വരള്‍ച്ച, ആഗോളതാപനം, പ്രളയം, കടല്‍ ക്ഷോഭം എന്നിങ്ങനെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെടുത്തി പറയാവുന്ന, മനുഷ്യര്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഈ പ്രശ്നങ്ങളെല്ലാം തന്നെ മനുഷ്യനെ ശാരീരികമായും മാനസികമായും ബാധിക്കുകയും ചെയ്യും

നാളെ, ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമാണ് ( World Environment Day 2022 ). പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും ഇക്കാര്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ ദിവസം പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍, പ്രത്യേകിച്ച് കാലാവസ്ഥാവ്യതിയാനം ( Climate Change ) വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വര്‍ഷങ്ങളാണിത്. 

വരള്‍ച്ച, ആഗോളതാപനം, പ്രളയം, കടല്‍ ക്ഷോഭം എന്നിങ്ങനെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെടുത്തി പറയാവുന്ന, മനുഷ്യര്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഈ പ്രശ്നങ്ങളെല്ലാം തന്നെ മനുഷ്യനെ ശാരീരികമായും മാനസികമായും ബാധിക്കുകയും ചെയ്യും. 

സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, പരമ്പരാഗതരീതിയില്‍ ജീവിക്കുന്നവര്‍ (ആദിവാസി സമുദായങ്ങള്‍), സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, കുടിയേറ്റക്കാര്‍, ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ നേരത്തെ ഉള്ളവര്‍ എന്നീ വിഭാഗക്കാരെയെല്ലാം കാലാവസ്ഥാവ്യതിയാനം ( Climate Change ) വലിയ രീതിയില്‍ ബാധിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2030 മുതല്‍ 2050 വരെയുള്ള കാലയളവില്‍ കാലാവസ്ഥാ വ്യതിയാനം മൂലം മാത്രം രണ്ടര ലക്ഷത്തിലധികം പേര്‍ അധികമായി മരണപ്പെടുമെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്. 

കാലാവസ്ഥാവ്യതിയാനം അത്ര നിസാരമായ പ്രശ്നമല്ലെന്ന് തെളിയിക്കാന്‍ ഇത് ധാരാളമാണ്. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് വ്യാപകമാകുന്ന രോഗങ്ങള്‍ മൂലമാണ് ഇത്രയധികം മരണം സംഭവിക്കുകയത്രേ. എന്തായാലും ഇത്രയധികം ഭീഷണി ഉയര്‍ത്തുന്ന നിലയ്ക്ക് കാലാവസ്ഥാവ്യതിയാനം കാരണമായേക്കാവുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍/അസുഖങ്ങള്‍ എന്നിവയെ കുറിച്ച് ഈ പരിസ്ഥിതി ദിനത്തിന്‍റെ പശ്ചാത്തലത്തിൽ ( World Environment Day 2022 ) ഒന്ന് മനസിലാക്കാം...

ഒന്ന്...

ചൂട് കൂടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. സൂര്യതപം, സൂര്യാഘാതം എന്നിവയെല്ലാം നമുക്ക് ഇപ്പോള്‍ തന്നെ സുപരിചിതമായ പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ ഒരുപിടി പ്രശ്നങ്ങള്‍ വരികയും അത് മനുഷ്യരെ വലിയ രീതിയില്‍ ബാധിക്കുകയും മരണം വരെ എത്തിക്കുകയും ചെയ്യാം. ചൂട് കൂടുന്നത് ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി പല രോഗങ്ങള്‍ വര്‍ധിക്കുന്നതിലേക്കും നയിക്കാം. 

രണ്ട്...

പരിസ്ഥിതി ബാധിക്കപ്പെടുമ്പോഴും കാലാവസ്ഥാവ്യതിയാനം സംഭവിക്കുമ്പോഴുമെല്ലാം അന്തരീക്ഷം കാര്യമായ തോതില്‍ ബാധിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ വായു മലിനീകരണം വ്യാപകമാകുമ്പോള്‍ അത് ശ്വാസകോശ രോഗവും വര്‍ധിപ്പിക്കാം. ആസ്ത്മ, റൈനോസൈനസൈറ്റിസ്, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് എന്നിങ്ങനെയുള്ളവ ഉദാഹരണങ്ങളാണ്. 

മൂന്ന്...

വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളും കാലാവസ്ഥാവ്യതിയാനത്തില്‍ വെല്ലുവിളിയായി വരാം. ഒന്നുകില്‍ വരള്‍ച്ച, അല്ലെങ്കില്‍ പ്രളയം രണ്ടായാലും വെള്ളത്തിലൂടെ വരാവുന്ന രോഗങ്ങള്‍ക്ക് സാധ്യതകളേറെ. സാരമായ വയറിളക്കം, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കരള്‍ രോഗം, ഗുരുതരമായ പനി പോലുള്ള രോഗങ്ങളെല്ലാം ഈ രീതിയില്‍ വരാം.

നാല്...

കാലാവസ്ഥാവ്യതിയാനം ആദ്യമേ സൂചിപ്പിച്ചത് പോലെ ശാരീരികമായി മാത്രമല്ല, മാനസികമായും ബാധിക്കാം. പ്രകൃതിദുരന്തങ്ങളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ ആജീവനാന്തം ആ നിരാശയില്‍ ആകാം. അതുപോലെ സ്വത്ത് നഷ്ടപ്പെട്ടാലും സമാനമായ രീതിയില്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാം. വര്‍ഷാവര്‍ഷം പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നവര്‍ക്ക് ഇതിനോട് അനുബന്ധമായി വിഷാദരോഗം, ഉത്കണ്ഠ എന്നിങ്ങനെയുള്ള വിഷമതകളും ഉണ്ടാകാം.

അഞ്ച്...

കാലാവസ്ഥാവ്യതിയാനം തീര്‍ച്ചയായും കൃഷിയെയും പ്രതികൂലമായി ബാധിക്കാം. അങ്ങനെ വന്നാല്‍ അത് ഭക്ഷ്യമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാം. ഭക്ഷ്യക്ഷാമം മൂലം പോഷകാഹാരക്കുറവ് വ്യാപകമാകാം. വില കൂടുന്നതിനാല്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സംബന്ധിച്ചുള്ള മറ്റ് പ്രശ്നങ്ങളും ഉടലെടുക്കാം. 

Also Read:- കുട്ടികളെ പ്രകൃതി സ്‌നേഹികളായി വളർത്താം; രക്ഷിതാക്കൾ ചെയ്യേണ്ടത് ...