ഭാര്യയ്ക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ തളരാതെ പിന്തുണയോടെ ധനേഷ് ഒപ്പമുണ്ടായിരുന്നു.  കോഴിക്കോട് സ്വദേശിയായ ധനേഷ് തന്നെയാണ് ഭാര്യ ബിജ്മയെ കുറിച്ചും കാന്‍സര്‍ രോഗം അവരെ ബാധിച്ചത് എങ്ങനെ എന്നും മുന്‍പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇരുവരെയും സോഷ്യല്‍ മീഡിയക്ക് പരിചിതമാണ്. ഇപ്പോഴിതാ ജീവിതം സാധാരണ നിലയിലേക്കെത്തുന്നതിന്‍റെ സൂചന കിട്ടിയപ്പോള്‍ ആ സന്തോഷവും ധനേഷ് പങ്കുവയ്ക്കുകയാണ്. 

'നിങ്ങളുടെയൊക്കെ കണ്ണീരുവീണ പ്രാർത്ഥനയ്ക്ക് ഫലം കണ്ടുതുടങ്ങിയിക്കുന്നു, വീണ്ടും ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിനുള്ള കാലം വിദൂരമല്ല. അർബുദത്തിന്‍റെ വിത്തുകൾ അവളിലെ അസ്ഥികളിൽ വേരുറപ്പിച്ചോ എന്നായിരുന്നു സംശയവും ചിന്തയും. എന്നാല്‍ ഇന്നതിനൊരു തിരശീല വീണു '- ധനേഷിന്‍റെ വാക്കുകള്‍ ഇങ്ങനെ. 

Also Read: കാൻസർ ബാധിതർ കൊവിഡ് പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം, കാരണം ഇതാണ്...

ഭാര്യയ്ക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞ അന്ന് പങ്കുവച്ച അതേ ചിത്രം തന്നെ വീണ്ടും പങ്കുവച്ചാണ് ധനേഷ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. 

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ഈ ഫോട്ടോതന്നെ വീണ്ടും ഇട്ടതെന്താണെന്നായിരിക്കും നിങ്ങളെല്ലാവരും ചിന്തിക്കുന്നത് അല്ലെ..? അതിനൊരു കാരണമുണ്ട്... ഞങ്ങളെ നിങ്ങളെല്ലാവരും പ്രാർത്ഥനകൊണ്ടും സ്നേഹംകൊണ്ടും നെഞ്ചിലേറ്റിയ ഫോട്ടോ ആയതുകൊണ്ടാണ് ഇതുതന്നെ ഇപ്പോൾ വീണ്ടുംതിരഞ്ഞെടുത്തത്... എന്‍റെ പത്നിക്ക് കാൻസറാണെന്ന് ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ഈ ഫോട്ടോയിലെ മുഖമായിരുന്നു നിങ്ങളെല്ലാവരും കണ്ടതും സ്നേഹിച്ചതും... ഇതുപോലെത്തന്നെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരണമേ എന്നായിരിന്നു നിങ്ങളെല്ലാവരും ആഗ്രഹിച്ചതും നെഞ്ചുരുകിപ്രാർത്ഥിച്ചതും....

"എങ്കിൽ ഏറ്റവും സന്തോഷംനിറഞ്ഞ കാര്യം പറയട്ടെ"

നിങ്ങളുടെയൊക്കെ കണ്ണീരുവീണ പ്രാർത്ഥനയ്ക്ക് ഫലം കണ്ടുതുടങ്ങിയിക്കുന്നു, വീണ്ടും പഴയപോലെ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിനുള്ള കാലം വിദൂരമല്ല...കൈയെത്തും ദൂരെ മാത്രമായി ഇന്നെത്തിനിൽക്കുകയാണ് പഴയജീവിതം .....എല്ലാം നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും സ്നേഹവും പ്രാർത്ഥനകൊണ്ടും മാത്രമാണ്....

അസുഖമറിഞ്ഞപ്പോൾ കാൻസറിനെ പ്രതിരോധിക്കാൻ പതിനേഴു കീമോയും 25റേഡിയേഷനുമായിരുന്നു ഞങ്ങൾക്ക് മുന്നിൽ വെല്ലുവിളിയായി നിരന്നുനിന്നത്....നേരിടാനുള്ള ധൈര്യം പകർന്നുതന്നത് നിങ്ങളും... അതിൽ പത്തുകീമോയും 25റേഡിയേഷനും വളരെ പ്രയാസ്സത്തോടെയും പ്രാർത്ഥനയോടെയും വേദന സഹിച്ചും ഏറ്റുവാങ്ങി.... ബാക്കി 7കീമോ വേണ്ടിവരില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യംവച്ചു വിലയിരുത്തുന്നത്....ചിലപ്പോൾ 7കീമോ എന്നുള്ളത് രണ്ടോ മൂന്നോ കീമോയിൽ ചുരുങ്ങാൻ ഇടയുണ്ട്.... എങ്കിലും കീമോട്രീറ്റ്മെന്റ് ചുരുങ്ങിയകാലംകൂടെ ഉണ്ടാവും.... ഒരുമാസത്തോളമായി അവൾക്ക് അസ്ഥികളിൽ വേദന ദുസ്സഹനീയമായിട്ട്..... സഹിക്കാൻ പറ്റാവുന്നതിലുമപ്പുറമായിരുന്നു വേദനയുടെ കടുപ്പം... ആ വേദനയെ വളരെ ഭയപ്പാടോടെയായിരുന്നു ഞങ്ങൾ നോക്കികണ്ടതും...
 അർബുദത്തിന്റെ വിത്തുകൾ അവളിലെ അസ്ഥികളിൽ വേരുറപ്പിച്ചോ എന്നായിരുന്നു സംശയവും ചിന്തയും... എങ്കിലും ഇന്നതിനൊരു തിരശീലവീണു....

വളരെ ആശ്വാസകരമായിട്ടുള്ള പ്രതീക്ഷയുടെ പുതിയ വാർത്ത....ബോൺ സ്കാനിംഗ്‌ നടത്തി. സ്കാനിംഗ്‌ കഴിഞ്ഞു റിസൽട്ട് കയ്യിൽകിട്ടുന്നതുവരെ തീയായിരുന്നു മനസ്സിൽ.... ഉള്ളുരുകി വിളിക്കാത്ത ദൈവങ്ങളില്ല....പക്ഷെ നമ്മുടെയെല്ലാവരുടെയും പ്രാർത്ഥന ഒരുമിച്ചങ്ങു ഫലിച്ചു....ദൈവത്തിനു നമ്മുടെയൊക്കെ പ്രാർത്ഥന തള്ളിക്കളയാൻ പറ്റിയില്ല...അതിനുള്ള ഉത്തരമാണ് ഈ റിസൽട്ട്...അവളുടെ അസ്ഥികളിൽ ഒന്ന് ചുംബിക്കാൻപോലും അർബുദത്തിന് സാധിച്ചിട്ടില്ല.... ഒരു പോറൽപോലും ഏറ്റിട്ടില്ല എന്നുതന്നെ പറയാം....

പിന്നെ ശരീരത്തിൽ നിലവിലുണ്ടായ അർബുദവേരുകൾ ചുരുങ്ങിയമാസങ്ങൾകൊണ്ട് പടിയിറക്കാനാവുമെന്നതാണ് മറ്റൊരു സന്തോഷവാർത്ത...അനുഭവങ്ങളുടെ കെട്ടുകഥകൾ വീണ്ടും ഓർമിപ്പിക്കുന്നില്ല.... കാരണം ഇതൊരു സന്തോഷംനിറഞ്ഞ നിമിഷമാണ്....അവളുടെ തിരിച്ചുവരവിനായി കാത്തിരുന്ന നിങ്ങളുടെഎല്ലാവരുടെയും അവകാശപ്പെട്ട നിമിഷം....ചില സന്തോഷങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നൊക്കെ പറയാറില്ലേ നമ്മൾ.... അതെ സത്യമാണ് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോ എനിക്ക്....ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു !!!! അവളെ തിരിച്ചുതന്നത് നിങ്ങളാണെന്ന് വിളിച്ചുപറയുമെന്ന് ... ഇന്ന് ഞാൻ നിവർന്ന നട്ടെല്ലോടെ തലയുയർത്തിപിടിച്ചു നെഞ്ചിൽ കൈവച്ചുപറയുന്നു..... ""അവളെ ഞങ്ങൾക്ക് തിരിച്ചുതന്നത് നിങ്ങൾതന്നെയാണെന്ന്""..... വെറുമൊരു നന്ദിവാക്കിൽ ഒതുക്കാനൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല....എല്ലാവരോടും നിറഞ്ഞ സ്നേഹത്തോടെ...