വിവിധ രാജ്യങ്ങളിലായി, ആശങ്കയുയര്‍ത്തിക്കൊണ്ട് ഓരോ ദിവസവും പുതിയ 'കൊറോണ' കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. മരണസംഖ്യയാണെങ്കില്‍ ഇന്നത്തേക്ക് 700 കടന്നിരിക്കുന്നു. മുപ്പതിനായിരത്തിലധികം രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ചെറിയൊരു വിഭാഗം രോഗികളെങ്കിലും വൈറസ് ബാധയില്‍ നിന്ന് മുക്തരായി ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന വാര്‍ത്തയും ഇതിനിടെ വരുന്നുണ്ട്. വലിയ പ്രതീക്ഷയാണ് ഈ വാര്‍ത്ത പങ്കുവയ്ക്കുന്നത്. 

എന്നാല്‍ ലോകരാജ്യങ്ങളാകെ വിറച്ചുപോയ 'കൊറോണ'വൈറസ് എന്ന വില്ലനെ ഒതുക്കാനായി ആരോഗ്യരംഗം എടുക്കുന്ന കഠിനമായ ശ്രമങ്ങളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. പല പ്രതിസന്ധികളിലൂടെയുമാണ് ആരോഗ്യരംഗം ഈ ദിവസങ്ങളിലെല്ലാം കടന്നുപോതുന്നത്. അതുകൊണ്ട് തന്നെ, നമ്മളാല്‍ കഴിയുന്ന സഹകരണം നമ്മള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. 

ഇക്കാര്യം അടിവരയിട്ട് ഓര്‍മ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന. മറ്റൊന്നുമല്ല, 'കൊറോണ' വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ തോതിലാണത്രേ 'മാസ്‌കു'കള്‍ വാങ്ങിക്കൂട്ടുന്നത്. ഇത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വമ്പന്‍ തലവേദനയായി മാറിയിരിക്കുകയാണെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. 

'ഏതൊരു ഉത്പന്നത്തിന്റേയും ഡിമാന്‍ഡ് കൂടുകയും എന്നാല്‍ അതിന് അനുസരിച്ച് ഉത്പാദനം നടക്കാതെ വരികയും ചെയ്താല്‍ നമുക്കറിയാം, മാര്‍ക്കറ്റില്‍ ഇത് ലഭിക്കാത്ത സാഹചര്യമുണ്ടായേക്കും. അതോടൊപ്പം തന്നെ ലഭ്യമായവയ്ക്ക് പൊള്ളുന്ന വില നല്‍കേണ്ടതായും വരും. മാസ്‌കുകളുടെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഇതുതന്നെയാണ്. ആവശ്യക്കാര്‍ക്ക് സുലഭമായി മാസ്‌ക് കിട്ടാത്ത സാഹചര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. രോഗികള്‍ക്കും, അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും മെഡിക്കല്‍ സംഘത്തിനും ഇത് കൂടിയേ തീരൂ. അതിനാല്‍ ജനം സഹകരിക്കണം. അല്‍പം യുക്തിപൂര്‍വ്വം പെരുമാറുകയെന്നതേ ഇതില്‍ ചെയ്യാനുള്ളൂ..'- ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ ജെനീവയില്‍ പറഞ്ഞു.

മാസ്‌കും, വ്യക്തിപരമായ സുരക്ഷയ്ക്കാവശ്യമായ ചെറിയ ഉപകരണങ്ങളുമടങ്ങുന്ന കിറ്റുകള്‍ ലോഡുകളായി പല അവശ്യസ്ഥലങ്ങളിലും തങ്ങള്‍ എത്തിച്ചുവെന്നും ഓരോരുത്തരും അവരവരെക്കൊണ്ട് കഴിയും പോലെ ഈ മിഷനില്‍ പങ്കുചേരണമെന്നും ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു. മാസ്‌ക് ഉള്‍പ്പെടെയുള്ള ഉകരണങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കമ്പനികളുമായി നടത്തുന്നുണ്ടെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.