Asianet News MalayalamAsianet News Malayalam

പതിവായി 'എനര്‍ജി ഡ്രിംഗ്‌സ്' കുടിക്കുമായിരുന്ന ഇരുപത്തിയൊന്നുകാരന് പിന്നീട് സംഭവിച്ചത്...

പ്രത്യേകമായ മെഡിക്കല്‍ കേസുകളെ കുറിച്ചുള്ള വിശദമായ പരിശോധനകളും നിഗമനങ്ങളും വിദഗ്ധരുടെ നിരീക്ഷണങ്ങളുമെല്ലാമാണ് 'ബിഎംജെ കേസ് റിപ്പോര്‍ട്ട്‌സ്'ല്‍ വരാറ്. ഇതില്‍ പതിവായി 'എനര്‍ജി ഡ്രിംഗ്‌സ്' കഴിക്കുന്ന ഇരുപത്തിയൊന്നുകാരന് സംഭവിച്ച ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചാണ് വിദഗ്ധര്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്
 

youth met with heart and kidney failure after drinking energy drinks daily
Author
Trivandrum, First Published Apr 16, 2021, 1:11 PM IST

എനര്‍ജി ഡ്രിംഗ്‌സ് സ്ഥിരമായി കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത് കേള്‍ക്കാറില്ലേ? എത്രമാത്രം അപകടകരമാണ് ഇത്തരം പാനീയങ്ങളുടെ പതിവ് ഉപയോഗമെന്ന് തെളിയിക്കുന്നൊരു സംഭവമാണ് 'ബിഎംജെ കേസ് റിപ്പോര്‍ട്ട്‌സ്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ അടുത്തിടെ വന്നത്. 

പ്രത്യേകമായ മെഡിക്കല്‍ കേസുകളെ കുറിച്ചുള്ള വിശദമായ പരിശോധനകളും നിഗമനങ്ങളും വിദഗ്ധരുടെ നിരീക്ഷണങ്ങളുമെല്ലാമാണ് 'ബിഎംജെ കേസ് റിപ്പോര്‍ട്ട്‌സ്'ല്‍ വരാറ്. 

ഇതില്‍ പതിവായി 'എനര്‍ജി ഡ്രിംഗ്‌സ്' കഴിക്കുന്ന ഇരുപത്തിയൊന്നുകാരന് സംഭവിച്ച ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചാണ് വിദഗ്ധര്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി ദിവസവും നാല് കാനോളം 'എനര്‍ജി ഡ്രിംഗ്‌സ്' കഴിക്കുന്ന യുവാവിന് ഒടുക്കം ഹൃദയവും വൃക്കകളും 'ഫെയിലിയര്‍' ആയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

അയാള്‍ കുടിച്ചിരുന്ന എനര്‍ജി ഡ്രിംഗ്‌സിന്റെ ഓരോ കാനിലും 160 മില്ലിഗ്രാമോളം കഫീനും ടോറിന്‍ എന്ന് പറയപ്പെടുന്ന പ്രോട്ടീനും ഉണ്ടായിരുന്നു. ഇതിന് പുറമെ മറ്റ് ചേരുവകളും. ഇതുതന്നെ തുടര്‍ച്ചയായി രണ്ട് വര്‍ഷം കഴിച്ചതോടെ ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലാവുകയായിരുന്നുവത്രേ. 

നാല് മാസത്തോളം നീണ്ട ശ്വാസതടസം, ശരീരഭാരം കുറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യുവാവ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഹൃദയം- വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. 

ഇരു അവയവങ്ങളും മാറ്റിവയ്‌ക്കേണ്ട സാഹചര്യമായിരുന്നു ചികിത്സയുടെ തുടക്കത്തിലുണ്ടായത്. എന്നാല്‍ മരുന്നുകള്‍ കൊണ്ട് ഹൃദയം തിരിച്ചുകിട്ടിയിരിക്കുകയാണ്. വൃക്ക മാറ്റിവയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തല്‍ക്കാലം മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇപ്പോള്‍ സംഭവിച്ച പ്രശ്‌നങ്ങളുടെ അനന്തരഫലങ്ങള്‍ വന്നേക്കാമെന്നാണ് ഡോക്ടര്‍മാര്‍ ഇയാള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

എനര്‍ജി ഡ്രിംഗുകളുടെ ഉപയോഗം സംബന്ധിച്ച് താക്കീത് നല്‍കുന്ന നിരവധി പഠനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആരും അതെക്കുറിച്ചൊന്നും ബോധവാന്മാരാകാറില്ലെന്നും അതിനാലാണ് ഈ കേസ് സ്റ്റഡി പങ്കുവച്ചതെന്നും ലേഖനം തയ്യാറാക്കിയിരിക്കുന്ന വിദഗ്ധര്‍ എടുത്തുപറയുന്നു. യുവാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സംഭവമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:- വണ്ണം കുറയ്ക്കാനുള്ള ചില ഗുളികകളിൽ ഹിറ്റ്‌ലറുടെ പ്രിയ ഉത്തേജകമരുന്നിന്റെ അംശം കണ്ടെത്തി പഠനം...

Follow Us:
Download App:
  • android
  • ios