാസ് കൂടുതല്‍ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിലേക്ക് തിരിയുന്നു. ഈ അധികം വരുന് ഇൻസുലിൻ കരളില്‍ കൊഴുപ്പടിയുന്നതിന് കാരണമാകുന്നു. ഇതാണ് ഫാറ്റി ലിവറിലേക്ക് നയിക്കുന്നത്.
Also Read:- വയറ് കേടായാല്‍ അത് മുഖത്തെയും ബാധിക്കും!; എങ്ങനെയെന്നറിയാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
