ലഹരിക്കായി ഉപയോഗിക്കുന്ന 'എക്ടസി പില്‍' കഴിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ വാര്‍വിക് ഷയറില്‍ പത്തൊമ്പതുകാരൻ മരിച്ചു. ഇരുപത്തിരണ്ടുകാരിയായ യുവതി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ തുടരുകയാണിപ്പോള്‍. വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒരു പാര്‍ട്ടിക്കിടെയാണ് ഇരുവരും 'റെഡ് ബുള്‍ എക്ടസി പില്‍' കഴിച്ചത്. 

രാത്രിയില്‍ നടന്ന പാര്‍ട്ടിക്കിടെ 'പില്‍' കഴിക്കുകയും, രാവിലെയോടെ ഇരുവരും അവശനിലയില്‍ ആവുകയുമായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ പാര്‍ട്ടി നടന്ന സ്ഥലത്ത് നിന്ന് ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ഇവര്‍ ഇടപെട്ട് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ യുവാവ് മരിച്ചു. യുവതിയുടെ ഇപ്പോഴത്തെ നിലയില്‍ ഉറപ്പ് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല. 

'എക്ടസി പില്‍' അഥവാ 'എംഡിഎംഎ' ലഹരിക്ക് വേണ്ടി പല വിദേശരാജ്യളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു 'ഡ്രഗ്' ആണ്. നിറങ്ങള്‍, ശബ്ദങ്ങള്‍, സ്പര്‍ശം എന്നിവയെ അസാധാരണമായി അനുഭവപ്പെടാനുള്ള ഉപാധിയായാണ് 'എക്ടസി പില്‍' ഉപയോഗിക്കപ്പെടുന്നത്. 'സെക്‌സ്' കൂടുതല്‍ അനഭവവേദ്യമാക്കാനും ചിലര്‍ ഇതിനെ ആശ്രയിക്കാറുണ്ട്. 

എന്നാല്‍ ഒരു വിഭാഗം ആളുകളില്‍ ഇത് 'നെഗറ്റീവ്' ആയാണ് അനുഭവപ്പെടുകയെന്നും അമിതമായ അളവിലാണ് ഇത് അകത്താക്കുന്നതെങ്കില്‍ മരണം വരെ സംഭവിക്കാമെന്നും വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. യുവതിയുടേയും യുവാവിന്റേയും കേസില്‍ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ഇത് ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.