ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളായ എപ്പികാടെച്ചിൻ, കാറ്റെച്ചിൻ തുടങ്ങിയ ഫ്ലേവനോളുകൾ അടങ്ങിയിട്ടുണ്ട്. 

മാനസികാരോ​ഗ്യത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒമേഗ -3 കൊഴുപ്പുകളും പച്ചക്കറികളും ഉൾപ്പെടെയുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ചില ഭക്ഷണങ്ങൾ കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

വിറ്റാമിൻ സി, വിറ്റാമിൻ ബി, സെലിനിയം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ സമ്മർദ്ദം കുറയ്ക്കാൻ സഹായകമാണെന്ന് ജേണൽ ഓഫ് ന്യൂട്രീഷൻ ആന്റ് ഫുഡ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അനാരോഗ്യകരമായ ഭക്ഷണരീതികൾ സമ്മർദ്ദത്തിന്റെ തോത് ക്രമാതീതമായി വർധിപ്പിക്കുകയും അവ പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളായ എപ്പികാടെച്ചിൻ, കാറ്റെച്ചിൻ തുടങ്ങിയ ഫ്ലേവനോളുകൾ അടങ്ങിയിട്ടുണ്ട്. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ നടത്തിയ ഒരു പഠനം 70% കൊക്കോയോ അതിൽ കൂടുതലോ ഉള്ള (കൂടുതൽ പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയ) ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു.

രണ്ട്...

കാർബോഹൈഡ്രേറ്റുകൾക്ക് സെറോടോണിന്റെ അളവ് താൽക്കാലികമായി വർദ്ധിപ്പിക്കാൻ കഴിയും. ഇത് മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. സെറോടോണിന്റെ അളവ് വർദ്ധിച്ചുകഴിഞ്ഞാൽ, സമ്മർദ്ദത്തിലായ ആളുകൾക്ക് മികച്ച ഏകാഗ്രതയും ശ്രദ്ധയും ഉണ്ടാകും. കുക്കികൾ, കേക്ക്, വൈറ്റ് പാസ്ത, വൈറ്റ് ബ്രെഡ് എന്നിവയുൾപ്പെടെയുള്ള വെളുത്ത ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. ശുദ്ധീകരിക്കാത്ത കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവിനും തകർച്ചയ്ക്കും കാരണമാകുന്നതായി ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയാം...

മൂന്ന്...

അവോക്കാഡോയിൽ ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ ആരോഗ്യകരമായ അവശ്യ ആസിഡുകൾ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായകനമാണെന്ന് നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ഇന്റഗ്രേറ്റീവ് ഹെൽത്ത് ചൂണ്ടിക്കാട്ടുന്നു.
ഇത് കൂടാതെ ഫൈറ്റോകെമിക്കലുകൾ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. 2013 ജനുവരിയിൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച സർവേയിൽ, അവോക്കാഡോകൾ മെച്ചപ്പെട്ട ഭക്ഷണ നിലവാരവും പോഷകങ്ങളുടെ ഉപഭോഗവും കൂടാതെ ഉയർന്ന രക്തസമ്മർദ്ദവും അമിതവണ്ണവും ഉൾപ്പെടുന്ന ഒരു കൂട്ടം അവസ്ഥയായ മെറ്റബോളിക് സിൻഡ്രോമിന്റെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.

നാല്...

മത്സ്യം സമ്മർദ്ദത്തെ ചെറുക്കുകയും ഹൃദ്രോഗം തടയാൻ സഹായിക്കുകയും ചെയ്യും. ഇത് ഒമേഗ -3 വിഷാദം ലഘൂകരിക്കാൻ സഹായിക്കും. കാരണം പോഷകങ്ങൾ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക തന്മാത്രകളുമായി എളുപ്പത്തിൽ ഇടപഴകുന്നു. കൊഴുപ്പുള്ള മത്സ്യങ്ങളിൽ ട്യൂണ, സാൽമൺ, മത്തി, അയല എന്നിവ ഉൾപ്പെടുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

അഞ്ച്...

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ എല്ലുകളുടെ ആരോഗ്യത്തിന് ഫലപ്രദമാണ്. എന്നാൽ ഈ പോഷകം വിഷാദം കുറയ്ക്കാൻ സഹായിക്കുമെന്ന് 2012 ഡിസംബറിൽ ന്യൂട്രീഷൻ റിസർച്ച് ആൻഡ് പ്രാക്ടീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. കാൽസ്യവും വിറ്റാമിൻ ഡിയും അടങ്ങിയ പാലും മറ്റ് പാലുൽപ്പന്നങ്ങളും പേശികളെ വിശ്രമിക്കാനും മാനസികാവസ്ഥ സുസ്ഥിരമാക്കാനും സഹായിക്കുന്നതായി ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കാത്സ്യത്തിന് പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഇതിന് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആറ്...

ആരോഗ്യകരമായ ഫാറ്റി ആസിഡുകൾക്കൊപ്പം ബി വിറ്റാമിനുകൾ ഉൾപ്പെടെയുള്ള പോഷകങ്ങളും നട്‌സിൽ നിറഞ്ഞിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് ബി വിറ്റാമിനുകൾ എന്നും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. ബദാം, പിസ്ത, വാൽനട്ട് എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം. 

ഏഴ്...

ഉയർന്ന അളവിൽ വിറ്റാമിൻ സി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. വിറ്റാമിൻ സി പ്രതിദിനം 500 മില്ലിഗ്രാം കഴിക്കുന്നവരിൽ സമ്മർദ്ദം കുറയ്ക്കുന്നതായി റിപ്പോർട്ട് ചെയ്തു. കൂടാതെ ഉത്കണ്ഠ തടയാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി. 

ഗർഭകാലത്തെ സമ്മർദ്ദം കുറയ്ക്കുന്നതിന് ഇതാ ചില വഴികൾ