Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ജീവനുള്ള ഒരു കോശത്തില്‍ എത്തിയാല്‍ ഇതിന് ജീവന്‍ വയ്ക്കും, വെെറലായി കുറിപ്പ്

ഭൂലോകത്തു കാണുന്ന ഒന്നിനും ഇല്ലാത്ത പ്രത്യേകതയാണ് ഇതിനുള്ളത്. ജീവനുള്ള ഒരു കോശത്തില്‍ എത്തിയാല്‍ ഇതിന് ജീവന്‍ വയ്ക്കും. കോശത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ജീവന്‍ പോകും. എന്തുകൊണ്ടാണ് കൊറോണ അടക്കമുള്ള വൈറസുകള്‍ക്ക് മരുന്നകണ്ടുപിടിക്കാന്‍ കഴിയാത്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു കുറിപ്പ്.

Why medicines are ineffective against corona virus
Author
Trivandrum, First Published Mar 10, 2020, 11:04 AM IST

കൊറോണയുടെ ഭീതിയിലാണ് കേരളം. കൊറോണയുമായി ബന്ധപ്പെട്ട പലതരം ചർച്ചകൾ നടന്നു വരുന്നുണ്ട്. കൊറോണ വൈറസിനെതിരെ മരുന്നുകൾ ഫലപ്രദമല്ലാത്തത് എന്തുകൊണ്ട്. തിരുവനന്തപുരം വനിതാ കോളജിലെ ജന്തുശാസ്ത്രവിഭാഗം മുന്‍ മേധാവി ഡി മോഹന്‍കുമാര്‍ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴേ ചേർക്കുന്നു...

കൊറോണ വൈറസിനെതിരെ എന്ത് കൊണ്ടാണ് മരുന്നില്ലാത്തത്. പരിണാമത്തിന്റെ ഒരു അബദ്ധമാണ് വൈറസുകള്‍. ജീവനുണ്ടോ ഉണ്ട്, എന്നാല്‍ ജീവനില്ലേ ഇല്ല. ഭൂലോകത്ത് കാണുന്ന മറ്റ് ഒന്നിനും ഇല്ലാത്ത ഒരു പ്രത്യേകതയാണിത്. ജീവനുള്ള ഒരു കോശത്തിലെത്തിയാല്‍ വൈറസുകള്‍ക്ക് ജീവന്‍വയ്ക്കും. കോശത്തില്‍ നിന്ന് പുറത്തിറങ്ങിയാലോ ജീവന്‍ പോകും.

 ശ്വസിക്കില്ല, ആഹാരം കഴിക്കില്ല, വിസര്‍ജിക്കില്ല ഒരു അസാധാരണ ജന്മം. വൈറസ് എന്നത് പൊതിഞ്ഞ് വച്ചിരിക്കുന്ന ഒരു ഡിഎന്‍എ അല്ലെങ്കില്‍ ആര്‍എന്‍എ മാത്രമാണ്. പ്രോട്ടീന്‍ ചെപ്പിനുള്ളില്‍ ഒരു ഡിഎന്‍എ മാത്രം. ഡിഎന്‍എ ഉള്ളതിനെ ഡിഎന്‍എ വൈറസ് എന്നും ആര്‍എന്‍എ ഉള്ളതിനെ ആര്‍എന്‍എ വൈറസ് എന്നും പറയുന്നു. എല്ലാ ജീവികളുടെയും ജനിതക വസ്തുവാണ് ഡിഎന്‍എ എന്ന് പറയുന്നത്.

 ഡിഎന്‍എയുടെ നിര്‍ദേശം അനുസരിച്ച് കോശത്തിനുള്ളില്‍ പ്രോട്ടീന്‍ ഉണ്ടാക്കലാണ് ന്യൂക്ലിയസിന് പുറത്ത് കാണുന്ന ആര്‍എന്‍എയുടെ ജോലി. മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തില്‍ പെട്ട് പോകുന്നവരാണ് ഈ വൈറസുകള്‍. ജീവനുള്ള കോശത്തെ കാണുമ്പോള്‍ വൈറസുകള്‍ക്ക് ജീവന്‍ വയ്ക്കും.

ഉള്ളില്‍ കയറിയ വൈറല്‍ ഡിഎന്‍എ കോശത്തിന്റെ ഡിഎന്‍എയെ ഒതുക്കി ഇരുപ്പുറയ്ക്കുന്നു. ശേഷം ആര്‍എന്‍എ പ്രോട്ടീന്‍ ചെപ്പുകള്‍ നിര്‍മ്മിക്കുന്നു. ഇതിനിടയില്‍ വൈറല്‍ ഡിഎന്‍എ ഓരോ പ്രോട്ടീന്‍ ചെപ്പിനുള്ളിലും കയറുന്നു. കോശം നിറയെ കുഞ്ഞ് വൈറസുകള്‍ നിറയും. അവ കോശത്തെ പൊളിച്ച് പുറത്തിറങ്ങും. ഇവ മറ്റ് കോശങ്ങളില്‍ ഇതേ ആക്രമണം അഴിച്ചുവിടും. 

ഒരു ഒറ്റ വൈറസില്‍ നിന്നും ലക്ഷകണക്കിന് വൈറസുകള്‍ ഉണ്ടാകുന്നു. ഇങ്ങനെ വൈറസുകള്‍ പെറ്റുപെരുകുന്ന കാലത്തെയാണ് incubation period എന്ന് വിളിക്കുന്നത്.ഇവയെല്ലാം കൂടി ശരീരകോശങ്ങളെ ആക്രമിച്ച് രോഗം കടക്കുന്നു. എന്നാല്‍ മാരകമായ കൊറോണ വൈറസും നിപ്പ വൈറസും എല്ലാം ഡിഎന്‍എ വൈറസ് അല്ല പകരം ആര്‍എന്‍എ വൈറസുകളാണ്. ഇവ കോശങ്ങള്‍ക്കുള്ളിലേക്ക് കയറിയാല്‍ കോശങ്ങളിലെ ഡിഎന്‍എയെ ഒതുക്കി സ്വയം കോശങ്ങളിലെ പ്രോട്ടീനെടുത്ത് കൂടുകള്‍ പണിയാന്‍ തുടങ്ങുന്നു. 

വൈറസിനെതിരെ മരുന്നുകള്‍ ഉണ്ടാക്കാനുള്ള പരിമിധി അവയുടെ ഈ സ്വഭാവം കാരണമാണ്. വൈറസുകള്‍ ബാക്ടീരിയകളെ പോലെ ഒരു ജീവിയല്ല. അതിലുള്ളത് ആര്‍എന്‍എയോ ഡിഎന്‍എയോ മാത്രം. അവയാണെങ്കില്‍ നമ്മുടെ ശരീരത്തിലെ ഡിഎന്‍എയോ ആര്‍എന്‍എയോ പോലെയാണ് രൂപം. ഈ വൈറസുകളെ നശിപ്പിക്കാനുള്ള മരുന്ന് ഉണ്ടാക്കിയാലോ അവ നശിപ്പിക്കുക രോഗിയുടെ ആര്‍എന്‍എയും ഡിഎന്‍എയുമായിരിക്കും.

രോഗപ്രതിരോധ ശേഷിയുള്ള ശരീരത്തിലെ പ്രതിരോധ ഘടകമായ ആന്റിബോഡികളെ ഇറക്കി ശരീരം ഈ വൈറസുകളെ തുരത്തി ഓടിക്കുന്നു. അത് കൊണ്ടാണ് മാരകമായ കൊറോണ വൈറസുകള്‍ രോഗപ്രതിരോധ ശേഷി ഉള്ളവര്‍ക്ക് വെറുമൊരു ജലദോഷം വന്ന് പോകുമെന്ന് പറയുന്നത്. അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ചാല്‍ കൊറോണയെ തടയാനാകും. 

Follow Us:
Download App:
  • android
  • ios