കൂടുതല്‍ സമയം ജോലി ചെയ്യുന്ന സ്ത്രീയാണോ? എന്നാല്‍ ഒന്ന് കരുതിയിരിക്കുക. 

കൂടുതല്‍ സമയം ജോലി ചെയ്യുന്ന സ്ത്രീയാണോ? എന്നാല്‍ ഒന്ന് കരുതിയിരിക്കുക. നിങ്ങള്‍ക്കും വിഷാദരോഗം വരാം എന്നാണ് പുതിയ പഠനം പറയുന്നത്. ഒരു ആഴ്ചയില്‍‌ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ വിഷാദ രോഗം വരാനുളള സാധ്യത ഏറെയെന്നാണ് പഠനം പറഞ്ഞുവെക്കുന്നത്. ലണ്ടണിലെ ക്വീന്‍ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടണിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

ദിവസവും ഏഴ് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരില്‍ വിഷാദ രോഗം വരാനുളള സാധ്യത 7.3 ശതമാനമാണെന്ന് പഠനം പറയുന്നു. ബിഎംജെയുടെ ജേണല്‍ ഓഫ് എപ്പിഡെമിയോളജി ആന്‍റ് കമ്മ്യൂണിറ്റി ഹെല്‍ത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 20,000 പേരിലാണ് പഠനം നടത്തിയത്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകളില്‍ വിഷാദം വരാനുളള സാധ്യത വളരെ കൂടുതലാണെന്നും പഠനം പറയുന്നു. 

സമ്മര്‍ദ്ദങ്ങളേറെ നേരിടുന്ന തിരക്കുപിടിച്ച ജീവിതത്തില്‍ ഉത്കണ്ഠയും വിഷാദവുമെല്ലാം പിടിപെടുന്നത് സ്വാഭാവികമാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ കൂടിവരികയാണെന്ന് തന്നെയാണ് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ പലരും തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അതിന്റെ തീവ്രതയനുസരിച്ച് ചികിത്സ തേടുന്നില്ല. ഇത് ഒട്ടേറെ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.