ദിവസത്തില്‍ പല തവണയായി കടുത്ത ക്ഷീണം വന്ന് വീണുപോകുന്ന അവസ്ഥ. ഇടയ്ക്ക് ഛര്‍ദ്ദി. ഫിസിക്കല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തയാളായിരുന്നു യുഎസില്‍ ജിമ്മില്‍ പരിശീലക കൂടിയായ നിക്കോള്‍ ബേറ്റ്‌സ്. 

തികച്ചും അപ്രതീക്ഷിതമായാണ് കൂടെക്കൂടെ ക്ഷീണവും തളര്‍ച്ചയുമടങ്ങുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങിയത്. കായികമായി ആരോഗ്യവതിയാണെന്നത് കൊണ്ട് തന്നെ മറ്റെന്തെങ്കിലും അസുഖങ്ങള്‍ വന്നേക്കുമോയെന്ന് ഒരിക്കല്‍ പോലും നിക്കോള്‍ ചിന്തിച്ചിരുന്നില്ല. 

എന്നാല്‍ ഒടുവില്‍ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് തലച്ചോറില്‍ അപൂര്‍വ്വയിനത്തില്‍പ്പെട്ട അര്‍ബദുമാണെന്ന് കണ്ടെത്തിയത്. ആദ്യം വിവരമറിഞ്ഞപ്പോള്‍ തന്നെ നിക്കോളും ഭര്‍ത്താവ് ബേറ്റ്‌സുമടക്കം എല്ലാവരും തകര്‍ന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്താമെന്നും ചികിത്സ തുടങ്ങാമെന്നും ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പില്‍ അവര്‍ പിടിച്ചുകയറി. 

ലോകത്ത് പലയിടങ്ങളിലായി എത്രയോ പേര്‍ക്ക് തലച്ചോറില്‍ ട്യൂമര്‍ വരുന്നു. എന്നാല്‍ നിക്കോളിന്റെ കേസ് ഇത്രമാത്രം ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്, അവര്‍ക്ക് ചെയ്ത ശസ്ത്രക്രിയയുടെ പേരിലാണ്. ബോധം നഷ്ടപ്പെടുത്താതെ വേദനസംഹാരി മാത്രം നല്‍കിയാണ് നിക്കോളിന്റെ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നടത്തിയത്. അതും മണിക്കൂറുകള്‍ നീളുന്ന ശസ്ത്രക്രിയ. 

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശ്‌നം സംഭവിക്കാതിരിക്കാനായിരുന്നുവത്രേ ബോധം കെടുത്താതെയുള്ള ശസ്ത്രക്രിയ. അല്ലാത്ത പക്ഷം എന്തെങ്കിലും തകരാര്‍ സംഭവിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 85 ശതമാനം ശസ്ത്രക്രിയ വിജയം കണ്ടിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഇപ്പോള്‍ കീമോതെറാപ്പി ചെയ്തുവരികയാണ് നിക്കോളിന്. 

കായികമായി ഫിറ്റ് ആണെന്നത് കൊണ്ട് രോഗങ്ങള്‍ വരില്ലെന്ന ചിന്തയുണ്ടാകരുതെന്ന് നിക്കോള്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. രോഗം കണ്ടെത്താന്‍ അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ രക്ഷപ്പെടില്ലായിരുന്നുവെന്നും നിക്കോള്‍ കൂട്ടിച്ചേര്‍ക്കുന്നു.