വിസ്‌കിയും കോളയും കലര്‍ത്തി മദ്യപിച്ചുകൊണ്ടിരിക്കേ, ലൂക്കാസ് ഹാളിലെ സോഫയില്‍ തന്നെ കിടന്നുറങ്ങി. ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ മകളുമായി എന്തോ സംസാരിക്കുന്ന മോണിക്കയെ ആണ് കണ്ടത്...

ഭര്‍ത്താവിനും പന്ത്രണ്ടുകാരിയായ മകള്‍ക്കുമൊപ്പം ഗ്രേറ്റെര്‍ മാഞ്ചെസ്റ്ററിലെ ലേയിലായിരുന്നു മോണിക്ക എന്ന ഇരുപത്തിയൊമ്പതുകാരി താമസിച്ചിരുന്നത്. മിക്ക അവധിദിവസങ്ങളിലും മോണിക്ക, ഭര്‍ത്താവ് ലൂക്കാസിനൊപ്പം മദ്യപിക്കുമായിരുന്നു. 

അങ്ങനെയാണ് അന്നും അവര്‍ മദ്യപിച്ചത്. വിസ്‌കിയും കോളയും കലര്‍ത്തി മദ്യപിച്ചുകൊണ്ടിരിക്കേ, ലൂക്കാസ് ഹാളിലെ സോഫയില്‍ തന്നെ കിടന്നുറങ്ങി. ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ മകളുമായി എന്തോ സംസാരിക്കുന്ന മോണിക്കയെ ആണ് കണ്ടത്. 

എന്നാല്‍ രാവിലെ ഉണര്‍ന്നപ്പോള്‍ തറയില്‍ കമിഴ്ന്നുകിടക്കുകയായിരുന്നു മോണിക്ക. വിളിച്ചിട്ട് ഉണരുകയോ, മിണ്ടുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് മകളുടെ സഹായത്തോടെ ലൂക്കാസ് മോണിക്കയെ ആശുപത്രിയിലെത്തിച്ചു. 

മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മോണിക്ക മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മരണകാരണം വ്യക്തമായത്. അമിതമായി മദ്യപിച്ചതിനെ തുടര്‍ന്നായിരുന്നത്രേ മരണം. 

ഫാറ്റി ലിവര്‍ എന്ന അസുഖവും ഹൃദയത്തിലെ മസിലിലെ പ്രശ്‌നവുമെല്ലാം മോണിക്കയെ ബാധിച്ചിരുന്നുവെന്ന് ലൂക്കാസ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞതും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമാണ്. 

അമിതമായി മദ്യപിക്കുന്ന പതിവ് മോണിക്കക്കുണ്ടായിരുന്നില്ല. എങ്കിലും അസുഖങ്ങളുണ്ടായിരുന്നതിനാല്‍ മദ്യം പെട്ടെന്ന് അവരെ ബാധിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ധാരാളം മദ്യപിക്കുന്നൊരാള്‍ക്ക് അസുഖങ്ങളുണ്ടാകുന്നില്ല എന്നത് കൊണ്ട്, വളരെ കുറച്ച് മാത്രം മദ്യപിക്കുന്നവര്‍ക്ക് മദ്യപാനം കൊണ്ട് അപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നില്ല. മോണിക്കയ്ക്ക് സംഭവിച്ച ദുരന്തം ഒരു ഓര്‍മ്മപ്പെടുത്തലായി കരുതണമെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.