കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പ്രതിരോധമാര്‍ഗമെന്നോണമാണ് മറ്റ് പല രാജ്യങ്ങള്‍ക്കുമൊപ്പം നമ്മുടെ രാജ്യവും ലോക്ഡൗണ്‍ എന്ന കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. വലിയ വ്യത്യാസങ്ങളാണ് ഈ കാലത്ത് നാം അനുഭവിക്കുന്നത്. പലരും ജോലിയില്‍ നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു. സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഒരു വിഭാഗം ആളുകള്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാന്‍ തുടങ്ങി. 

ഇങ്ങനെ, ലോക്ഡൗണിന് മുമ്പും ശേഷവും എന്ന തരത്തില്‍ ജീവതത്തെ രണ്ടായി കാണാന്‍ പ്രേരിപ്പിക്കുന്ന മാറ്റങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. സാധാരണദിവസങ്ങളെ അപേക്ഷിച്ച് തിരക്കും ഉത്തരവാദിത്തവും കുറഞ്ഞ ദിവസങ്ങളാണ് ലോക്ഡൗണ്‍ കാലത്തിലേത്. മിക്കവരും വീട്ടില്‍ വെറുതെയിരിക്കുന്ന സാഹചര്യം പോലുമാണ്. എന്നിട്ടും പതിവില്‍ക്കവിഞ്ഞ ക്ഷീണവും നിരാശയും തോന്നുന്നവര്‍ കുറവല്ലെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.

വെറുതെ സോഷ്യല്‍ മീഡിയയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ത്തന്നെ ഇക്കാര്യം വ്യക്തമാകും. പലരും നിരാശയെക്കുറിച്ചും, ആശങ്കകളെക്കുറിച്ചും, അലസതയെക്കുറിച്ചുമെല്ലാമാണ് സംസാരിക്കുന്നത്. കാര്യമായി ജോലിയും മറ്റ് പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ തന്നെ ഇങ്ങനെ ക്ഷീണവും അലസതയും സങ്കടവുമെല്ലാം തോന്നുന്നതിന് പിന്നിലെ രഹസ്യമെന്തായിരിക്കും!

 

 

സംശയം വേണ്ട, ശാരീരികമായ കാരണങ്ങളല്ല മറിച്ച് മാനസികമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. രോഗത്തെ കുറിച്ചുള്ള ഭയം മാത്രമല്ല, അതിജീവനത്തെക്കുറിച്ചുള്ള ആധിയും ഉത്കണ്ഠയും ധാരാളം ആളുകളെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

പ്രശസ്തമായ 'ദ കുബ്ലര്‍ റോസ് ചെയ്ഞ്ച് കര്‍വ്' ആണ് മനോരോഗ വിദഗ്ധര്‍ ഇത് സമര്‍ത്ഥിക്കുന്നതിനായി എടുത്ത് കാണിക്കുന്നത്. 1960കളില്‍ പ്രമുഖ സ്വിസ്- അമേരിക്കന്‍ സൈക്യാട്രിസ്റ്റായ എലിസബത്ത് കുബ്ലര്‍ റോസ്് നമ്മുടെ വൈകാരികാവസ്ഥകളുടെ വ്യതിയാനങ്ങളെ രേഖപ്പെടുത്താന്‍ നിര്‍മ്മിച്ച ഗ്രാഫാണ് 'ദ കുബ്ലര്‍ റോസ് ചെയ്ഞ്ച് കര്‍വ്' ആയി അറിയപ്പെടുന്നത്. 

മരണത്തെക്കുറിച്ചോ അതിജീവനത്തെക്കുറിച്ചോ കഠിനമായ ആശങ്കയനുഭവിക്കുന്ന ഒരാള്‍, അല്ലെങ്കില്‍ ഇവയ്ക്ക് സമാനമായ ഏതെങ്കിലും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരാള്‍ അനുഭവിക്കുന്ന വൈകാരികാവസ്ഥകളുടെ വിവിധ ഘട്ടങ്ങളാണ് ഇതില്‍ വിശദീകരിക്കുന്നത്. ആദ്യത്തേത്, കടന്നുവന്ന പ്രശ്‌നത്തില്‍ 'ഷോക്ക്' അഥവാ ഞെട്ടല്‍ ഉളവാകുന്ന ഘട്ടമാണ്. രണ്ടാമത്തേത് പ്രശ്‌നത്തോട് മുഖം തിരിക്കുന്ന ഘട്ടം. പ്രശ്‌നം നിലനില്‍ക്കുന്നില്ലെന്ന് വരെ ഈ ഘട്ടത്തില്‍ സ്വയം വാദിച്ചേക്കാം. മൂന്നാമത്തേത്, പ്രശ്‌നത്തിന് മുകളിലുണ്ടാകുന്ന ദേഷ്യം, ഇച്ഛാഭംഗം എന്നിവയുടേത്. നാലാമത്തേത് നിരാശയുടെ അവസ്ഥ. അഞ്ചാം ഘട്ടത്തില്‍ നിരാശയെ മറികടക്കാനുള്ള പരിശ്രമങ്ങളുടേതാണ്. ആറാം ഘട്ടമാകുമ്പോള്‍ പുതിയ സാഹചര്യങ്ങളെ എങ്ങനെയെല്ലാം മറികടക്കണമെന്ന പഠനമാണ്. ഏഴാം ഘട്ടമെത്തിയാല്‍ ഏത് പ്രതിസന്ധിയിലും മുന്നോട്ടുപോവുകയെന്ന നിശ്ചയദാര്‍ഢ്യമാണ്. 

 

 

കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ ആളുകള്‍ ഈ ഗ്രാഫിലെ ഏത് ഘട്ടത്തിലുമാകാം നില്‍ക്കുന്നതെന്ന് മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പലരും പല ഘട്ടങ്ങളിലായിരിക്കും, അതിനാല്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും സ്വാഭാവികം.

Also Read:- ഈ കൊറോണക്കാലത്ത് പകലുറക്കം നിയന്ത്രിക്കണമെന്ന് പറയുന്നതിന്റെ കാരണം; സൈക്കോളജിസ്റ്റ് എഴുതുന്നു...

'ഓരോരുത്തര്‍ക്കും നാം ഈ ഗ്രാഫിലെ ഏത് ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നതെന്ന് സ്വയം പരിശോധിക്കാം. അത് വളരെ പ്രധാനമാണ്. ചുറ്റമുള്ളവര്‍ എവിടെ നില്‍ക്കുന്നുവെന്നും നിരീക്ഷിക്കാം. പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ഈ പഠനം അനിവാര്യമാണ്. നിരാശയുടെ ഘട്ടം അല്‍പം കഠിനമാണ്. അവിടെ വച്ച് നമ്മളനുഭവിക്കുന്ന ക്ഷീണവും തളര്‍ച്ചയും അത്ര തന്നെ കഠിനമാകും. എന്നാല്‍ അതിജീവിക്കാനുള്ള എല്ലാവിധ പരിശ്രമങ്ങളും നമ്മള്‍ നടത്തണം. ഈ സമയവും തീര്‍ച്ചയായും കടന്നുപോകും, എല്ലാക്കാലവും ഒരുപോലെ ആയിരിക്കില്ല എന്നത് മനസിലുറപ്പിക്കണം..'- ഇംഗ്ലണ്ടില്‍ നിന്നുള്ള പ്രമുഖ ലൈഫ് കോച്ചായ ഏയ്ഞ്ചല കോക്‌സ് പറയുന്നു. 

 

 

പ്രശ്‌നങ്ങളില്‍ പതറുന്നതും നിരാശപ്പെടുന്നതും എല്ലാം സ്വാഭാവികമാണെന്നും എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോവുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. കൊവിഡ് 19, ചരിത്രം കണ്ട തിരിച്ചടിയാണ്. അത് നമ്മുടെ ജീവിതാവസ്ഥകളെ പല തരത്തില്‍ ബാധിച്ചേക്കാം. ആ വസ്തുതയെ അറിയുകയും, മനസിലാക്കുകയും അതിനെ അഭിസംബോധന ചെയ്യുകയും ആകുമ്പോഴാണ് നമ്മള്‍ പ്രതിസന്ധിയെ അതിജീവിച്ചവരാകുന്നത്. ഒരിക്കലും നിരാശയുടെ ഘട്ടത്തില്‍ നിന്നുപോകാതെ പൊരുതാന്‍ ഈ ഗ്രാഫ് ഒരു പ്രചോദനവും ആകട്ടെ.

Also Read:- 'വിഷാദത്തിലാണോ? വിളിക്കൂ, കേള്‍വിക്കാരിയാകാം'; വീഡിയോ പങ്കുവെച്ച് അശ്വതി...