Asianet News MalayalamAsianet News Malayalam

Spina Bifida : കൃത്യമായ നിര്‍ദേശം നല്‍കാതെ തന്നെ പിറക്കാന്‍ അനുവദിച്ചു; അമ്മയുടെ ഡോക്ടറിനെതിരെ യുവതിയുടെ പരാതി

അമ്മ തന്നെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് ഡോക്ടര്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കില്‍ തനിക്ക് ഈ അവസ്ഥയില്‍ പിറക്കേണ്ടി വരുമായിരുന്നില്ലെന്നാണ് ലണ്ടന്‍ സ്വദേശിയായ യുവതി വ്യക്തമാക്കുന്നത്.

woman sued her mothers doctor  claiming that she should never have been born
Author
Lincolnshire Showground, First Published Dec 2, 2021, 2:16 PM IST

അമ്മ ഗര്‍ഭിണിയായിരുന്ന സമയത്ത് പരിചരിച്ച ഡോക്ടര്‍ക്കെതിരെ കേസ് നല്‍കി യുവതി (Woman Sues Mothers Doctor). തന്നെ ഒരിക്കലും ജനിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു കേസില്‍ ഇരുപതുകാരി വാദിക്കുന്നത്. അപൂര്‍വ്വ രോഗത്തിന് (Spina Bifida) അടിമയാണ് ഇരുപതുകാരിയായ ഈവി ടൂംബ്സ് (Evie Toombes). നട്ടെല്ലിലെ തകരാറിനെ തുടര്‍ന്ന് 24 മണിക്കൂറും ട്യൂബുകളുമായി ബന്ധിച്ചാണ് ഈവിയുടെ ജീവിതം. അമ്മ തന്നെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് ഡോക്ടര്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കില്‍ തനിക്ക് ഈ അവസ്ഥയില്‍ പിറക്കേണ്ടി വരുമായിരുന്നില്ലെന്നാണ് ലണ്ടന്‍ സ്വദേശിയായ യുവതി വ്യക്തമാക്കുന്നത്.

ലക്ഷത്തില്‍ ഒരാള്‍ക്കുണ്ടാവുന്ന തകരാറാണ് യുവതിക്കുള്ളത്. ഗര്‍ഭാവസ്ഥയില്‍ തന്നെ നട്ടെല്ലിലെ കശേരുക്കളില്‍ വലിയ വിടവുണ്ടാകുന്നതാണ് ഈ രോഗം. ശരിയായ പരിശോധനകളില്‍ ഈ അവസ്ഥ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്താനാവും. അമ്മ തന്നെ ഗര്‍ഭം ധരിച്ച സമയത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങളും നിര്‍ണായതക മരുന്നുകളും നല്‍കാന്‍ ഡോക്ടര്‍ ഫിലിപ്പ് മിച്ചല്‍ പരാജയപ്പെട്ടു. അതിനാലാണ് ഈ ഗുരുതര തകരാറോടെ തനിക്ക് പിറക്കേണ്ടി വന്നതെന്നും യുവതി ആരോപിക്കുന്നു. തെറ്റായ ഗർഭധാരണം സംബന്ധിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. ഫോളിക് ആസിഡ് കഴിച്ച് ഇത്തരം സാഹചര്യം കുറയ്ക്കാമെന്ന നിര്‍ദ്ദേശവും ഡോക്ടര്‍ നല്‍കിയില്ലെന്നാണ് ആരോപണം.

ഈവിയെ പിന്ചുണയ്ക്കുന്നതാണ് ലണ്ടൻ ഹൈക്കോടതിയുടെ സുപ്രധാന വിധിയിൽ ജഡ്ജി റോസലിൻഡ് കോ ക്യുസി സ്വീകരിച്ചത്. ശരിയായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ ഈവിയുടെ അമ്മ ഗര്‍ഭധാരണത്തിനുള്ള ശ്രമങ്ങള്‍ വൈകിപ്പിക്കുമായിരുന്നുവെന്നാണ് കോടതി നിരീക്ഷണം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ പൂര്‍ണ ആരോഗ്യത്തോടെയുള്ള കുഞ്ഞ് പിറന്നേക്കുമായിരുന്നെന്നും കോടതി പറയുന്നു. ഈവിയ്ക്ക് ദിവസം തോറും എടുക്കേണ്ടി വരുന്ന മരുന്നുകളുടെ ചെലവുകള്‍ ഉള്‍‌പ്പെടെ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിട്ടുള്ളത്. നല്ല ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ ഫോളിക് ആസിഡ് കഴിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശമെന്നും ഈവിയുടെ അമ്മ കോടതിയില്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios