Asianet News MalayalamAsianet News Malayalam

ഭംഗിക്ക് വേണ്ടി 'ഡൈ' അടിച്ചു; ജീവന്‍ പോയില്ലെന്ന് മാത്രം...

ഡൈ ഇട്ട് തുടങ്ങി അല്‍പസമയത്തിനകം തന്നെ തലയില്‍ ചെറിയ ചൊറിച്ചില്‍ തോന്നിയിരുന്നു. എന്നാല്‍ അത് കാര്യമാക്കിയില്ല. ഡാര്‍ക്ക് ബ്രൗണ്‍ നിറത്തില്‍ അടിച്ച കളര്‍ തന്നെ സുന്ദരിയാക്കിയെന്ന് ഷാനണിന് തോന്നി. അതിനാല്‍ തന്നെ വലിയ സന്തോഷത്തിലായിരുന്നു ഷാനണ്‍. എന്നാല്‍ പിറ്റേന്ന് സ്ഥിതിഗതികളാകെ മാറിമറിഞ്ഞു
 

woman shares her experience on an allergic condition she faced from hair dye
Author
Essex, First Published Dec 2, 2019, 10:43 PM IST

പ്രായമായവര്‍ മുടിയിലെ നര കാണാതിരിക്കാന്‍ വേണ്ടി ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പതിവാണ്. സര്‍വസാധാരണമായ ഒരു ശീലമായി മിക്കവര്‍ക്കിടയിലും ഇത് മാറിക്കഴിഞ്ഞു. ബ്യൂട്ടി പാര്‍ലറില്‍ പോയോ വീട്ടില്‍ വച്ചോ ഒക്കെയാകാം ഈ ഡൈ പ്രയോഗം.

എവിടെ വച്ചാണെങ്കിലും അലര്‍ജിയുണ്ടോ എന്ന് പരിശോധിക്കാന്‍ ആദ്യം ഒന്ന് പരീക്ഷിച്ച ശേഷം മാത്രമേ ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കാവൂ എന്ന് ഡോക്ടര്‍മാര്‍ എപ്പോഴും കര്‍ശനമായി നിര്‍ദേശിക്കാറുണ്ട്. ഇത് അത്ര നിസാരമായ ഒരു നിര്‍ദേശമല്ലെന്നാണ് ഇംഗ്ലണ്ടിലെ എസക്‌സില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു വാര്‍ത്ത സൂചിപ്പിക്കുന്നത്. 

ഹെയര്‍ ഡൈ അടിച്ചതിന്റെ ഭാഗമായി താന്‍ നേരിട്ട ഭീകരമായ അവസ്ഥയെ ഓര്‍ത്ത് വിശദീകരിക്കുകയാണ് ഷാനണ്‍ തേര്‍സ്ട്ടണ്‍ എന്ന യുവതി. നര മറയ്ക്കാനൊന്നുമല്ല, പകരം ഭംഗിക്ക് വേണ്ടിയാണ് മുടി കളര്‍ ചെയ്യാന്‍ അന്ന് ഷാനണ്‍ തീരുമാനിച്ചത്. പന്ത്രണ്ട് വയസ് മുതല്‍ മുടി കളര്‍ ചെയ്യാറുണ്ടായിരുന്നു ഷാനണ്‍. 

അതിനാല്‍ത്തന്നെ അതില്‍ പ്രത്യേകം എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് അവര്‍ക്ക് തോന്നിയില്ല. മുമ്പ് പല തവണ ഉപയോഗിച്ചതും യാതൊരുവിധ അലര്‍ജിയും ഉണ്ടാകാത്തതുമായ ഒരു ഡൈ ആയിരുന്നു അന്നും ഷാനണ്‍ ഉപയോഗിച്ചത്. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്വന്തം ആന്റി തന്നെയാണ് ഷാനണ് മുടി കളര്‍ ചെയ്തുനല്‍കിയത്. 

ഡൈ ഇട്ട് തുടങ്ങി അല്‍പസമയത്തിനകം തന്നെ തലയില്‍ ചെറിയ ചൊറിച്ചില്‍ തോന്നിയിരുന്നു. എന്നാല്‍ അത് കാര്യമാക്കിയില്ല. ഡാര്‍ക്ക് ബ്രൗണ്‍ നിറത്തില്‍ അടിച്ച കളര്‍ തന്നെ സുന്ദരിയാക്കിയെന്ന് ഷാനണിന് തോന്നി. അതിനാല്‍ തന്നെ വലിയ സന്തോഷത്തിലായിരുന്നു ഷാനണ്‍. എന്നാല്‍ പിറ്റേന്ന് സ്ഥിതിഗതികളാകെ മാറിമറിഞ്ഞു. 

കഴുത്തില്‍ അവിടവിടെയായി ചുവന്ന നിറത്തില്‍ ചെറിയ മുഴകള്‍ കണ്ടു. വൈകാതെ മുഖമാകെ നീര് വന്നത് പോലെ വീങ്ങിവീര്‍ക്കാന്‍ തുടങ്ങി. ഒന്നും കാണാന്‍ കഴിയാത്തവണ്ണം കണ്‍പോളകള്‍ പോലും വീര്‍ത്തു. കഴുത്തും നെറ്റിത്തടവുമെല്ലാം അസാധാരണമായ വിധത്തിലായി മാറി. തലയാണെങ്കില്‍, തീയില്‍ വച്ചത് പോലെ ചുട്ടുപഴുക്കാന്‍ തുടങ്ങി. 

ഒടുവില്‍ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേത്ത് ഷാനണിന്റെ അവസ്ഥ വളരെയധികം മോശമായിരുന്നു. ഹെയര്‍ കളറിലടങ്ങിയിരിക്കുന്ന 'പിപിഡി' എന്ന പദാര്‍ത്ഥം മൂലമുണ്ടായ അലര്‍ജിയാണ് സംഭവമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരുന്നും ചികിത്സയുമെല്ലാം തുടങ്ങിയിട്ട് പോലും, തലയും മുഖവുമൊന്നും പഴയ പരുവത്തിലാകുന്നില്ല. ഇതിനിടെ ശ്വാസതടസവും തുടങ്ങി. 

എന്തായാലും അപകടമൊന്നുമില്ലെന്ന് അധികം വൈകാതെ ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കി. പതിയെ ഷാനണ്‍ സാധാരണഗതിയിലേക്കെത്തി. എങ്കിലും ഒരു മാസത്തോളം മുഖവും കഴുത്തുമെല്ലാം നീര് വന്ന പരുവത്തില്‍ തന്നെയായിരുന്നു. 

ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് ഷാനണ്‍. ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഷാനണ്‍, വിഷയത്തിന്റെ പ്രസക്തി കണക്കിലെടുത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്റെ അനുഭവം തുറന്നുപറഞ്ഞിരിക്കുന്നത്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ഏതുമാകട്ടെ, ഓരോ തവണ ഉപയോഗിക്കുമ്പോഴും അതില്‍ എന്തെങ്കിലും അലര്‍ജി വരുമോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്ന് ഷാനണ്‍ ഊന്നിപ്പറയുന്നു. പലപ്പോഴും അവിചാരിതമായിട്ടായിരിക്കും ശരീരം പല രാസപദാര്‍ത്ഥങ്ങളോടും പ്രതികരിക്കുകയെന്നും ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുക മാത്രമേ പരിഹാരമുള്ളൂവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Follow Us:
Download App:
  • android
  • ios