നമുക്കറിയാം ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് ഭക്ഷണവും വെള്ളവും. ഏത് രോഗത്തേയും ചെറുക്കാന്‍ വലിയൊരു പരിധി വരെ നമ്മെ സഹായിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍ തന്നെയാണ്. കൊവിഡ് 19ന്റെ കാര്യത്തിലും ഇത് ശരിയാണ്. 

വൈറസിന്റെ ആക്രമണം മൂലം ശരീരം ക്ഷീണിക്കുമ്പോള്‍ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നമ്മളതിനെ മറികടക്കാന്‍ നോക്കേണ്ടതുണ്ട്. അതേസമയം രോഗത്തെക്കുറിച്ചുള്ള അമിതാശങ്കയില്‍ അധികമായ ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുന്നതും ഒരുപക്ഷേ, വിപരീതഫലമുണ്ടാക്കിയേക്കാം. 

അത്തരത്തിലൊരു സംഭവമാണ് ബ്രിസ്റ്റളില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലൂക്ക് വില്യംസണ്‍ എന്ന മുപ്പത്തിനാലുകാരന്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തു. മറ്റ് പല നിര്‍ദേശങ്ങള്‍ക്കുമൊപ്പം ദിവസവും രണ്ട് ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിക്കണമെന്ന് ഡോക്ടര്‍ അദ്ദേഹത്തോട് പറഞ്ഞു. 

 


എന്നാല്‍ രോഗത്തച്ചൊല്ലിയുള്ള ഉത്കണ്ഠ വര്‍ധിച്ചതിനാല്‍ ലൂക്ക് ആരോഗ്യകാര്യങ്ങളില്‍ അമിത ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഡോക്ടര്‍ നിര്‍ദേശിച്ച രണ്ട് ലിറ്റര്‍ വെള്ളം എന്നത് ലൂക്ക് അഞ്ച് ലിറ്ററാക്കി ഉയര്‍ത്തി. ഏതാനും ദിവസങ്ങള്‍ക്കകം വീട്ടിനുള്ളിലെ ബാത്ത്‌റൂമിനകത്ത് അവശനിലയില്‍ ലൂക്കിനെ കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും അവിടെ തീവ്രപരിചരവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വൈകാതെ, ലൂക്കിന്റെ ആരോഗ്യനിലയില്‍ പെട്ടെന്നുണ്ടായ മാറ്റത്തിന് കാരണമെന്തെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തു. അമിതമായി വെള്ളം കുടിക്കുന്നത് മൂലമുണ്ടാകുന്ന 'വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍' ആണത്രേ ലൂക്കിന് തിരിച്ചടിയായത്. 

'വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍' മൂലം തലച്ചോര്‍ ചീര്‍ത്തുവന്ന അവസ്ഥയുണ്ടായി. ഇതോടെയാണ് ലൂക്ക് തളര്‍ന്നുവീണത്. വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഈ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. വെള്ളം ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകം തന്നെയാണ്. എന്നാല്‍ അതും അധികമായാല്‍ പ്രശ്‌നമാണ്. 

 

 

ഓരോരുത്തരുടേയും പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചാണ് വെള്ളം കുടിക്കുന്നതിന്റെ അളവും നിശ്ചിക്കേണ്ടത്. അമിതമായി വെള്ളം കുടിക്കുമ്പോള്‍ വൃക്കകള്‍ക്ക് അത് താങ്ങാനാകാത്ത സാഹചര്യമുണ്ടാകുന്നു. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് ക്രമാതീതമായി കുറയാനിടയാക്കുന്നു. തളര്‍ച്ച, ക്ഷീണം, ബാലന്‍സ് തെറ്റുക,  അസ്വസ്ഥത, ആശങ്ക തുടങ്ങി പല അവസ്ഥകളിലേക്കും ഇതോടെ എത്താം. അല്‍പം കൂടി ഗുരുതരമാകുന്ന ഘട്ടത്തില്‍ ലൂക്കിന് സംഭവിച്ചത് പോലെ തലച്ചോര്‍ വീര്‍ത്തുവരുന്ന അവസ്ഥ പോലുമുണ്ടാക്കാം. കോമയിലേക്ക് പോകാനോ മരണം വരെ സംഭവിക്കാനോ പോലും ഇത് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

അതിനാല്‍ വെള്ളം കുടിക്കുമ്പോള്‍ എപ്പോളും അളവ് ശ്രദ്ധിച്ച് കുടിക്കുക. ഒന്നിച്ച് ഒരുപാട് വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. 'ദ നാഷണല്‍ അക്കാദമി ഓഫ് മെഡിസിന്‍' നിര്‍ദേശിക്കുന്നത് പ്രകാരം 19 മുതല്‍ 30 വരെ പ്രായമുള്ള സ്ത്രീകള്‍ 2. 7 ലിറ്റര്‍ വെള്ളവും, ഇതേ പ്രായത്തിലുള്ള പുരുഷന്മാരാണെങ്കില്‍ 3.7 ലിറ്ററും വെള്ളമാണ് പ്രതിദിനം കുടിക്കേണ്ടതുള്ളൂ. പ്രായത്തിനൊപ്പം തന്നെ മറ്റ് ആരോഗ്യപ്രശ്‌നമുള്ളവരാണെങ്കില്‍ അക്കാര്യവും പരിഗണിക്കേണ്ടതുണ്ട്. വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരാണ് ഏറ്റവുമധികം കരുതലെടുക്കേണ്ടത്.

Also Read:- അമിതമായി കാപ്പി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുമോ?...