സെന്റർ ഫോർ ഇന്റഗ്രേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, സെന്റർ ഫോർ കമ്മ്യൂണിറ്റി മെഡിസിൻ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. 'നിക്കോട്ടിൻ & ടുബാക്കോ റിസർച്ച്' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

യോഗ ചെയ്യുന്നത് പുകവലി ശീലമുള്ളവരിൽ അത് ഉപേക്ഷിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പഠനം. അതേസമയം ഉത്കണ്ഠ, വിഷാദം ബന്ധപ്പെട്ട മറ്റ് മാനസിക പ്രശ്നങ്ങളും കുറയ്ക്കുമെന്നും ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (AIIMS) ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു.

സെന്റർ ഫോർ ഇന്റഗ്രേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, സെന്റർ ഫോർ കമ്മ്യൂണിറ്റി മെഡിസിൻ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. 'നിക്കോട്ടിൻ & ടുബാക്കോ റിസർച്ച്' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. യോഗ പരിശീലിക്കുന്നവർക്ക് ഹ്രസ്വകാലത്തേക്ക് പുകയില ഉപേക്ഷിക്കാൻ കഴിയാനുള്ള സാധ്യത ഏകദേശം 50 ശതമാനം കൂടുതലാണെന്ന് പഠനം കണ്ടെത്തി.

പുകയില ഉപേക്ഷിക്കുന്നതിനുള്ള ഒരു മിതമായ ഫലപ്രാപ്തിയുള്ള (ഏകദേശം 50%) മാർഗ്ഗമായി യോഗയ്ക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടി. എയിംസ്- ദില്ലിയിലെ ഡോക്ടർമാരായ ശ്രുതി സിംഗ്, ധൻലിക ധൻലിക, പാർത്ഥ ഹൽദാർ, ഗൗതം ശർമ്മ എന്നിവരാണ് ഈ അവലോകനം തയ്യാറാക്കിയത്.

പുകവലി ഉപേക്ഷിക്കാൻ പല ആളുകൾക്കും ശക്തമായ ആഗ്രഹമുണ്ടെങ്കിലും പരമ്പരാഗതമായ നിർത്തൽ ചികിത്സകൾ സ്വീകരിക്കുന്നവരിൽ പോലും വീണ്ടും ഉപയോഗം തുടങ്ങുന്നവരുടെ നിരക്ക് ഉയർന്നതായി ​ഗവേഷകർ പറയുന്നു. യോഗ പരിശീലിച്ചവരിൽ വിഷാദം, ഉത്കണ്ഠ, ജീവിതനിലവാരം എന്നിവയിൽ പുരോഗതിയുണ്ടായതായി പഠനങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാണായാമം അഥവാ യോഗാധിഷ്ഠിത ശ്വസന വ്യായാമങ്ങൾ പുകയില ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

മനസ്സിനെയും ശരീരത്തെയും ഒരുപോലെ സ്വാധീനിക്കുന്ന ഫലപ്രദമായ ഒരു ചികിത്സാ രീതിയാണ് യോഗ. പുകയില ഉപയോഗം പോലുള്ള ആസക്തികളെ മറികടക്കാൻ അത്യന്താപേക്ഷിതമായ സമ്മർദ്ദ നിയന്ത്രണം, സ്വയം ബോധ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ചൊരു മാർഗ്ഗമാണിത്. മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു മാർഗ്ഗം കൂടിയാണിതെന്ന് എയിംസ്- ദില്ലിയിലെ കാർഡിയോളജി വിഭാഗം പ്രൊഫസറും 'സെന്റർ ഫോർ ഇന്റഗ്രേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ചി'ന്റെ സ്ഥാപകനും മേധാവിയുമായ ഡോ. ഗൗതം ശർമ്മ പറഞ്ഞു.

സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കുന്നതിലൂടെയും ഇറുകിയ പേശികളെ ലഘൂകരിക്കുന്നതിലൂടെയും യോഗ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരസന്തുലിതാവസ്ഥ മെച്ചപ്പെടുത്തുക, കരുത്ത് വർദ്ധിപ്പിക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നിവയിലൂടെ ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ സഹായിക്കുന്നു.