ലോകത്തെയൊട്ടാകെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് കടന്നുവന്ന കൊറോണ വൈറസ് എന്ന രോഗകാരിയുടെ ആക്രമണം തുടരുക തന്നെയാണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പ്രതിരോധ നടപടിയെന്നോണം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍ ജാഗ്രത കൈവിടരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

'കൊവിഡ് 19 എന്ന മഹാമാരിയുടെ യാത്ര മുന്നോട്ട് തന്നെയാണ്. ആരോഗ്യരംഗം നേരിടുന്ന പ്രതിസന്ധി എന്നതില്‍ക്കവിഞ്ഞ് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കൊറോണ വൈറസ് മഹാമാരി നമ്മളെ നയിക്കുന്നത്. ദശാബ്ദങ്ങളോളം ഇതിന്റെ പരിണിതഫലങ്ങള്‍ നമ്മള്‍ നേരിടേണ്ടിവരും...'- ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം പറയുന്നു.

ഇതുവരെ 4,65,000 പേര്‍ക്കാണ് കൊവിഡ് 19 മൂലം ജീവന്‍ നഷ്ടമായിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 90 ലക്ഷം പേരെ രോഗം ബാധിച്ചു. ഓരോ രാജ്യങ്ങളും ഓരോ ശക്തിയായി ഒറ്റപ്പെട്ട് നിന്ന് പോരാടുന്നതിന് പകരം ലോകം ഒരുമിച്ച് നിന്നാണ് ഈ ആപത്ഘട്ടം അഭിമുഖീകരിക്കേണ്ടതെന്നും ഡോ. ടെഡ്രോസ് അദാനോം ഓര്‍മ്മിപ്പിക്കുന്നു. 

കൊവിഡിനെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ തീവ്രതയുള്ള അപകടമാണെന്നും പല രാജ്യങ്ങളും നിലവില്‍ ഇതുമൂലം ദുരവസ്ഥയിലായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

Also Read:- കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍...