കൊറോണ വൈറസിന് മുന്നിൽ ലോകമാകെ പേടിച്ചരണ്ടുനിൽക്കുകയാണ്. കൊവിഡ് 19 എന്ന മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍, തീരാ ദുരിതത്തിലായ മറ്റൊരു വിഭാഗം രോഗികളുണ്ട്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടി കൊണ്ടിരുന്നവരാണ്  അക്കൂട്ടത്തിലേറെയും. യുകെ സ്വദേശിനിയായ സാലിയും അത്തരത്തില്‍ ദുരിതം അനുഭവിക്കുകയാണ് ഇപ്പോള്‍. 

ചികിത്സ നിര്‍ത്തിയതോടെ ബ്രെസ്റ്റ് ക്യാന്‍സര്‍ ഇനിയും പടരുമോ എന്ന ആശങ്കയില്‍ കണ്ണീരോടെ കഴിയുകയാണ് സാലി. ചാനല്‍ ഫോര്‍ തയ്യാറാക്കിയ ഡോക്യുമെന്‍ററിയിലാണ് സാലി തന്‍റെ കഥ പറയുന്നത്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ രണ്ട് മില്യണ്‍ ഓപ്പറേഷനുകളാണ് ലോകമാകെ മാറ്റി വയ്‌ക്കേണ്ടി വന്നത്. അതിലൊന്നാണ് സാലിയുടേതും.

ലോക്ക്ഡൗണിന് ഒരാഴ്ച മുന്‍പാണ് സാലിക്ക് രോഗം കണ്ടെത്തിയത്. 'എന്റെ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു..' സാലി കണ്ണീരടക്കികൊണ്ട് വീഡിയോയില്‍ പറഞ്ഞു.

'ക്യാന്‍സര്‍ കൂടുതലായി ശരീരത്തില്‍ പടരുമോ എന്നാണ് എന്‍റെ ഭയം. കൊറോണ എന്നെ ബാധിച്ചില്ല, പകരം പിടികൂടിയത് ക്യാന്‍സറാണ്. ആരാണ് എന്നെ കൊണ്ടുപോകുക എന്ന് അറിയില്ല'- സാലി പറയുന്നു. എനിക്കിനി എത്ര സമയമുണ്ടെന്ന് അറിയില്ലെന്നും സാലി വീഡിയോയിലൂടെ പറയുന്നു.

ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലാണ് യുകെ.  സാലിയെപ്പോലെ വീടിനുള്ളില്‍ അടച്ചു കഴിയേണ്ടി വന്ന പലതരം രോഗങ്ങളുള്ള ആളുകളെയും ഒറ്റപ്പെട്ടുപോയ പ്രായമായവരെയും ഡോക്യൂമെന്‍ററിയില്‍ കാണിക്കുന്നുണ്ട്.

 'ഓള്‍ഡ്, എലോണ്‍ ആന്‍ഡ് സ്റ്റക് അറ്റ് ഹോം' എന്നാണ് ഡോക്യുമെന്‍ററിയുടെ പേര് . കരളലിയിക്കുന്ന വീഡിയോ എന്നാണ് പലരും ഡോക്യുമെന്‍ററിയെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. 

Also Read: 'അസ്ഥി നുറുങ്ങുന്ന വേദനയ്ക്ക് തിരശീല വീണു'; വൈറലായി കുറിപ്പ്...