പലരും രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പിക്കുന്നില്ല. ഇതൊരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും ക്രമേണ നിങ്ങളെ നയിക്കാം

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒരുപാട് അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും ശരീരത്തിനും മനസിനും ഉന്മേഷം പകരുന്നതിനും ഉത്പാദനക്ഷമതയ്ക്കും സ്ട്രെസ് അകറ്റുന്നതിനുമെല്ലാം വ്യായാമം നമ്മെ സഹായിക്കുന്നു. പക്ഷേ വ്യായാമം ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയോടൊപ്പം തന്നെ മറ്റ് ചില കാര്യങ്ങള്‍ കൂടി നാം നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.

ഭക്ഷണവും ഉറക്കവും തന്നെ ഇത്തരത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട രണ്ട് ഘടകങ്ങള്‍. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടര്‍ന്നില്ലെങ്കില്‍ വ്യായാമം കൊണ്ട് മാത്രം ആരോഗ്യത്തെ പിടിച്ചുനിര്‍ത്താമെന്ന് ചിന്തിക്കരുത്. 

അതുപോലെ തന്നെ ഉറക്കവും ഏറെ പ്രധാനമാണ്. ഇന്ന് പലരും രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പിക്കുന്നില്ല. ഇതൊരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും ക്രമേണ നിങ്ങളെ നയിക്കാം. ഇങ്ങനെ ഉറക്കം നേരാംവണ്ണം കിട്ടാതെ വ്യായാമം ചെയ്യുന്നത് കൊണ്ട് ഫലവുമില്ല. ഇക്കാര്യം വിശദീകരിക്കുകയാണ് ഐഎംഎ (ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ) സംസ്ഥാന പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു. 

തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഡോ. സുല്‍ഫി നൂഹു ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

ഉറങ്ങാതെ ഓടുന്നവരോട് 

നാല് മണിക്കൂറും അഞ്ച് മണിക്കൂറും മാത്രം ഉറങ്ങി അതിരാവിലയെണീറ്റ്, ഓടുന്നവരോടാണ്, നടക്കുന്നവരോടാണ്!

ഫൈവ് എ എം ക്ലബ് ഒക്കെ നല്ലതാണ്. പക്ഷേ എട്ട് മണിക്കൂർ കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങിയിട്ട് മതി 5 എ എം ക്ലബ് ഒക്കെ. ഉറക്കം ആരോഗ്യമാണെന്ന്, പറഞ്ഞ് തഴമ്പിച്ച ആ പഴയ തള്ള് വീണ്ടും വീണ്ടും പറഞ്ഞു വയ്ക്കാതെ വയ്യ. 

ഇന്നലെ കേട്ട ഒരു കഥ. 40 വയസ്സുകാരൻ. 24 മണിക്കൂറിൽ 16 മണിക്കൂർ ജോലി. നാല് മണിക്കൂർ ഉറക്കം. ഒരു മണിക്കൂർ നടത്തണം. ആഹാരം കഴിക്കാനും കുളിക്കാനും പോലും സമയമില്ല. ജോലിചെയ്യുന്ന 16 മണിക്കൂറിൽ ഏതാണ്ട് മുഴുവൻ ഭാഗവും കടുത്ത സ്ട്രസ്സ്. രോഗങ്ങൾ വന്നപ്പോഴാണ് തിരിച്ചറിവ്. ഉറക്കം തലച്ചോറിനെയും സർവ്വ നാഡി ഞരമ്പുകളെയും മനസ്സിനെയും സർവ്വതിനെയും യുവത്വത്തിൽ തന്നെ നിലനിർത്തും.

ഏഴ്- എട്ട് മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ പിന്നെ രണ്ട് മണിക്കൂറോ അഞ്ചുമണിക്കൂറോ നടന്നിട്ടും ഒരു കാര്യവുമില്ല. ഈ അടുത്തകാലത്ത് ഒരു സൂപ്പർസ്റ്റാറിന്‍റെ വീരവാദം കേൾക്കാനിടയായി. അദ്ദേഹം അതിരാവിലെ രണ്ടുമണിക്ക് കിടന്നാലും നാലുമണിക്ക് ഓടാൻ പോകുമത്രേ. സൂപ്പർസ്റ്റാർ സാർ ആയാലും എട്ടു മണിക്കൂർ ഉറങ്ങണം, കുറഞ്ഞത് ഏഴ്. ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും.

ഉറക്കത്തിന്‍റെ എല്ലാ ഘട്ടങ്ങളിലൂടെയും നല്ലോണം കടന്നുപോണം. ഓർമ്മശക്തിയും ബുദ്ധിശക്തിയും ശരീരവും മനസ്സും സർവ്വതും രോഗവിമുക്തമാകും. രോഗ പ്രതിരോധശേഷിയെങ്കിലും കൂടും. ഇന്നലെയും കൂടി ഇമ്മ്യൂണിറ്റി കൂട്ടാൻ ഗുളിക തപ്പി ഒരു ഐടി ചേട്ടൻ എത്തിയിരുന്നു. പോയി ഉറങ്ങടോ എന്ന് ഞാൻ പറഞ്ഞു.

ഏറ്റവും വലിയ ഇമ്മ്യൂണിറ്റി ഗുളിക ഉറക്കമാണ്. അതില്ലാതെ അതിരാവിലെ എണീറ്റ് നടന്നിട്ടും ഓടിയിട്ടും കാര്യമില്ല. തരികിട ഇമ്മ്യൂണിറ്റി ഗുളിക കഴിച്ചിട്ടും കാര്യവുമില്ല. ആദ്യം ഉറക്കം, പിന്നീട് നടത്തം! ഉറങ്ങാതെ ഓടുന്നവർ സൂക്ഷിച്ചോളൂ!..

Also Read:- നടി കനകലതയെ ബാധിച്ച രോഗം; ആദ്യം കണ്ടത് ഉറക്കമില്ലായ്മ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo