ഇറ്റലിയിൽ നിന്നുമെത്തി സ്വമേധയ ഐസ്വലേഷൻ സ്വീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകയായ രേഷ്മ. രേഷ്മ ഇറ്റലി സന്ദർശനത്തിനു ശേഷം സ്വയം ഐസ്വലേഷൻ സ്വീകരിച്ച സംഭവത്തെ കുറിച്ച് സുഹൃത്ത് നൗഷാദ് പൊന്മള തന്റെ ഫേസ് ബുക്കിൽ കുറിച്ച പോസ്റ്റ് ഏറെ ശ്രദ്ധേയമാകുകയാണ്.

കഴിഞ്ഞമാസം 21ന് ഇറ്റലിയിൽ നിന്നും നാട്ടിലേക്ക് തിരിച്ച രേഷ്മയും ഭർത്താവും അവർ താമസിച്ചിരുന്ന പ്രദേശവും കൊറോണ ബാധിതമാണെന്ന് തിരിച്ചറിഞ്ഞതോടെ ഡെന്മാർക്കിൽ രണ്ടാഴ്ച ഐസലേഷനിൽ കഴിയുകയും ചികിത്സ തേടുകയും ചെയ്തിരുന്നു.

കൊറോണയില്ലെന്ന് സ്ഥിരീകരിച്ചതോടെ പലരാജ്യങ്ങളിലൂടെ സഞ്ചരിച്ച് നാട്ടിലെത്തി. പിന്നീട് വെറുതെ കറങ്ങി നടക്കാതെ അവർ ഉടൻ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വിവരമറിയിക്കുകയും സ്വമേധയാ ഹൗസ് ക്വാറൻറൈന് തയ്യാറാവുകയുമായിരുന്നുവെന്ന് നൗഷാദ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. 

45 ദിവസത്തെ ഐസലേഷൻ സ്വയം തെരഞ്ഞെടുത്ത് സമൂഹത്തിന് മാതൃകയും പൗരനെന്ന നിലയിലുള്ള പ്രതിബദ്ധതയും കാണിച്ച ഇരുവരേയും അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. പല വിമാനത്താവളത്തിലൂടെ കടന്നാണ് കേരളത്തിൽ എത്തിയതെങ്കിലും കേരളത്തിൽ മാത്രമാണ് കൊറോണ പരിശോധന ഉണ്ടായതെന്ന് രേഷ്മയും ഭർത്താവും സാക്ഷ്യപ്പെടുത്തുന്നു.

പോസ്റ്റിന്റെ പൂർണ രൂപം താഴേ ചേർക്കുന്നു...

പത്തനംതിട്ടയിലെ അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ച വാർത്ത അറിഞ്ഞു . അതിൽ ഇറ്റലിയിൽ നിന്നു വന്ന മൂന്നു പേർ ആ വിവരം മറച്ചു വെച്ച് വീട്ടിൽ പോവുകയും, മറ്റുള്ളവർക്ക് രോഗം പകരാൻ ഇടയവുകയും ചെയ്തല്ലോ. ഇതേ സമയത്താണ് എൻറെ സുഹൃത്തിനെ കുറിച്ച് ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്. പ്രിയ സുഹൃത്ത് രേഷ്മയും (Reshma Ammini )ഭർത്താവ് അകുൽ പ്രസാദും കഴിഞ്ഞ മാസം 21ന് ഇറ്റലിയിൽ ആയിരുന്നു. 

ആ ദിവസങ്ങളിലാണ് ഇറ്റലിയിൽ കൊറോണ വ്യാപകമാവുകയും ആളുകൾ മരിക്കുകയും ചെയ്തത്. അവർ പിന്നീട് അവിടെ നിന്ന് ഡെന്മാർക്കിൽ എത്തിയ ഉടനെ, അവിടെ യുള്ള ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടു . വിവരങ്ങൾ അറിയിച്ചപ്പോൾ ഡോക്ടർ അവിടെ വീട്ടിൽ ഇരിക്കാനും, പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെടുകയാണ് ചെയ്തത് . രണ്ടാഴ്ചക്ക് ശേഷം ആണ് അവൾ നാട്ടിലേക്ക് ദോഹ വഴി തിരിച്ചു വരുന്നത്. 

ഡെന്മാർക്കിലും ദോഹയിലുമൊന്നും എയർപോർട്ടിൽ നിന്ന് കൊറോണയെ കുറിച്ച് ചോദ്യങ്ങളോ, പരിശോധനയോ ഒന്നും ഉണ്ടായില്ലത്രേ. പിന്നീട് കൊച്ചിയിലെത്തിയ സമയത്താണ് ഇവിടെ എയർപോർട്ടിൽ ആരോഗ്യപ്രവർത്തകർ വിവരങ്ങൾ എല്ലാം ശേഖരിച്ചിരുന്നത്. യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കുന്ന രാജ്യത്തെ സ്റ്റാമ്പും അവിടുന്ന് എക്സിറ്റ് ചെയ്യുന്ന രാജ്യത്തെ സ്റ്റാമ്പും മാത്രമേ പാസ്പോർട്ടിൽ ഉണ്ടാവുകയുള്ളൂ.. ഇടക്ക്‌ യാത്ര ചെയ്യുന്ന EU രാജ്യങ്ങളുടെ വിവരങ്ങളൊന്നും പാസ്പോർട്ടിൽ കാണില്ല. 

അതുകൊണ്ടുതന്നെ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു എന്ന് പാസ്പോർട്ട് നോക്കിയാൽ മനസ്സിലാക്കാൻ പറ്റില്ല. യാത്രക്കാരൻ തന്നെ സ്വയം വിവരങ്ങൾ കൊടുക്കണം. അവൾ ആരോഗ്യ പ്രവർത്തകരുടെ അടുത്ത് , പോയ രാജ്യങ്ങളുടെ വിവരങ്ങൾ എല്ലാം നൽകി. കാര്യങ്ങൾ വിശദീകരിച്ചു. പിന്നെ അങ്ങോട്ട് ചോദിച്ചു , ഇനി എന്തെങ്കിലും ചെക്കിങ് നടത്തണോ isolation ആവശ്യമുണ്ടോ ഉണ്ടോ എന്നൊക്കെ. രണ്ടാഴ്ചയോളം ഡെന്മാർക്കിൽ isolation നടത്തി വന്നതുകൊണ്ട് , നിലവിൽ ലക്ഷണം ഒന്നും ഇല്ലാത്തതിനാൽ ആവശ്യമില്ലാ എന്നായിരുന്നു മറുപടി. 

എന്നാൽ, അവൾ ചെയ്തത് , ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സ്വയം വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും വീട്ടിൽ സന്ദർശിക്കരുതെന്ന് ആവശ്യപെട്ടു. മാത്രവുമല്ല അവൾ യാത്ര ചെയ്ത ടാക്സി ഡ്രൈവറുടെ ഫോൺ നമ്പർ അടക്കം, അവളുടെ എയർപോർട്ട് മുതലുള്ള എല്ലാ കോണ്ടാക്ട്സും രേഖപ്പെടുത്തിയിരുന്നു. ദിശയിൽ വിളിച്ചു, നമ്പർ ബിസി ആയിരുന്നതിനാൽ, തൊട്ടടുത്ത phc യിലേക്ക് വിളിച്ച് കാര്യങ്ങൾ അവരെയും ധരിപ്പിച്ചു .

 ഇതിനെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി എന്താണെന്ന് അറിയണം. "ഈ ആരോഗ്യ വകുപ്പും മന്ത്രിയും ആരോഗ്യ പ്രവർത്തകരും എല്ലാം ഇത്ര ബുദ്ധിമുട്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്നത് അവൾക്കും സമൂഹത്തിനും വേണ്ടിയല്ലേ, എന്നിട്ട് അവൾ കാരണം മറ്റൊരാൾക്കും ഒരു പ്രശ്നം വരാൻ പാടില്ല എന്ന് കരുതിയാണ് പരമാവധി ശ്രദ്ധ എടുക്കുന്നത്" എന്ന്. ഇതുകേട്ടപ്പോൾ എൻറെ സുഹൃത്തിനെ കുറിച്ച് എനിക്ക് ഒരുപാട് അഭിമാനം തോന്നി. പ്രത്യേകിച്ച് ഇന്നത്തെ ഇൗ വാർത്ത കൂടി കേട്ടപ്പോൾ. 

അവൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി ഗവേഷണത്തിലാണ്. ഇന്ന് വിളിച്ചിരുന്നു, ശൈലജ ടീച്ചറുടെ പത്ര സമ്മേളനം കണ്ട്. എന്നിരുന്നാലും ഇനിയും കുറച്ചുദിവസം കൂടി ഐസോലേഷൻ ഇരിക്കാൻ തന്നെയാണ് രേഷ്മയുടെ തീരുമാനം. അത് അവൾക്കുവേണ്ടി മാത്രമല്ല, നമുക്കും ഇൗ സമൂഹത്തിനു കൂടിയാണ് .. ഇതുപോലെ ഒരുപാട് പേരുണ്ടാകും.. രേഷ്മയെ പോലെ.. നിതാന്ത ജാഗ്രത കാണിക്കുന്ന ഇത്തരം ആളുകൾ തന്നെയാണ് നമ്മുടെ സമൂഹത്തിന് ഒരു മുതൽക്കൂട്ട്. ഒരുപാട് അഭിമാനം... സുഹൃത്തേ..!!!