Asianet News MalayalamAsianet News Malayalam

'അവർ വെന്റിലേറ്റർ എടുത്തുമാറ്റി, ഞാനിപ്പോൾ മരിക്കു'മെന്ന് അച്ഛന് വീഡിയോ മെസേജിട്ടതിന്‌ പിന്നാലെ യുവാവിന് മരണം

ഹൈദരാബാദിലെ ആശുപത്രിയിൽ നിന്ന് ഈ വീഡിയോ അയച്ച് നിമിഷങ്ങൾക്കകം തന്റെ മകൻ മരണപ്പെട്ടു എന്നാണ് അച്ഛൻ വെങ്കിടേഷ് എഎൻഐയോട് പറഞ്ഞത്. 

Youth dies immediately after sending video message to father alleging doctors to have removed ventilator
Author
Hyderabad, First Published Jun 30, 2020, 11:47 AM IST

" ഡാഡീ... അവർ എന്റെ വെന്റിലേറ്റർ എടുത്തുമാറ്റി. കഴിഞ്ഞ മൂന്നുമണിക്കൂർ നേരമായി ഞാൻ അവരോട് പലവട്ടം പറഞ്ഞിട്ടും അവർ അത് തിരികെ പിടിപ്പിച്ചിട്ടില്ല. ഇപ്പോൾ എനിക്ക് ശ്വാസം കിട്ടുന്നില്ല ഡാഡീ... ഞാനിപ്പോൾ മരിച്ചു പോകും ഡാഡീ... ബൈ ഡാഡീ... എല്ലാവർക്കും ബൈ..." - ഇത് രവികുമാർ എന്ന 34 -കാരൻ തന്റെ അച്ഛന് ഹൈദരാബാദിലെ ഏറഗാഡയിലെ ചെസ്റ്റ് ഹോസ്പിറ്റലിന്റെ തീവ്രപരിചരണവിഭാഗത്തിലെ കിടക്കയിൽ കിടന്നുകൊണ്ട് അച്ഛന് വെങ്കടേഷിനയച്ച, സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ ഒരു വീഡിയോയിലെ സംഭാഷണമാണ്. രണ്ടുദിവസം മുമ്പാണ് രവികുമാറിന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട വിവരം അച്ഛൻ വെങ്കിടേഷിനെ തേടിയെത്തുന്നത്. 

 

 

ഈ വീഡിയോ അയച്ച് നിമിഷങ്ങൾക്കകം തന്റെ മകൻ മരണപ്പെട്ടു എന്നാണ് അച്ഛൻ വെങ്കിടേഷ് എഎൻഐയോട് പറഞ്ഞത്. രവികുമാറിന്റെ അന്തിമകർമ്മങ്ങൾ ശനിയാഴ്ച പൂർത്തിയാക്കപ്പെട്ടു. "എന്റെ മകന് ജൂൺ 24 തൊട്ടു തന്നെ കടുത്ത പനിയുണ്ടായിരുന്നു. പല നല്ല ആശുപത്രികളിലും അവനെ പ്രവേശിപ്പിക്കാൻ നോക്കിയെങ്കിലും അവിടൊന്നും അവർ അവനെ എടുത്തില്ല. ഒടുവിലാണ് ചെസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിഷൻ കിട്ടിയത്. അവിടേക്ക് കയറ്റി രണ്ടു ദിവസത്തിനകം അവർ തിരികെ തന്നത് എന്റെ മകന്റെ മൃതദേഹമാണ് " വെങ്കടേഷ് കണ്ണീരോടെ പറഞ്ഞു. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ജവഹർ നഗർ എന്ന ടൗണിലാണ് വെങ്കടേഷും മകൻ രവികുമാറും താമസിച്ചിരുന്നത്. 

എന്നാൽ വെന്റിലേറ്റർ സപ്പോർട്ട് നീക്കുക എന്ന സംഭവമേ ഉണ്ടായിട്ടില്ല എന്ന് ചെസ്റ്റ് ഹോസ്പിറ്റൽ സൂപ്രണ്ട് മെഹബൂബ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. " രവികുമാറിന്റെ ഹൃദയത്തെ രോഗം നേരിട്ട് ബാധിച്ച് അദ്ദേഹം ആകെ ക്രിട്ടിക്കലായ അവസ്ഥയിലേക്ക് ആദ്യദിവസം തന്നെ വഴുതി വീണിട്ടുണ്ടായിരുന്നു. ആ അവസ്ഥയിൽ വെന്റിലേറ്റർ ഉണ്ടോ അല്ലയോ എന്നറിയാനുള്ള ബോധമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതാണ് ഓക്സിജൻ സപ്പോർട്ട് കൊടുത്തില്ല എന്ന് അദ്ദേഹം വീഡിയോ സന്ദേശമയച്ചത്. ആ സന്ദേശത്തിൽ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് നിങ്ങൾക്ക് ഓക്സിജൻ ട്യൂബ് കാണാം. ഞങ്ങൾ ആരുടെയും ഓക്സിജൻ സപ്പോർട്ട് അങ്ങനെ നീക്കുന്ന പതിവില്ല." ഖാൻ പറഞ്ഞു.

ഹൃദയസ്തംഭനമാണ് രവികുമാറിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമായത് എന്നും സൂപ്രണ്ട് അറിയിച്ചു. സാധാരണ കൊവിഡ് ബാധിക്കുന്ന രോഗികൾ മരിക്കാറുള്ളത് ശ്വാസകോശത്തെ രോഗം വല്ലാതെ ബാധിക്കുന്ന സാഹചര്യത്തിലാണ്. എന്നാൽ, ഇവിടെ കഴിഞ്ഞ കുറെ ദിവസങ്ങളായി 25-40 വയസ്സിനിടെ പ്രായമുള്ളവരുടെ ഹൃദയത്തിലേക്ക് വൈറൽ ഇൻഫെക്ഷൻ ഉണ്ടായി അവർ ഹൃദയം സ്തംഭിച്ച് മരിച്ചുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.

അവർക്ക് ഓക്സിജൻ സപ്പോർട്ട് നല്കിയിരുന്നാലും വേണ്ടത്ര ഓക്സിജൻ കിട്ടുന്നില്ല എന്ന തോന്നൽ അവർക്കുണ്ടാകും. അതിനു കാരണം ഹൃദയത്തിനുണ്ടാകുന്ന അണുബാധയാണ്. ഓക്സിജന്റെ കുറവല്ല. ചെസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ രോഗിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നു എന്നും അവരുടെ ഭാഗത്തുനിന്ന് യാതൊരു പിഴവും ഉണ്ടായിട്ടില്ല എന്നും ചെസ്റ്റ് ഹോസ്പിറ്റൽ സൂപ്രണ്ട് മെഹബൂബ് ഖാൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios