ഇവര്‍ ആസ്ത്മ ബാധിതയായിരുന്നുവെന്നും വാക്‌സിനെടുക്കുമ്പോള്‍ ഈ വിവരം അറിയിച്ചിരുന്നുവെങ്കില്‍ മെഡിക്കല്‍ സംഘം ഇക്കാര്യം കണക്കിലെടുത്തില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. വാക്‌സിനെടുത്ത് രണ്ട് ദിവസത്തിനകം തന്നെ ഇവര്‍ക്ക് കടുത്ത അലര്‍ജിയുണ്ടാവുകയായിരുന്നു

കൊവിഡ് വാക്‌സിനെടുത്ത് ഒരാഴ്ചയ്ക്കകം അംഗന്‍വാടി ജീവനക്കാരി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം രംഗത്ത്. മണിപ്പൂരിലാണ് സംഭവം. ഫെബ്രുവരി 12ന് കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച നാല്‍പത്തിയെട്ടുകാരി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരിക്കുകയായിരുന്നു. 

ഇവര്‍ ആസ്ത്മ ബാധിതയായിരുന്നുവെന്നും വാക്‌സിനെടുക്കുമ്പോള്‍ ഈ വിവരം അറിയിച്ചിരുന്നുവെങ്കില്‍ മെഡിക്കല്‍ സംഘം ഇക്കാര്യം കണക്കിലെടുത്തില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. വാക്‌സിനെടുത്ത് രണ്ട് ദിവസത്തിനകം തന്നെ ഇവര്‍ക്ക് കടുത്ത അലര്‍ജിയുണ്ടാവുകയായിരുന്നു. 

അലര്‍ജിക്ക് പിന്നാലെ പനിയും ഇവരെ പിടികൂടി. എന്നാല്‍ ആശുപത്രിയില്‍ പോകാതെ സാധാരണ അലര്‍ജി വരുമ്പോള്‍ കഴിക്കുന്ന മരുന്ന് വാങ്ങി കഴിക്കുകയായിരുന്നു. തുടര്‍ന്നും പനിയും അലര്‍ജിയും മാറാതിരുന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകാതെ തന്നെ ഇവരുടെ ആരോഗ്യനില മോശമാവുകയും വെള്ളിയാഴ്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. വാക്‌സിനെടുത്ത മെഡിക്കല്‍ സംഘത്തിന്റെ അശ്രദ്ധയാണ് ഇവരെ മരണത്തിലേക്കെത്തിച്ചതെന്ന വാദവുമായി ഇപ്പോള്‍ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്. 

കുടുംബത്തിന്റെ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതുവരെ രാജ്യത്ത് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നങ്ങളുണ്ടായവരുടെ എണ്ണം വളരെ കുറവാണ്. വാക്‌സിനേഷന്‍ സംബന്ധിച്ച് അധിക ആശങ്കകള്‍ വേണ്ടെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു. 

Also Read:- 19 ആരോഗ്യപ്രവര്‍ത്തകരുടെ മരണം; വാക്‌സിനുമായി ബന്ധമുള്ളതായി തെളിവില്ലെന്ന് കേന്ദ്രം...