Asianet News MalayalamAsianet News Malayalam

ലോകത്തെ ആദ്യ 'കൊവിഡ് നേസല്‍ വാക്സിൻ' ഇന്ത്യയില്‍; ലഭ്യമാകാൻ ഇനി ദിവസങ്ങള്‍...

ലോകത്തില്‍ തന്നെ ആദ്യമായാണ് കൊവിഡ് നേസല്‍ വാക്സിൻ നിര്‍മ്മിക്കപ്പെടുന്നത്. ഇത് തീര്‍ച്ചയായും ഇന്ത്യയുടെ ഒരു വലിയ നേട്ടം തന്നെയാണ്. പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ 'ഭാരത് ബയോട്ടെക്' ആണ് നേസല്‍ വാക്സിൻ നിര്‍മ്മിച്ചിരിക്കുന്നത്. 'iNCOVACC' എന്നാണിതിന്‍റെ പേര്. 

worlds first nasal covid vaccine from india will come out soon says the company
Author
First Published Jan 21, 2023, 10:42 PM IST

കൊവിഡ് 19 ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് തലപൊക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പലയിടങ്ങളിലും കേസുകള്‍ വര്‍ധിക്കുന്ന കാഴ്ച കാണാം. എന്നാല്‍ രോഗ തീവ്രത കൂടുതല്‍ അല്ലാത്തതിനാല്‍ തന്നെ ഇത് വലിയ ആശങ്കയുണ്ടാക്കുന്നില്ല എന്നതാണ് സത്യം.

അതേസമയം ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദം രോഗവ്യാപനം അതിവേഗത്തിലാക്കുന്നുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ പേരിലേക്ക് രോഗമെത്തി അത് മറ്റൊരു ശക്തമായ തരംഗം സൃഷ്ടിക്കാതിരിക്കാൻ സര്‍ക്കാരുകള്‍ ആവുന്ന ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

കേരളത്തിലാണെങ്കില്‍ മാസ്ക് വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കുന്നതിനും ആളുകളെ നിര്‍ബന്ധിക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ മൂക്കിലൂടെ എടുക്കാവുന്ന നേസല്‍ കൊവിഡ് വാക്സിൻ ഇന്ത്യയില്‍ ലഭ്യമാകാൻ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 

ലോകത്തില്‍ തന്നെ ആദ്യമായാണ് കൊവിഡ് നേസല്‍ വാക്സിൻ നിര്‍മ്മിക്കപ്പെടുന്നത്. ഇത് തീര്‍ച്ചയായും ഇന്ത്യയുടെ ഒരു വലിയ നേട്ടം തന്നെയാണ്. പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ 'ഭാരത് ബയോട്ടെക്' ആണ് നേസല്‍ വാക്സിൻ നിര്‍മ്മിച്ചിരിക്കുന്നത്. 'iNCOVACC' എന്നാണിതിന്‍റെ പേര്. 

ജനുവരി 26, റിപ്ലബിക് ദിനത്തില്‍ ഇത് പുറത്തിറക്കാനാണ് തീരുമാനം. 'ഭാരത് ബയോട്ടെക്' ചെയര്‍മാനും കമ്പനി എംഡിയുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഡിസംബറില്‍ തന്നെ തങ്ങളുടെ നേസല്‍ കൊവിഡ് വാക്സിനെ കുറിച്ച് കമ്പനി അറിയിച്ചിരുന്നു. ഷോട്ടിന് 325 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ തലത്തിലും 800 രൂപ എന്ന നിരക്കില്‍ സ്വകാര്യമേഖലയിലും നേസല്‍ വാക്സിൻ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. 

ഇന്ത്യക്കൊപ്പം തന്നെ ചൈനയും കൊവിഡ് നേസല്‍ വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയാണ് ആദ്യമായി ഇതിലേക്ക് ചുവടുറപ്പിച്ചത്. ചൈനയില്‍ കൊവിഡ് നേസല്‍ വാക്സിൻ വന്നുകഴിഞ്ഞു. രാജ്യത്ത് ആദ്യഘട്ടത്തില്‍ പരിമിതമായ രീതിയിലേ നേസല്‍ കൊവിഡ് വാക്സിൻ ഉപയോഗിക്കപ്പെടൂ എന്നാണ് നിലവിലുള്ള വിവരം. ഇതിന് മാത്രമാണ് സര്‍ക്കാര്‍ കമ്പനിക്ക് അനുവാദം നല്‍കിയിട്ടുള്ളൂ എന്നാണ് സൂചന. അതേസമയം നേസല്‍ കൊവിഡ് വാക്സിൻ കൊവിഡ് നിയന്ത്രിക്കുന്നതിന് വളരെയധികം പ്രയോജനപ്പെടുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. 

Also Read:- ഒമിക്രോണ്‍ ഉപവകഭേദം XBB.1.5 ; മുന്നറിയിപ്പുമായി ​ഗവേഷകർ

Follow Us:
Download App:
  • android
  • ios