Asianet News MalayalamAsianet News Malayalam

World Heart Day 2022 : ഹൃദയദിനത്തില്‍ നിങ്ങള്‍ അറിയണം ചിലതൊക്കെ!

ലോകത്തെ കണക്ക് നോക്കിയാൽ ഏറ്റവുമധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദ്രോഗങ്ങളാണ്. കടുത്ത ഹൃദയാഘാതം മിനിറ്റുകൾക്കകം മരണത്തിലേയ്ക്ക് നയിക്കും. 

World Heart Day 2022: things you should know about heart
Author
First Published Sep 29, 2022, 12:28 PM IST

വീണ്ടും ഒരു ഹൃദയദിനം കൂടി വന്നിരിക്കുകയാണ്. 2000- മുതലാണ് ഹൃദയദിനം ആചരിച്ചു തുടങ്ങിയത്. ഇന്ത്യയിൽ നിശബ്ദമായി പടരുന്ന പകർച്ചവ്യാധിയെന്നാണ് ഹൃദ്രോഗത്തെ കുറിച്ചുള്ള ഇന്ത്യൻ ഹാർട്ട് അസോസിയേഷന്‍റെ മുന്നറിയിപ്പ്. ഇന്ത്യയിലെ പുരുഷൻമാരിലെ ഹൃദയാഘാതങ്ങളിൽ അമ്പത് ശതമാനവും 50 വയസ്സിൽ താഴെ പ്രായമുള്ളവരിൽ ആണെന്നും അസോസിയേഷൻ നടത്തിയ പഠനം വ്യക്തമാക്കുന്നു. സ്ത്രീകൾക്കിടയിലെ ഹൃദ്രോഗബാധയും കൂടിയിട്ടുണ്ട്. 

ലോകത്തെ കണക്ക് നോക്കിയാൽ ഏറ്റവുമധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദ്രോഗങ്ങളാണ്. കടുത്ത ഹൃദയാഘാതം മിനിറ്റുകൾക്കകം മരണത്തിലേയ്ക്ക് നയിക്കും. വേണ്ട സമയത്ത് മതിയായ വൈദ്യസഹായം കിട്ടിയില്ലെങ്കിൽ മരിക്കുന്നവരുടെ എണ്ണം പിന്നെയും കൂടും. രണ്ടാം സ്ഥാനത്തുള്ള ക്യാൻസർ കാരണം മരിക്കുന്നതിനേക്കാൾ ഇരട്ടി പേരാണ് ഹൃദയരോഗങ്ങളാൽ മരിക്കുന്നത്. 

ഹൃദ്രോഗസാധ്യത കൊവിഡ് കാലത്ത് എഴുപത് ശതമാനത്തിലധികം കൂടിയെന്നും പഠനറിപ്പോർട്ടുണ്ട്. ഹൃദ്രോഗബാധ കൂടുന്നതിന് എല്ലാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന കാരണം ടെൻഷൻ ആണ്. പിന്നെ പ്രമേഹവും. ചെയ്യുന്ന ജോലിയിലെ സമ്മർദം, ഒന്നാമത് എത്താനുള്ള സമ്മർദം, കൂടുതൽ നേടാനുള്ള സമ്മർദം, പിന്നിലായി പോവുമോ എന്ന ആശങ്ക, മത്സരത്തിൽ വേറെ ആരൊക്കെ വരുമെന്ന ആശങ്ക.. ചുരുക്കിപ്പറഞ്ഞാൽ ഒരു വിധം എല്ലാത്തിനും ആശങ്ക അഥവാ ടെൻഷൻ തന്നെ. ഇതു തന്നെയാണ് ശരീരത്തിനും മനസ്സിനും മേൽ സമ്മർദമേറ്റുന്നതും അസുഖങ്ങളുണ്ടാക്കുന്നതും.

മരുന്നിനും അപ്പുറം ഫലവത്താവുന്നത് ജീവിതശൈലിയും ജീവിതത്തെ കുറിച്ചുള്ള വീക്ഷണവും മാറുന്നതാകും. കാരണം നമുക്ക് പുറത്തുള്ള കാരണങ്ങളും (ഉദാ:വിലക്കയറ്റം) നമ്മുടെ ജീവിതത്തെ ബാധിക്കുമ്പോള്‍ അത് അറിഞ്ഞോ അറിയാതെയോ നമ്മുടെ മനസ്സിന്‍റെ സ്വസ്ഥതയേയും ബാധിക്കും. ആശങ്കയുണ്ടാക്കും. അത് ശരീരത്തിൽ തുറന്നുവിടുന്ന രാസവസ്തുക്കൾ നന്നല്ല. അത് നമുക്ക് അസുഖങ്ങളുണ്ടാക്കും. ഇന്ത്യക്കാരുടെ ഹൃദയധമനികളുടെ വ്യാപ്തി കുറവാണ്. അതായത് ഒരു ബ്ലോക്കിന് സാധ്യത പടിഞ്ഞാറുള്ളവരേക്കാൾ കൂടുതലാണ്. ഇതൊരു നിരീക്ഷണമാണ്. ശ്രദ്ധയിൽ വെക്കേണ്ട ഒന്ന്. പിന്നെ ഓർക്കേണ്ട കാര്യം ദന്തശുചിത്വമാണ്. കേൾക്കുമ്പോള്‍ ആദ്യം മനസ്സിൽ വരിക ഒരു ചോദ്യചിഹ്നമാണ്. പക്ഷേ സംഗതി ഗൗരവമാണ്. കാരണം മോണരോഗങ്ങൾ ഹൃദ്രോഗസാധ്യത 50% കൂട്ടും.

അമിത വ്യായാമം ആണ് ഹൃദ്രോഗ കാരണങ്ങളിലെ പുതിയ കൂട്ടിച്ചേർക്കൽ. അതിനുള്ള കാരണമായത് അടുത്ത കാലത്തുണ്ടായ സെലിബ്രിറ്റി മരണങ്ങളാണ്. കന്നടസിനിമയിലെ ഇതിഹാസതാരം രാജ്കുമാറിന്‍റെ മകൻ പുനീത് മരിച്ചത് നാൽപത്തിആറാം വയസ്സിലാണ്. ജിമ്മിൽ പരിശീലനത്തിനിടെയാണ് പുനീതിന് അസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സ്ഥിതി ഗുരുതരമായി. പിന്നാലെ അദ്ദേഹം മരിച്ചു. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ ആരാധകവൃന്ദം ഉണ്ടായിരുന്ന താരമായിരുന്നു സിദ്ദാർത്ഥ്
ശുക്ല. കഴിഞ്ഞ സെപ്തംബറിലാണ് ശുക്ല പൊടുന്നനെ മരിക്കുന്നത്. നാൽപതു വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളൂ. അറിയപ്പെടുന്ന ഫിറ്റ്നസ് ഫ്രീക്ക് ആയിരുന്ന അദ്ദേഹത്തിന്. ഉറക്കത്തിനിടെ ഹൃദയത്തിനേറ്റ കനത്ത ആഘാതമാണ് ആ ജീവൻ കൊണ്ടുപോയത്.

കന്നട സിനിമയിൽ സ്വന്തം ഇരിപ്പിമുണ്ടാക്കിയ യുവനേതാവ് ചിരഞ്ജീവി സർജയും പെട്ടെന്നൊരുനാൾ ലോകം വിട്ടുപോയി. 2020 ജൂണിലായിരുന്നു അന്ത്യം. ഹൃദയാഘാതം തന്നെ കാരണം. പ്രശസ്ത ഗായകൻ കെ കെയുടെ ആകസ്മികനിര്യാണം 53ആം വയസ്സിൽ. ഹൃദയാഘാതമാണ് മരണകാരണം.  മുമ്പ് തന്നെ അദ്ദേഹത്തിന് വയ്യായ്കകൾ ഉണ്ടായിരുന്നുവെന്നും അസ്വസ്ഥതകൾ വയറെരിച്ചിൽ ആണെന്ന് കരുതി അതിനുള്ള മരുന്നുകൾ കഴിച്ചിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. പ്രശസ്ത കോമഡി താരം രാജു ശ്രീവാസ്തവ ട്രെഡ്മില്ലിൽ നടക്കുന്ന വേളയിൽ ആണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുന്നതും വീണു പോകുന്നതും. ഷോ ബിസിനസിൽ ജോലി ചെയ്തിരുന്നതു കൊണ്ട് തന്നെ വ്യായാമത്തിലും ഭക്ഷണക്രമത്തിലും ശ്രദ്ധിച്ചിരുന്നവരാണ് ഇവർ എല്ലാവരും. എന്നിട്ടും ഹൃദയാഘാതത്തിന് മുന്നിൽ വീണുപോയത് എല്ലാവരേയും ഞെട്ടിച്ചു. ഇതെന്താണ് സംഭവിക്കുന്നത് എന്നാണ് എല്ലാവരുടേയും മനസ്സിൽ ഉയർന്ന ചോദ്യം. 

അതിന് ഡോക്ടമാർ നൽകുന്ന മറുപടി ലളിതമാണ്. വ്യായാമം വേണം, പക്ഷേ അമിതമാകരുത്. എല്ലാ ആഴ്ചയിലും 150 മിനിറ്റ് വ്യായാമം, അതാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. കൃത്യമായ പതിവായ വ്യായാമം ഹൃദയമിടിപ്പ് മെച്ചപ്പെടുത്തുകയും ഹൃദയ പേശികൾക്ക് ബലമേകുകയും. ശ്വാസകോശത്തിന്റെ ത്രാണി കൂട്ടുകയും ചെയ്യും. അതേ സമയം കൂടുതൽ വ്യായാമം ചെയ്തത് കൊണ്ട് ഒരു അധികമെച്ചം ഇല്ലാ എന്നു മാത്രമല്ല തുടർച്ചയായുള്ള അമിത വ്യായാമം ഹൃദയ വൈകല്യങ്ങളുടെ സാധ്യത കൂട്ടുകയും ചെയ്യും.

അവനനവന്‍റെ ശരീരത്തെ കുറിച്ച് അമിത ആത്മവിശ്വാസം വേണ്ട. കാഴ്ചക്കുള്ള ആരോഗ്യം ഉള്ളിലുമുണ്ടെന്ന് ഉറപ്പാക്കുക. നല്ല ഭക്ഷണം മിതമായി കഴിച്ച്, മദ്യവും പുകവലിയും ഒഴിവാക്കി, മത്സരബുദ്ധി കുറച്ച്, സ്വയം രോഗം നിർണയിക്കാനോ മരുന്ന് വാങ്ങാനോ നിൽക്കാതെ ജീവിക്കുക. മാനസിക സമ്മർദം അകറ്റി ശാന്തിയും സമാധാനവും കൊണ്ടുവരാൻ യോഗ പരിശീലിക്കാവുന്നതാണ്. ബ്രീത്തിങ് ടെക്നിക്കും വിവിധ പോസുകളും എല്ലാമായി സന്പൂർണ പാക്കേജ് ആണ് ഇന്ത്യയുടെ സ്വന്തം യോഗ. സമ്മർദമകറ്റാനും മേദസ്സ് മാറ്റാനും ഗുണപ്പെടും. അമിതമായ എന്തും അഹിതമാണെന്ന് ഓർക്കുക. ആഹാരമാണെങ്കിലും വ്യായാമം ആണെങ്കിലും ആലോചന ആണെങ്കിലും ജോലിസ്ഥലത്തെ മത്സരബുദ്ധിയിൽ ആണെങ്കിലും. ഒന്നാമത് എത്തുക അത് എന്തിലാണെങ്കിലും, എന്നതല്ല ഏറ്റവും പ്രധാനം എന്നോർക്കുക. സ്വന്തം പേരുപോലും വേറെയാളുകൾക്ക് വേണ്ടിയാണെന്ന് ഓർക്കുക. വിനയത്തോടെ ജീവിതത്തെ സ്നേഹിക്കുക.

ഹൃദയത്തെ കുറിച്ചുള്ള ചില വിവരങ്ങൾ

1. ഹൃദയം ഒരു ദിവസം ചുരുങ്ങി സങ്കോചിക്കുക ഒരു ലക്ഷത്തിലധികം തവണയാണ്.

2. ഹൃദയം 6000 ലീറ്ററിലധികം രക്തം ഏതാണ്ട് 60,000 മൈൽ ദൂരത്തിലേക്ക് (മൊത്തം രക്തക്കുഴലുകൾ ചേർത്തുവെച്ചാലുള്ള നീളം) എത്തിക്കും.

3. ഒരു ദിവസത്തെ ഹൃദയമിടിപ്പുണ്ടാക്കുന്ന ഊർജ്ജം കൊണ്ട് ഒരു ലോറി 20 മൈൽ ഓടിക്കാം.

4. സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നതെങ്കിലും വൈകാരികമായ ഒരു ധർമ്മവും ഹൃദയം നിർവ്വഹിക്കുന്നില്ല.

5. ഹൃദ്രോഗത്തിന്റെ ആദ്യ സൂചനകൾ കണ്ടെത്തിയത് 3500വർഷം പഴക്കമുള്ള ഒരു ഈജിപ്ഷ്യൻ മമ്മിയിൽ.

6. ആദ്യം പേസ് മേക്കർ വെച്ചുപിടിപ്പിച്ചത് 1958ൽ ആർണെ ലാർസൺ എന്ന രോഗിക്ക്.

7. ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ ക്രിസ്റ്റ്യൻ ബെർനാർഡ് (1967).

8. ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ പി വേണുഗോപാൽ (1994 ദില്ലി AIIMS)

9. അമേരിക്കൻ പിഗ്മി ഷ്രൂവിന്റെ ഹൃദയമാണ് ഏറ്റവും കൂടുതൽ മിടിക്കുന്നത് (മിനിറ്റിൽ 1200 തവണ).

10. സ്ത്രീകളുടെ ഹൃദയമിടിപ്പിന് പുരുഷൻമാരുടേതിനേക്കാൾ ഒരിത്തിരി വേഗം കൂടും.

11. ലോകത്ത് ഏറ്റവും വലിയ ഹൃദയമുള്ളത് നീല തിമിംഗലത്തിന്, ചെറുത് ഫെയ്റി ഫ്ലൈ എന്ന ഈച്ചക്കും.

12. ഹൃദയാഘാത ലക്ഷണങ്ങൾ പുരുഷനിലും സ്ത്രീയിലും വ്യത്യസ്തമാണ്. 

Also Read: ഹൃദയാരോഗ്യത്തിന് കഴിക്കാവുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും...

Follow Us:
Download App:
  • android
  • ios