Asianet News MalayalamAsianet News Malayalam

അണ്ണാ ഡിഎംകെയിൽ പടപ്പുറപ്പാട്, പാർട്ടി പൊട്ടിത്തെറിയിലേക്ക്

സമീപകാല തമിഴക രാഷ്ട്രീയം കണ്ടിട്ടില്ലാത്ത പാളയത്തിൽ പടയാണ് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിൽ നടക്കുന്നത്. പ്രതിപക്ഷനേതാവ് ഇ. പളനിസ്വാമിയുടേയും പാർട്ടി കോ ഓഡിനേറ്റർ ഒ.പനീർ ശെൽവത്തിന്‍റേയും നേതൃത്വങ്ങളുടെ കീഴിൽ പ്രത്യക്ഷത്തിൽ തന്നെ രണ്ട് വ്യത്യസ്ത പാർട്ടികളെന്നോണമാണ് അണ്ണാ ഡിഎംകെയുടെ ഇപ്പോഴത്തെ പ്രവർത്തനം.

Clashes in ADMK indicate that the party is headed for a split Recent history
Author
Chennai, First Published Jul 6, 2022, 8:19 PM IST

ചെന്നൈ: സമീപകാല തമിഴക രാഷ്ട്രീയം കണ്ടിട്ടില്ലാത്ത പാളയത്തിൽ പടയാണ് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിൽ നടക്കുന്നത്. പ്രതിപക്ഷനേതാവ് ഇ. പളനിസ്വാമിയുടേയും പാർട്ടി കോ ഓഡിനേറ്റർ ഒ.പനീർ ശെൽവത്തിന്‍റേയും നേതൃത്വങ്ങളുടെ കീഴിൽ പ്രത്യക്ഷത്തിൽ തന്നെ രണ്ട് വ്യത്യസ്ത പാർട്ടികളെന്നോണമാണ് അണ്ണാ ഡിഎംകെയുടെ ഇപ്പോഴത്തെ പ്രവർത്തനം. ഇരുനേതാക്കളും കണ്ടാൽ മിണ്ടാത്തവണ്ണം, പരസ്പരം മുഖത്തുനോക്കുന്ന അവസരങ്ങൾ ഒഴിവാക്കുംവിധം അകന്നുകഴിഞ്ഞു. ഇരുവരുടേയും അണികളാകട്ടെ, തെരുവിൽ തല്ലുന്നു.

ജൂൺ മാസം 23ന് ചെന്നൈയിലെ വാനഗരത്ത് നടന്ന പാർട്ടിയുടെ പരമാധികാര സമിതിയായ ജനറൽ കൗൺസിൽ യോഗം ഇരുവിഭാഗങ്ങളുടേയും നേർക്കുനേർ പോരിൽ അലസിപ്പിരിയുകയായിരുന്നു. ഇപിഎസ് വിഭാഗം ജൂലൈ 11ന് വീണ്ടും ജനറൽ കൗൺസിൽ വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ജനറൽ കൗൺസിൽ നിയമവിരുദ്ധമാണെന്ന് വരുത്താനും ജൂലൈ 11ന് നടക്കാനിരിക്കുന്ന ജനറൽ കൗൺസിൽ തടയാനുമുള്ള തന്ത്രങ്ങൾ മെനയുകയാണ് ഒപിഎസ് വിഭാഗം. ഏത് വിധേനയും പനീർശെൽവത്തെ നിഷ്പ്രഭനാക്കി പാർട്ടിയിൽ സമ്പൂർണാധിപത്യം സ്ഥാപിക്കാനാണ് പളനിസ്വാമി കോപ്പുകൂട്ടുന്നത്.

അണ്ണാ ഡിഎംകെയിൽ സംഭവിക്കുന്നത്

ജയലളിതയുടെ വിയോഗം വരെ കരുത്തുറ്റ സംഘടനയും അച്ചടക്കമുള്ള കേ‍ഡർ ഘടനയുമുള്ള പാർട്ടിയായിരുന്നു അണ്ണാ ഡിഎംകെ. ജയലളിതയുടെ അപ്രമാദിത്തത്തിന് കീഴെ പാർട്ടിയിൽ മറ്റൊരു അധികാരകേന്ദ്രം ഉണ്ടായിരുന്നില്ല. രണ്ടാം നിരയിലെ നേതാക്കളെല്ലാവരും പുരൈട്ചി തലൈവിയോടുള്ള ഭയഭക്തി ബഹുമാനങ്ങൾ പ്രകടിപ്പിക്കാനായിരുന്നു മത്സരിച്ചത്. കൂടുതൽ വിധേയരും വിശ്വസ്തരുമായവർക്ക് ജയലളിത പാർട്ടിയിലും പാർലമെന്‍ററി രംഗത്തും സ്ഥാനമാനങ്ങൾ നൽകി അനുഗ്രഹിച്ചു. രണ്ടാമതൊരു നേതൃനിരയില്ലാത്ത സംഘടനകൾക്കെല്ലാം സംഭവിക്കുന്ന ചരിത്രപരമായ പരിണാമഗുപ്തിയാണ് അണ്ണാ ഡിഎംകെയിലും സംഭവിക്കുന്നത്. പരമോന്നത നേതാവിന്‍റെ വിയോഗത്തോടെ സംഘടനാസംവിധാനം ചരടുപൊട്ടിയ മുത്തുമാല പോലെ ചിതറി. നേതൃനിരയിലെ പ്രമുഖരെല്ലാം സ്വന്തം അധികാരമുറപ്പിക്കാനും കൂടെയുള്ളവരുടെ കുതികാലുവെട്ടാനും ഒരുമിച്ച് പരിശ്രമിക്കുന്ന വിചിത്രമായ രാഷ്ട്രീയ സാഹചര്യം. അണ്ണാ ഡിഎംകെ രാഷ്ട്രീയത്തിലെ സമീപകാല പൊട്ടിത്തെറികളുടെ ചരിത്രപശ്ചാത്തലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ഒപിഎസ് എന്നും അമ്മയുടെ വിശ്വസ്തനായ രണ്ടാമൻ

ജയലളിതയുടെ മരണത്തിന് മുമ്പ് പാർട്ടിയിലെ രണ്ടാമനായിരുന്നു ഒ പനീർശെൽവം. പെരിയകുളം മുനിസിപ്പാലിറ്റി ചെയർമാനായി രാഷ്ട്രീയ ജീവിതം തുടങ്ങി പടിപടിയായി ഉയർന്ന് പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒക്കെയായത് ജയലളിതയുടെ വിശ്വാസത്തിലും കാരുണ്യത്തിലും. അമ്മയുടെ സേവകനാണ് താനെന്ന് ഒപിഎസ് എല്ലാക്കാലത്തും അഭിമാനത്തോടെ പറഞ്ഞു. 2001ൽ അഴിമതിക്കേസിൽപ്പെട്ട ജയലളിതയെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് സുപ്രീം കോടതി തടഞ്ഞപ്പോൾ അവർക്ക് തന്‍റെ പകരക്കാരനായി മറ്റൊരു പേര് ആലോചിക്കാനില്ലായിരുന്നു. അങ്ങനെ തമിഴ്നാട് രാഷ്ട്രീയത്തിൽ ശരാശരിക്കാരനായിരുന്ന പനീ‍ർശെൽവം പെട്ടെന്നൊരു ദിവസം തമിഴ്നാടിന്‍റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു.

ജയലളിതയുടെ പാവ മുഖ്യമന്ത്രി എന്ന് പഴിയേറെ കേട്ടെങ്കിലും ഒപിഎസ് ആ വിശേഷണം ഒരു പദവിയായി ആണ് എടുത്തത്. പിന്നീട് ജയലളിതയെ മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കിയപ്പോൾ അമ്മയ്ക്കുവേണ്ടി രാജിവച്ചൊഴിഞ്ഞ് വിനീതവിധേയനായി. 2006ൽ ഭരണം പോയപ്പോൾ പ്രതിപക്ഷനേതാവായി ജയലളിത ഒപിഎസിനെ നിയോഗിച്ചു, ദിവസങ്ങൾക്കകം ആ പദവിയും ജയലളിതയ്ക്കുവേണ്ടി സന്തോഷത്തോടെ രാജിവച്ച് മാറിക്കൊടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത ശിക്ഷിക്കപ്പെട്ടപ്പോഴായിരുന്നു അണ്ണാ ഡിഎംകെയിലെ രണ്ടാമൂഴക്കാരൻ രണ്ടാമതും മുഖ്യമന്ത്രിയായത്. 2014 സെപ്റ്റംബർ 29ന് പനീർശെൽവം പകരം മുഖ്യമന്ത്രിയായി ചുമതലേയേറ്റു. 2015 മെയ് 11ന് കർണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോൾ സ്വാഭാവികമായും ഒപിഎസിന് രാജിവയ്ക്കേണ്ടിവന്നു. സെന്തിൽ ബാലാജി, നൃത്തം വിശ്വനാൻ, നവനീത് കൃഷ്ണൻ എന്നുതുടങ്ങി വിശ്വസ്തരുടെ ഒരു നിര ഒപ്പമുണ്ടെങ്കിലും ജയലളിതയുടെ ആദ്യ പരിഗണനയായിരുന്നു ഒപിഎസ്. ഇക്കാലമെല്ലാം ഇപിഎസ് പാർട്ടിയിലെ മൂന്നാമനോ അതിലും താഴേ നിരയിലൊരാളോ ആയിരുന്നു.

ശശികലയുടെ രംഗപ്രവേശം, ഒപിഎസ് അന്നും രണ്ടാമൻ

ജയലളിതയുടെ മരണത്തിന് തൊട്ടുപിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിയായി പനീർശെൽവത്തിന് മൂന്നാമൂഴം. പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇപിഎസിനും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എൻ.തമ്പിദുരൈയുമടക്കം മുഖ്യമന്ത്രിപദത്തിൽ കണ്ണുണ്ടായിരുന്ന അര ഡസൻ നേതാക്കളെങ്കിലും അന്ന് അണ്ണാ ഡിഎംകെയിലുണ്ടായിരുന്നു. എന്നാൽ ജയലളിതയുടെ തോഴിയും സന്തത സഹചാരിയുമായ ശശികലയുടെ പിന്തുണ തലൈവിയുടെ വിശ്വസ്തൻ ഒപിഎസിന് തന്നെ കിട്ടി. 2016 ഡിസംബർ 6ന് ഒപിഎസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഇതിനിടെ ത്യാഗത്തലൈവി എന്ന പരിവേഷത്തോടെ ശശികലയെ ചിന്നമ്മയായി കണക്കാക്കുന്ന അനുചരവൃന്ദം രൂപപ്പെടുന്നുണ്ടായിരുന്നു. ജയലളിതയുടെ വിയോഗത്തിന്‍റെ വൈകാരിക അന്തരീക്ഷത്തിൽ രൂപപ്പെട്ട ശശികല വിഭാഗം അന്ന് ചെറുതല്ലാത്ത സ്വാധീനശക്തിയായി മാറുകയും ചെയ്തു. എംജിആറിന്‍റെ വ്യക്തിപ്രഭാവമോ ജയലളിതയുടെ നേതൃപാടവമോ ഇല്ലാത്ത പനീർശെൽവത്തിന് മുഖ്യമന്ത്രിയായി ഒറ്റയ്ക്ക് പിടിച്ചുനിൽക്കാൻ പ്രയാസമാകുമെന്ന് ആദ്യം മനസിലാക്കിയത് അദ്ദേഹം തന്നെയാണ്. 

മുഖ്യമന്ത്രി പദത്തിലിരിക്കെയും തന്നെ സ്വയം രണ്ടാമനാക്കി അവതരിപ്പിക്കാനാണ് ഒപിഎസ് ശ്രമിച്ചത്. ഇപിഎസിനേയും തമ്പിദുരൈയെയും അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ പ്രായോഗിക രാഷ്ട്രീയത്തിൽ വലിയ കൈത്തഴക്കമില്ലാത്ത ശശികലയെ നേതാവാക്കി ഒപ്പം നിർത്തുക എന്ന കൗശലം പനീർശെൽവം വിജയകരമായി പരീക്ഷിച്ചു. പാർട്ടിയുടെ തലപ്പത്തേക്ക് ശശികലയെ നാമനിർദേശം ചെയ്തതും പനീർശെൽവം തന്നെ. പക്ഷേ തൽക്കാലം പാർട്ടി സ്ഥാനങ്ങൾ ഏറ്റെടുക്കുന്നില്ലെന്ന നിലപാടിലായിരുന്നു ശശികല. ഒപിഎസിനെ മുന്നിൽ നിർത്തി അവർ അണ്ണാ ഡിഎംകെയുടെ പിൻസീറ്റ് ഡ്രൈവറായി.

തമിഴ്നാട്ടിന്‍റെ തെക്കൻ ജില്ലകളിലെ പ്രബലമായ സ്വാധീനശക്തിയായ തേവർ സമുദായത്തിന്‍റെ പിന്തുണയും ശശികല - ഒപിഎസ് താൽക്കാലിക സഖ്യത്തിന് ഉണ്ടായിരുന്നു. തമ്പിദുരൈയെയും ഒപിഎസിനേയും പിന്തുണച്ചത് പടിഞ്ഞാറൻ ജില്ലകളിൽ സ്വാധീനമുള്ള ഗൗണ്ടർ സമുദായവും. ഭൂരിഭാഗം എംഎൽഎമാരുടേയും പിന്തുണ ഒപിഎസിന് അനുകൂലമായി ശശികല ഉറപ്പിച്ചു. സാമുദായിക ബലാബലത്തിലും അണികളുടെ പിൻബലത്തിലും ഒപിഎസ് ആദ്യമായി മേൽക്കൈ നേടിയ രാഷ്ട്രീയ സന്ദർഭം അതായിരുന്നു. ഏത് നിമിഷവും ഒപിഎസിനെ മാറ്റിനിർത്തി അധികാരം കയ്യാളാമെന്ന് ശശികല കണക്കുകൂട്ടി. പളനിസ്വാമി, തമ്പിദുരൈ, ജെസിടി പ്രഭാകർ, മനോജ് പാണ്ഡ്യൻ എന്നുതുടങ്ങി കൈത്തഴക്കമുള്ള സ്ഥിരം രാഷ്ട്രീയക്കാരോട് മത്സരിച്ചുനിൽക്കുന്നതിലും സുരക്ഷിതം ശശികലയെ ഒപ്പം നിർത്തി മുഖ്യമന്ത്രിക്കസേര സ്വന്തമാക്കി നിലനിർത്തുന്നതാണെന്ന് ഒപിഎസും കരുതി.

2016 ഡിസംബർ 29ന് വാനഗരത്തിൽ ചേർന്ന ജനറൽ കൗൺസിലിൽ ജയലളിതയുടെ ഓർമകളിൽ വിമ്മിക്കരഞ്ഞുകൊണ്ടാണ് ശശികലയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കാനുള്ള പ്രമേയം പനീർശെൽവം അവതരിപ്പിച്ചത്. പളനിസ്വാമിയടക്കം സകല നേതാക്കളും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്ന തന്ത്രപരമായ നിലപാടെടുത്തു. അണികൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന, എന്നാൽ രാഷ്ട്രീയ തന്ത്രങ്ങളിൽ തങ്ങൾക്ക് വളരെ പിന്നിലെന്നു കരുതിയ ശശികല ജനറൽ സെക്രട്ടറിയാകുന്നതാണ് അവരവരുടെ വളർച്ചയ്ക്ക് നല്ലതെന്ന് എല്ലാവരും കരുതി. അന്ന് ശശികലയുടെ അസാന്നിദ്ധ്യത്തിൽ ചേർന്ന ജനറൽ കൗൺസിൽ അവരെ പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വാനഗരത്തിലെ ജനറൽ കൗൺസിൽ വേദിയിൽ നിന്ന് തീരുമാനം രേഖപ്പെടുത്തിയ മിനുട്സുമായി നേതാക്കളൊന്നടങ്കം പോയസ് ഗാ‍ർഡനിൽ ശശികല താമസിച്ചിരുന്ന ജയലളിതയുടെ വീടായ വേദനിലയത്തിലെത്തി. വീണ്ടും വികാരനിർഭര രംഗങ്ങൾ. വിതുമ്പിക്കൊണ്ട് ചിന്നമ്മ ജനറൽ സെക്രട്ടറിപദം ഏറ്റെടുക്കാമെന്നറിയിച്ചു. നേതൃത്വമൊന്നാകെ ശശികലയെ ആനയിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനമായ എംജിആർ മാളികയിലേക്ക് കൊണ്ടുവന്ന് പാർട്ടി പരമാധ്യക്ഷയുടെ കസേരയിലിരുത്തി. ഒപിഎസും ഇപിഎസും ചിന്നമ്മയുടെ കാലിൽ വീണ് വണങ്ങി. ഒരു ജയലളിത വെർഷൻ രണ്ട് പിറവിയെടുക്കുന്നു എന്ന് തോന്നിയ നിമിഷങ്ങൾ.

തുടരുന്ന പാളയത്തിൽ പട, ചിന്നമ്മയും ഒപിഎസും തെറ്റുന്നു

ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തതോടെ ശശികലയുടെ വിധം മാറി. പാർട്ടി അധികാരത്തിലിരിക്കെ സംഘടനാ പദവി മാത്രം കയ്യാളിക്കൊണ്ട് എന്തിനിരിക്കണം? ചിന്നമ്മ മുഖ്യമന്ത്രി പദം ലക്ഷ്യം വച്ചുള്ള കരുനീക്കം തുടങ്ങി. ഒപിഎസിന് മേൽ രാജി വയ്ക്കാൻ നിരന്തര സമ്മർദം. ഒടുവിൽ 2017 ഫെബ്രുവരി അഞ്ചിന് ഒപിഎസിന്‍റെ നാടകീയ രാജി പ്രഖ്യാപനം വന്നു. ശശികലയെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. രാജി സ്വീകരിച്ച ഗവർണർ സി.വിദ്യാസാഗർ റാവു പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുംവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഒപിഎസിനോട് ആവശ്യപ്പെട്ടു. 

എന്നാൽ ശശികലയുടെ സത്യപ്രതിജ്ഞ ഗവർണർ പ്രായോഗിക കാരണങ്ങൾ പറഞ്ഞ് ഏതാനം ദിവസത്തേക്ക് വച്ച് താമസിപ്പിച്ചു. ഒരാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതി വിധി പറയാനിരിക്കുന്ന അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികല ശിക്ഷിക്കപ്പെട്ടാൽ ഉണ്ടാകാനിടയുള്ള ഭരണഘടനാ പ്രതിസന്ധിയായിരുന്നു കാരണം. പിന്നീടുള്ള ദിവസങ്ങളിൽ തമിഴ്നാട് കണ്ടത് എക്കാലത്തേയും വലിയ അതിനാടകീയ രാഷ്ട്രീയ സംഭവവികാസങ്ങൾ.

മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരമായ ഫിനിക്സ് മെമ്മോറിയലിൽ എത്തി നാൽപ്പത് മിനിട്ടോളം ഒപിഎസ് ധ്യാനനിരതനായിരുന്നു. രാഷ്ട്രീയ നാടകങ്ങളിൽ തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിഞ്ഞ മണിക്കൂറുകൾ. തുടർന്ന് കടുത്ത സമ്മ‍ർദ്ദത്തിന് വഴങ്ങിയാണ് താൻ രാജിവച്ചതെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഒപിഎസ് ശശികലയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ജയലളിതയുടെ മരണത്തിൽ ശശികലയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ചില ഗുരുതര ആരോപണങ്ങളും ഈ ഘട്ടത്തിൽ ഒപിഎസ് ഉന്നയിക്കുന്നുണ്ട്. അണികളും രണ്ട് ചേരിയായി തിരിഞ്ഞു, ആരോപണ പ്രത്യാരോപണങ്ങൾ, ശക്തിപ്രകടനങ്ങൾ, വൈകാരിക പ്രസ്താനവനകൾ എല്ലാം പതിവുപോലെ. പക്ഷേ ഇത്തവണ ഒപിഎസിന്‍റെ ക്യാമ്പിനായിരുന്നു കരുത്ത്. പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ.മദുസൂദനൻ അടക്കം മിക്ക നേതാക്കളും ഒപിഎസിന് പിന്തുണ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ കുപ്രസിദ്ധമായ റിസോർട്ട് രാഷ്ട്രീയത്തിന് തുടക്കമാകുന്നതും അതേ ദിവസം. ഒപിഎസ് ക്യാമ്പിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തടയാൻ ശശികല തന്നെ പിന്തുണയ്ക്കുന്ന 122 എംഎൽഎമാരുമായി മഹാബലിപുരത്തെ ഗോൾഡൻ ബേ റിസോർട്ടിലേക്ക് മാറി. ഇതിനിടെ രാഷ്ട്രീയ അനിശ്ചിതത്വം പലമടങ്ങ് ഇരട്ടിയാക്കിക്കൊണ്ട് ഫെബ്രുവരി 14ന് സുപ്രീം കോടതി വിധിയെത്തി. ശശികലയടക്കം മൂന്ന് പ്രതികൾ അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാർ, നാല് വർഷത്തെ തടവ് ശിക്ഷ, പത്ത് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്കും!

ശശികല ജയിലിലേക്ക്, മുഖ്യമന്ത്രിക്കസേരയിലേക്ക് ഇപിഎസ്

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കീഴടങ്ങാൻ കോടതി ശശികലയ്ക്ക് അനുവദിച്ചത് 24 മണിക്കൂറായിരുന്നു. അതിനുള്ളിൽ പിന്നെയും സ്ഫോടനാത്മകമായ പലതും സംഭവിച്ചു. മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ അവകാശവാദം സ്വാഭാവികമായും ഗവർണർ നിരസിച്ചു. പക്ഷേ കൂടെ നിന്ന് കുതികാലുവെട്ടിയ ഒപിഎസിനെ മുഖ്യമന്ത്രിക്കസേരയിൽ വീണ്ടും വാഴിച്ച് ജയിലിലേക്ക് പോകാൻ ശശികല ഒരുക്കമായിരുന്നില്ല. റിസോർട്ടിൽ വിളിച്ച് ചേർത്ത എംഎൽഎമാരുടെ യോഗത്തിൽ അവർ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിച്ചു. ജനറൽ സെക്രട്ടറിയുടെ അധികാരം ഉപയോഗിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പനീർശെൽവത്തെ അണ്ണാ ഡിഎംകെയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇതോടൊപ്പം ഒപിഎസ് പക്ഷക്കാരെയെല്ലാം പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കി. പ്രിസീഡിയം ചെയർമാനായി കെ.എ.സെങ്കോട്ടയ്യനെ നിയമിച്ചു. ജയിലിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്വന്തം അനന്തരവൻ ടിടിവി ദിനകരനെ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായും ശശികല അവരോധിച്ചു. തമിഴകത്തിന്‍റെ രാഷ്ട്രീയ ഇടനാഴികളിൽ വലിയ സ്വാധീനമുണ്ടായിരുന്ന മന്നാർഗുഡി മാഫിയയിലെ പിൻതലമുറക്കാരനുമായ ദിനകരനെ 2011ൽ ജയലളിത പാർട്ടിയിൽ നിന്ന് പുറത്താക്കിയതായിരുന്നു. അങ്ങനെ താൻ ജയിലിലാണെങ്കിലും പാർട്ടിയെ നിയന്ത്രിക്കുന്ന ചരടുകൾ കയ്യിൽതന്നെയുണ്ടാകും എന്നുറപ്പാക്കിയിട്ട് ഫെബ്രുവരി 15ന് ശശികല പരപ്പന അഗ്രഹാര ജയിലിൽ കീഴടങ്ങി.

ഒപിഎസ്, ഇപിഎസ് ബലാബലം, ആദ്യഘട്ടം

തൊഴുത്തിൽക്കുത്ത് തടയാൻ പനീർശെൽവം അനുകൂലിയായ കെ.പാണ്ഡ്യരാജൻ ഒഴികെ പഴയ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മന്ത്രിമാരെയെല്ലാം പളനിസ്വാമി സ്വന്തം മന്ത്രിസഭയിലും നിലനിർത്തി. പനീർശെൽവം വഹിച്ചിരുന്ന ആഭ്യന്തരവും ധനകാര്യവും അടക്കമുള്ള വകുപ്പുകൾ പളനിസ്വാമി തന്നെ ഏറ്റെടുത്തു. ഭൂരിപക്ഷം തെളിയിക്കാൻ പളനിസ്വാമിക്ക് ഗവർണർ 15 ദിവസം അനുവദിച്ചു. ഈ സമയമെല്ലാം മന്ത്രിമാരും എംഎൽഎമാരും മഹാബലിപുരത്തെ റിസോർട്ടിൽ തുടരുകയായിരുന്നു.

ഇതിനിടെ എംഎൽഎമാരെ തടഞ്ഞുവച്ചിരിക്കുന്നു എന്ന് കാട്ടി ഒപിഎസ് വിഭാഗം കോടതിയെ സമീപിച്ചു. എംഎൽഎമാർ എവിടെയെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകണമെന്ന് തമിഴ്നാട് ഡിജിപിയോട് മദ്രാസ് ഹൈക്കോടതി നി‍ർദേശിച്ചു. ആരും തങ്ങളെ തടഞ്ഞുവച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരം റിസോർട്ടിൽ താമസിക്കുകയാണെന്ന് ഒരു വിഭാഗം എംഎൽഎമാർ പുറത്തുവന്ന് വെളിപ്പെടുത്തി. തുടർന്ന് ഫോൺ പോലും ഉപയോഗിക്കാൻ അനുവദിക്കാതെ എംഎൽഎമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും അവർ ഉപവാസ സമരത്തിലാണെന്നും പനീ‍ർശെൽവം വീണ്ടും ആരോപിക്കുന്നു. ജീവന് ഭീഷണി ഉള്ളതുകൊണ്ടാണ് എംഎൽഎമാർ ഫോൺ ഓഫ് ചെയ്തിരിക്കുന്നതെന്ന് ഇപിഎസ്, ശശികല ക്യാമ്പ് തിരിച്ചടിക്കുന്നു തുടങ്ങിയ ഹൈ വോൾട്ടേജ് രാഷ്ട്രീയ നാടകങ്ങളും ഇതിനെല്ലാം സമാന്തരമായി നടക്കുന്നുണ്ട്.

പാർട്ടിയിലെ മറ്റൊരു ശക്തികേന്ദ്രമായിരുന്ന തമ്പിദുരൈ അടക്കം ഒട്ടുമിക്ക നേതാക്കളും ഇപിഎസിന്‍റെ പവിലിയനിലേക്ക് ചുവട് മാറ്റിച്ചവിട്ടി. ഒപിഎസ് പാർട്ടിയിൽ തീർത്തും നിഷ്കാസിതനായി. അദ്ദേഹത്തിനൊപ്പം വിശ്വസ്തരായ കെപാണ്ഡ്യരാജൻ, കെ.പി.മുനുസ്വാമി, ഇ.പൊന്നുസ്വാമി തുടങ്ങി വിരലിൽ എണ്ണാവുന്നവർ മാത്രം. ഫെബ്രുവരി 18ന് പളനിസ്വാമി ഭൂരിപക്ഷം തെളിയിച്ചു. സഭയിൽ പ്രതിഷേധിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനെ അടക്കം ബലം പ്രയോഗിച്ച് പുറത്താക്കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. കോൺഗ്രസും മുസ്ലീം ലീഗും വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചു. റിസോർട്ടിൽ നിന്നെത്തിച്ച അണ്ണാ ഡിഎംകെ എംഎൽഎമാരിൽ 122 പേരും പളനിസ്വാമിയെ പിന്തുണച്ചു. എതിർത്തത് പനീർശെൽവം അടക്കം വെറും 11 പേർ മാത്രം.

പാർട്ടി പിളരുന്നു, പേരും ചിഹ്നവും തൃശങ്കുവിൽ

ജയലളിതയുടെ മണ്ഡലമായിരുന്ന ആർകെ നഗറിൽ അവരുടെ വിയോഗത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പോടെ അണ്ണാ ഡിഎംകെ നെടുകെ പിളർന്നു. പാർട്ടിയിൽ നിന്ന് പുറത്തായ പനീർശെൽവം വിഭാഗം അണ്ണാ ഡിഎംകെ (പുരൈട്ചി തലൈവി അമ്മ) എന്ന പാർട്ടിയായും ശശികല - ഒപിഎസ് വിഭാഗം  അണ്ണാ ഡിഎംകെ (അമ്മ) എന്ന പാർട്ടിയായും മാറി. ഇരു വിഭാഗവും പാ‍ർട്ടി പേരിലും ചിഹ്നത്തിലും അവകാശവാദം ഉന്നയിച്ചതോടെയാണ് ഇലക്ഷൻ കമ്മീഷൻ ഇതുരണ്ടും മരവിപ്പിച്ചത്. പനീർശെൽവം വിഭാഗത്തിന് ഇലക്ട്രിക് പോസ്റ്റ് ചിഹ്നവും പളനിസ്വാമി, ശശികല വിഭാഗത്തിന് തൊപ്പി ചിഹ്നവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. വർഷങ്ങൾ നീണ്ട, ഇനിയും തീരാത്ത മറ്റൊരു വിവാദവും ആർകെ നഗർ തെരഞ്ഞെടുപ്പോടെ തുടങ്ങി. മരവിപ്പിച്ച രണ്ടില ചിഹ്നം അനുവദിച്ചുകിട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കോഴ നൽകാൻ ശ്രമിച്ചതിന് ടിടിവി ദിനകരനെതിരെ ദില്ലി ക്രൈം ബ്രാഞ്ച് കേസെടുത്തു. ദില്ലിയിലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഒന്നരക്കോടി രൂപയുമായി ടിടിവി ദിനകരന്‍റെ സഹായി സുകേഷ് ചന്ദ്രശേഖരൻ പിടിയിലായതിനെ തുടർന്നായിരുന്നു ഇത്. ശശികല പക്ഷത്തിന് രണ്ടില ചിഹ്നം കിട്ടിയാൽ 50 കോടി നൽകാമെന്നും അതിന്‍റെ ടോക്കൺ അഡ്വാൻസാണ് പിടിച്ചെടുത്ത പണമെന്നുമായിരുന്നു സുകേഷ് ചന്ദ്രശേഖരന്‍റെ മൊഴി. ഏതായാലും അണികൾക്ക് വൈകാരിക ബന്ധമുള്ള രണ്ടില ചിഹ്നം ഉപയോഗിക്കാൻ പറ്റാതായത് സംഘടനാപരമായി ഇരുകൂട്ടർക്കും തിരിച്ചടിയായി.

ശത്രുവിന്‍റെ ശത്രു മിത്രം, ഇപിഎസും ഒപിഎസും ഒന്നിക്കുന്നു

രണ്ടില ചിഹ്നം തിരിച്ചുകിട്ടിയില്ലെങ്കിൽ അണികൾ കൊഴിഞ്ഞുപോകുമെന്ന് തിരിച്ചറിഞ്ഞതോടെ പനീർശെൽവത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പളനിസ്വാമി ശ്രമം തുടങ്ങി. ഇലക്ഷൻ കമ്മീഷനിലും കോടതികളിലും പാർട്ടി പേരിനെയും ചിഹ്നത്തെയും ചൊല്ലിയുള്ള വ്യവഹാരങ്ങൾ പുറത്ത് പറഞ്ഞുതീർക്കാനായിരുന്നു നീക്കം. ജയിലിനുള്ളിലെ ശശികലയുടെ പുറത്തെ നാവും കൈകളുമായ ടിടിവി ദിനകരന് ആർകെ നഗർ തെര‍ഞ്ഞെടുപ്പിൽ കിട്ടിയ ജനപിന്തുണ ഇപിഎസിനേയും ഒപിഎസിനേയും ഒരുപോലെ അസ്വസ്ഥരാക്കി. ദിനകരന്‍റെ വർദ്ധിച്ചുവരുന്ന സ്വാധീനം തടയേണ്ടതും രണ്ടുപേരുടേയും പൊതുലക്ഷ്യമായി. എടപ്പാടിക്ക് ഒപ്പം നിൽക്കുമ്പോൾ തന്നെ പരമാവധി എംഎൽഎമാരെ ഒപ്പം കൂട്ടി കരുത്തുള്ള വിലപേശൽ ശക്തിയായി ദിനകരൻ ഇതിനകം മാറിയിരുന്നു. അണ്ണാ ഡിഎംകെ (അമ്മ) കക്ഷിക്കുള്ളിൽ തന്നെ രണ്ട് പാർട്ടികളെന്നോണം ദിനകരൻ പക്ഷവും പളനിസ്വാമി പക്ഷവും മാറി. കൂട്ടത്തിൽ കൂടുതൽ പക ഒപിഎസിനായിരുന്നു. തന്നെ പാർട്ടിക്ക് പുറത്താക്കിയ ശശികലയുമായും ദിനകരനുമായും യാതൊരു സഹകരണത്തിനും ഇല്ലെന്നായിരുന്നു ഒപിഎസിന്‍റെ നിലപാട്.

Clashes in ADMK indicate that the party is headed for a split Recent history

ഒപിഎസുമായുള്ള അനുനയ ചർച്ചയ്ക്ക് ഇപിഎസ് ഒരു ഒമ്പതംഗ സമിതിയെ നിശ്ചയിച്ചു. അന്നത്തെ സ്കൂൾ വിദ്യാഭ്യാസമന്ത്രി കെ.എ.സെങ്കോട്ടയ്യനായിരുന്നു സന്ധിസംഭാഷണത്തിന്‍റെ ചുമതലക്കാരൻ. ശശികലയേയും ടിടിവി ദിനകരനേയും പുറത്താക്കിക്കൊണ്ടുള്ള ഒത്തുതീർപ്പിന് താൻ തയ്യാറെന്ന് ഒപിഎസ് നിലപാടറിയിച്ചു. താനും ഇപിഎസും ഉള്ള പാർട്ടിക്ക് പാർട്ടിയുടെ പേരും ചിഹ്നവും തിരികെ കിട്ടാൻ സഹകരിക്കും, പക്ഷേ ശശികലയും ദിനകരനമുള്ള പാർട്ടിക്ക് കിട്ടില്ല, ഒപിഎസ് നയം വ്യക്തമാക്കി. ജയലളിതയുടെ മരണത്തിൽ തനിക്ക് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഒപിഎസ് മറ്റൊരു ഉപാധി കൂടി വച്ചു. ജയലളിതയെ ആശുപത്രിക്കിടക്കയിൽ നിന്ന് തള്ളിയിട്ടു, ശശികല ജയലളിതയ്ക്കെതിരെ വിഷപ്രയോഗം നടത്തി എന്നതടക്കമുള്ള ഊഹാപോഹങ്ങൾ ഒപിഎസ് അണികൾ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ പാർട്ടിയിലും എംൽഎമാരിലും സ്വാധീനമുള്ള ദിനകരനെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കുപോക്ക് എളുപ്പമല്ലായിരുന്നു. അനുനയ ചർച്ചകൾ എവിടെയുമെത്താതെ ദിവസങ്ങളോളം നീണ്ടു.

2017 ഏപ്രിൽ 25ന് തെരഞ്ഞെടുപ്പ് കോഴക്കേസിൽ ടിടിവി ദിനകരനെ ദില്ലി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തിൽ ഇപിഎസ് ഒപിഎസ് പക്ഷങ്ങൾ ഒന്നിക്കുന്നതായിരുന്നു സഖ്യകക്ഷിയായ ബിജെപിയുടെ താൽപ്പര്യം. ഡി.ജയകുമാറും കെ.എ.സെങ്കോട്ടയ്യനും ഒക്കം മധ്യസ്ഥം വഹിച്ച ചർച്ചകൾക്ക് ശേഷം ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപിഎസിനേയും ഒപിഎസിനേയും പ്രത്യേകം ചർച്ചകൾക്കായി ദില്ലിക്ക് ക്ഷണിച്ചു. ജൂൺ 11 ന് മുഖ്യമന്ത്രി പളനിസ്വാമിയും ജൂൺ 14ന് പനീർശെൽവവും ദില്ലിയിലെത്തി മോദിയെ കണ്ടു. പിന്നെ കാര്യങ്ങൾ വേഗത്തിലായിരുന്നു.

ജൂൺ 17ന് പനീർശെൽവം ഉന്നയിച്ച രണ്ട് ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പളനിസ്വാമി രണ്ട് പ്രഖ്യാപനങ്ങൾ നടത്തി. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡിഷ്യൽ കമ്മീഷനെ നിയോഗിക്കും. ജയലളിതയുടെ പോയസ് ഗാർഡനിലെ വീടായ വേദനിലയം സ്മാരകമാക്കും എന്നതായിരുന്നു രണ്ടാമത്തെ പ്രഖ്യാപനം. ജയലളിതയുടെ കാലശേഷം ശശികല വച്ചനുഭവിച്ചിരുന്ന വേദനിലയം സ്മാരകമാക്കുന്നത് വഴി അതിലുള്ള ശശികലയുടെ അവകാശം ഇല്ലാതാക്കുക എന്ന നിഗൂഢലക്ഷ്യവും ഒപിഎസിനുണ്ടായിരുന്നു. ഉപാധികൾ നടപ്പായതോടെ ഓഗസ്റ്റ് 21ന് ഒപിഎസ് - ഇപിഎസ് പക്ഷങ്ങൾ ലയിച്ചു. വി.കെ.ശശികലയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഉയർത്തിയ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച സംതൃപ്തിയിൽ ഒപിഎസ് പാർട്ടിയിൽ തിരികെയെത്തി. ഇപിഎസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കാനും ഒപിഎസ് തയ്യാറായി. ജയലളിതയ്ക്കും ശശികലയ്ക്കും താഴെ രണ്ടാമനായിരുന്നത് പോലെ പളനിസ്വാമിയുടേയും രണ്ടാമനാകാൻ വീണ്ടും പനീർശെൽവത്തിന്‍റെ പതിവ് നിയോഗം.

ശത്രുക്കൾ മിത്രങ്ങളായി, ശശികല പാർട്ടിക്ക് പുറത്ത്

ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് പുറത്താക്കിയതുകൊണ്ടും തീർന്നില്ല, സെപ്റ്റംബർ 12ന് ചേർന്ന അണ്ണാ ഡിഎംകെയുടെ പരമാധികാര സമിതിയായ ജനറൽ കൗൺസിൽ വി.കെ.ശശികലയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ടിടിവി ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആക്കിയതുൾപ്പെടെ ജയിലിൽ പോകുന്നതിന് തൊട്ടുമുമ്പ് ശശികല തിരക്കിട്ട് നടപ്പാക്കിയ എല്ലാ തീരുമാനങ്ങളും ജനറൽ കൗൺസിൽ റദ്ദാക്കി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ ദിനകരൻ നടത്തിയ നിയമനങ്ങളും തീരുമാനങ്ങളും അസാധുവാക്കി. പാർട്ടിയിൽ നിന്ന് നേരത്തേ പുറത്തായ ദിനകരൻ എടപ്പാടി - പനീർശെൽവം പക്ഷത്തിനെതിരെ ദിസഭയിൽ കലാപത്തിന് ശ്രമിച്ചെങ്കിലും സർക്കാരിനുള്ള പിന്തുണ പിൻവലിച്ച 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. ഇതിന് ശേഷം ജനറൽ കൗൺസിൽ തീരുമാനങ്ങൾക്കെതിരായും രണ്ടില ചിഹ്നത്തിന് അവകാശവാദമുന്നയിച്ചും ദിനകരൻ നിയമയുദ്ധം നടത്തിനോക്കിയെങ്കിലും പിന്നീട് അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന പാർട്ടി പ്രഖ്യാപിച്ച് പുറത്തുപോയി. ഇതോടെ പാർട്ടി അധികാരവും സ്വാധീനവും ഒപിഎസിന്‍റേയും ഇപിഎസിന്‍റേയും കയ്യിൽ തുല്യനിലയിൽ ഭദ്രമായി.

Clashes in ADMK indicate that the party is headed for a split Recent history

‘ഇരട്ടക്കുഴൽ തോക്കുപോലെ നേതൃത്വം’

നേതൃത്വത്തെ ചൊല്ലിയുള്ള തമ്മിലടി ഒഴിവാക്കാൻ പളനിസ്വാമിയും പനീർശെൽവവും തമ്മിലുണ്ടാക്കിയ ധാരണയാണ് ഇരട്ട നേതൃത്വം. പുരൈട്ചി തലൈവി ജയലളിതയ്ക്ക് ശേഷം പാർട്ടിക്ക് ഇനി മേൽ ജനറൽ സെക്രട്ടറി പദവി വേണ്ട എന്നും ജനറൽ കൗൺസിലിൽ തീരുമാനം എടുത്തു. പാർട്ടിയുള്ള കാലത്തോളം അന്തരിച്ച ജയലളിത തന്നെയാകും ജനറൽ സെക്രട്ടറിയെന്ന് സംഘടനാ ഭരണഘടന തിരുത്തിയെഴുതി. എംജിആറും ജയലളിതയും വഹിച്ച പദവിയിൽ ഇനി മറ്റാരെയും ചിന്തിക്കാനാകില്ല, അവരേപ്പോലുള്ള നേതാക്കളുടെ വിടവ് മറ്റാർക്കും നികത്താനാകില്ല എന്നായിരുന്നു വിശദീകരണം. പകരം പാർട്ടി കോ ഓ‍ഡിനേറ്റർ, സഹ കോ ഓഡിനേറ്റർ ചുമതലകൾ നി‍ർമിച്ചു. അത് രണ്ടുപേരും വീതിച്ചെടുത്തു. പനീർശെൽവം കോ ഓഡിനേറ്ററായി. നിലവിൽ മുഖ്യമന്ത്രി പദം ഉള്ളതുകൊണ്ട് പളനിസ്വാമി സഹ കോ ഓഡിനേറ്ററും. പുതിയ നിയമാവലി പ്രകാരം ഏതാണ്ട് തത്തുല്യമായ അധികാരപദവികളാണ് ഇതുരണ്ടും. എല്ലാ സുപ്രധാന തീരുമാനങ്ങൾക്കും രണ്ടുപേരുടേയും ഒപ്പ് വേണം. ഇനി നേതൃത്വം ഇരട്ടക്കുഴൽ തോക്കുപോലെയായിരിക്കും എന്നാണ് ഭേദഗതി പ്രഖ്യാപിച്ചുകൊണ്ട് മുതിർന്ന നേതാവ് ഡി.കെ.ശിവകുമാർ പ്രയോഗിച്ച ഉപമ. 

വീണ്ടും പാളയത്തിൽ പട, തമ്മിലടിയുടെ തനിയാവർത്തനം

ഇരട്ടബാരൽ തോക്കിന്‍റെ കുഴലുകൾ പരസ്പരം വെടിവയ്ക്കുന്നതാണ് പിന്നീട് കണ്ടത്. നിയമസഭയിലേക്കും പാ‍ർലമെന്‍റിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ അണ്ണാ ഡിഎംകെ ഒന്നിനുപിറകെ ഒന്നായി തോറ്റു. എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ഡിഎംകെ സംഘടനാപരമായും കൂടുതൽ കരുത്തുള്ള സംവിധാനമായതോടെ അണ്ണാ ഡിഎംകെയിൽ അസ്വാരസ്യങ്ങൾ തലപൊക്കിത്തുടങ്ങി. നിയമസഭയിൽ നാല് സീറ്റ് മാത്രമുള്ള സഖ്യകക്ഷിയായ ബിജെപി തങ്ങളാണ് യഥാർത്ഥ പ്രതിപക്ഷം എന്ന് അവകാവാദമുയർത്തി. തമ്മിലെ തർക്കം തീർന്നിട്ട് അണ്ണാ ഡിഎംകെയ്ക്ക് സർക്കാരിനെതിരെ സമരം ചെയ്യാൻ സമയമില്ലാത്ത നിലയായി.

ഇരട്ട നേതൃത്വമാണ് ഇപ്പോഴത്തെ തിരിച്ചടിക്കെല്ലാം കാരണമെന്ന് പ്രതിപക്ഷ നേതാവ് ഇ.പളനിസ്വാമി സ്വന്തം പക്ഷത്തിലെ രണ്ടാം നിരക്കാരെക്കൊണ്ട് ആദ്യ വെടി പൊട്ടിച്ചു. വേണ്ട സമയത്ത് ഒരേ സ്വരത്തിൽ തീരുമാനങ്ങളെടുക്കാൻ പാർട്ടിക്ക് ആകുന്നില്ല. ഉത്തരവാദിത്തമുള്ള ഏകസ്വര നേതൃത്വമുണ്ടായേലേ നിലവിലെ തിരിച്ചടിയിൽ നിന്ന് കരകയറാനാകൂ എന്നെല്ലാം ചർച്ചയാക്കാൻ ഇപിഎസ് പക്ഷത്ത് നിന്ന് തുടരെ വന്ന പ്രസ്താവനകൾക്കായി. ഭൂരിപക്ഷം എംഎൽഎമാരും തനിക്കൊപ്പമാണെന്ന ആത്മവിശ്വാസത്തിലായിരുന്നു പളനിസ്വാമിയുടെ ഈ നീക്കം.

പാർട്ടി സംവിധാനത്തിന്‍റെ നിയന്ത്രണം പൂർണമായും പളനിസാമി പിടിച്ചതോടെ പനീർശെൽവവും അപകടം മണത്ത് കലാപക്കൊടി ഉയർത്തി. ഒറ്റനേതൃത്വം വന്നോട്ടെ, പക്ഷേ ജയലളിതയുടെ വിശ്വസ്തനായ താനല്ലാതെ ആരാണതിന് അർഹൻ എന്ന കാർഡിറക്കി പനീർശെൽവം കളിച്ചുനോക്കി. പക്ഷേ അമ്മയുടെ വിധേയൻ എന്ന വൈകാരിക സമീപനം അത്ര ഏശിയില്ല. ഭൂരിപക്ഷം ജില്ലാ നേതൃത്വങ്ങളും പളനിസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നും രണ്ടാമനായിരുന്ന താൻ പാർട്ടിയിൽ തീർത്തും അപ്രസക്തനാവുകയാണെന്ന് തോന്നലിൽ പനീർശെൽവം വിമതനീക്കത്തിന് വേഗം കൂട്ടി.

പാർട്ടി കോ ഓഡിനേറ്റർ എന്ന പദവിയിൽ പനീർശെൽവം ഉള്ളിടത്തോളം ഏകനേതൃത്വം എന്ന തീരുമാനം നടപ്പാക്കുക പളനിസ്വാമിക്ക് എളുപ്പമല്ല. അതിന് ജനറൽ കൗൺസിൽ വിളിച്ച് ഭരണഘടന തിരുത്തേണ്ടിവരും. പനീർശെൽവത്തിന്‍റെ സമ്മതമില്ലാതെ ജനറൽ കൗൺസിൽ വിളിക്കാനോ അതിൽ ഭരണഘടനാ മാറ്റം അജണ്ടയാക്കാനോ സാധ്യമല്ല. പനീർശെൽവത്തിന് പാർട്ടി പ്രീസിഡിയം ചെയർമാൻ, സ്റ്റിയറിംഗ് കമ്മിറ്റി പ്രസിഡന്‍റ് പദവികൾ നൽകി അനുനയിപ്പിക്കാനുള്ള പളനിസാമിയുടെ ശ്രമവും പാളി.  ചെന്നൈയിലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ ഇരു വിഭാഗവും പരസ്പരം പോർവിളിക്കുന്ന നിലയിലെത്തി കാര്യങ്ങൾ.

ചരിത്രം ആവർത്തിക്കപ്പെടുന്നു, ദുരന്തമായും പിന്നെ പ്രഹസനമായും

പനീർശെൽവം പളനിസ്വാമി അധികാരപ്പോരിൽ പുകയുകയാണിപ്പോൾ അണ്ണാ ഡിഎംകെ രാഷ്ട്രീയം. മന്ദവേലി ഗ്രീൻ വേയ്സ് റോഡിലെ വിഐപി സ്ട്രീറ്റിൽ ഒരു കിലോമീറ്റർ മാത്രം അകലത്തിലുള്ള ഇരു നേതാക്കളുടേയും വീടുകളാണ് വിഭാഗീയ പ്രവർത്തനത്തിന്‍റെ പടകുടീരങ്ങൾ. മുൻനിര നേതാക്കളുടെ കാറുകൾ ഇടയ്ക്കിടെ ഗേറ്റുകടന്ന് ഉള്ളിലേക്കും പുറത്തേക്കും പോകും. ചെറുകിട നേതാക്കളും പ്രവ‍ർത്തകരും ഗേറ്റുകൾക്ക് പുറത്ത് തമ്പടിച്ചിരിക്കുന്നു,  ഇടയ്ക്കിടെ പുഷ്പമാലകളും ബൊക്കെകളുമായി ചെറു പ്രകടനങ്ങൾ വരും. സ്വന്തം നേതാവിന് വാഴ്ത്തുകൾ അർപ്പിക്കും, എതിർ വിഭാഗത്തെ വെല്ലുവിളിക്കും. സമീപചരിത്രത്തിൽ പലവട്ടം സംഭവിച്ചതുപോലെ ഒരു പാർട്ടിക്കുള്ളിൽ ബദ്ധവൈരികളായ ഇരു പാർട്ടികളെപ്പോലെ രണ്ട് വിഭാഗങ്ങൾ.

സംസ്ഥാന സമിതി ഓഫീസിന് മുന്നിൽ ഇരു ഗ്രൂപ്പുകാരും തമ്മിൽ പരസ്യമായി അടിപിടി നടന്നത് വാനഗരത്തിൽ കഴിഞ്ഞ മാസം നടന്ന ജനറൽ കൗൺസിൽ യോഗത്തിന് തൊട്ട് മുമ്പാണ്. എംജിആർ മാളികയ്ക്ക് മുന്നിൽ എടപ്പാടി പക്ഷക്കാരനെ പനീർശെൽവം അനുകൂലികൾ വളഞ്ഞിട്ട് തല്ലി. പാർട്ടി ഓഫീസിന് മുന്നിലെ പടുകൂറ്റൻ ഫ്ലക്സുകളിൽ നിന്ന് പനീർശെൽവത്തിന്‍റെ ചിത്രം പളനിസ്വാമി പക്ഷക്കാർ കീറിയെറിഞ്ഞു. പളനിസ്വാമി പക്ഷത്തെ പ്രമുഖൻ ഡി.ജയകുമാറിനെ പനീർ ശേൽവം അനുകൂലികൾ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ കാറിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവച്ച് അസഭ്യം പറഞ്ഞു. ഇതിനിടെ തമിഴ് പത്രങ്ങളുടെ മുൻപേജിൽ  ഒപിഎസ് വിഭാഗം പനീർശെൽവത്തെ പുകഴ്ത്തി മുഴുവൻ പേജ് പരസ്യം പ്രസിദ്ധീകരിച്ചത് ഭിന്നത കൂടുതൽ തീവ്രമാക്കി. 

ആളും അർത്ഥവുമിറക്കിയുള്ള ഇപിഎസ് പക്ഷത്തിന്‍റെ നീക്കം 72 ജില്ലാ  സെക്രട്ടറിമാരിൽ 62 പേരുടേയും പിന്തുണ ഉറപ്പാക്കി. പനീർശെൽവത്തിന്‍റെ സ്വന്തം ജില്ലയായ തേനിയിൽ പോലും ഇപിഎസ് സ്വാധീനം ഉറപ്പിച്ചു. 74 അംഗ നിർവാഹക സമിതിയിൽ പനീർശെൽവത്തിനൊപ്പമുള്ളത് വെറും നാലുപേർ മാത്രം. നില പരുങ്ങലിലാണെന്നറിഞ്ഞതോടെ ഇപ്പോഴത്തെപ്പോലെ ഇരട്ടനേതൃത്വം മതിയെന്ന നിലപാടിലേക്ക് പനീർശെൽവം മയപ്പെട്ടു. പക്ഷേ പളനിസാമിയെ ജനറൽ സെക്രട്ടറി ആക്കാൻ അനുവദിക്കില്ലെന്ന കടുംപിടുത്തം മാറ്റാൻ തയ്യാറുമല്ല.

പാ‍‍ർട്ടി സംവിധാനമാകെ പളനിസാമിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ജനറൽ കൗൺസിൽ തടയാൻ ഒപിഎസ് കഴിയുന്ന എല്ലാ വഴിയിലും ശ്രമിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമമുണ്ടെന്നും സംരക്ഷണം വേണമെന്നും കാട്ടി ഡിജിപിക്ക് പരാതി നൽകി. ജനറൽ കൗൺസിൽ നിയമവിധേയമല്ലെന്നും തടയണമെന്നും കാട്ടി മദ്രാസ് ഹൈക്കോടതിയിലും ഹ‍ർജി കൊടുത്തു. കഴിഞ്ഞ 23ന് ജനറൽ കൗൺസിൽ നടക്കാനിരിക്കെ തലേദിവസം രാത്രി പുലർച്ചെയോളം നീണ്ട പാതിരാ സിറ്റിംഗിൽ ഹൈക്കോടതി അജണ്ടയ്ക്കപ്പുറം യോഗത്തിൽ ചർച്ച പാടില്ല എന്ന് വിധിച്ചത് ഒപിഎസ് പക്ഷത്തിന് താൽക്കാലിക ആശ്വാസമായി. നേരത്തേ അജണ്ട നിശ്ചയിച്ച യോഗത്തിൽ ഏകനേതൃത്വം സംബന്ധിച്ച ചർച്ച ഒഴിവാക്കാൻ ഒപിഎസിന് നേരത്തേ സാധിച്ചിരുന്നു. നിയമപരവും സാങ്കേതികവുമായ ഇത്തരം പിടിവള്ളികളിൽ മാത്രമായി പനീർശെൽവത്തിന്‍റെ പ്രതീക്ഷ.

ജനറൽ കൗൺസിലിൽ അപമാനിതനായി ഒപിഎസ്

ജനറൽ കൗൺസിൽ യോഗവേദിയിലേക്ക് തമിഴ്നാടിന്‍റെ നാനാകോണിൽ നിന്നും അനുയായികൾ കൂട്ടത്തോടെയെത്തി. ഇരുവിഭാഗത്തിനും ജയ് വിളിച്ചുള്ള ശക്തിപ്രകടനങ്ങളിൽ നഗരം സ്തംഭിച്ചു. കോടതി ഉത്തരവിന്‍റെ ആത്മവിശ്വാസത്തിൽ മാത്രം യോഗത്തിന് എത്തിയ ഒപിഎസിനെ ഇപിഎസ് അനുകൂലികൾ കൂക്കി വിളിച്ചാണ് വരവേറ്റത്. മതിയാക്കി ഇറങ്ങിപ്പോകൂ എന്ന് ഒപിഎസിന്‍റെ മുഖത്ത് നോക്കി പ്രതിനിധികൾ ആക്രോശിച്ചു. സംസാരിച്ചുകൊണ്ടിരിക്കേ വേദിയിലേക്ക് കുപ്പിയെറിഞ്ഞു. സമ്മേളനവേദിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ഒപിഎസിന്‍റെ വണ്ടിയുടെ ടയറിലെ കാറ്റുവരെ ഇപിഎസ് അനുകൂലികൾ അഴിച്ചുവിട്ടു.

Clashes in ADMK indicate that the party is headed for a split Recent history

ഇപിഎസ് യോഗവേദിയിലേക്ക് എത്തിയതോടെ ഓഡിറ്റോറിയം ഇളകിമറിഞ്ഞു. മുൻ തീരുമാനിച്ച എല്ലാ പ്രമേയങ്ങളും തള്ളിക്കളയുന്നതായി പളനിസാമി പക്ഷം പ്രഖ്യാപിച്ചു. ഒറ്റ നേതൃത്വക്കാര്യത്തിൽ തീരുമാനം എടുത്തേ പറ്റൂ എന്ന് മുതിർന്ന നേതാവ് കെ.പി.മുനിസാമി പറഞ്ഞു. അപമാനിതനായ പനീർ ശെൽവം ക്ഷുഭിതനായി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പനീർശെൽവത്തെ പൂർണമായും വെട്ടിനിരത്താനുറച്ചെത്തിയ പളനിസ്വാമി പക്ഷത്തിന് പക്ഷേ അജണ്ടയ്ക്ക് അപ്പുറം ചർച്ചകൾ പാടില്ലെന്ന കോടതി ഉത്തരവ് തടസ്സമായി. ഈ മാസം പതിനൊന്നിന് വീണ്ടും ജനറൽ കൗൺസിൽ വിളിക്കാൻ തീരുമാനിച്ച് പളനിസാമി പക്ഷക്കാരും പിരിഞ്ഞു. അത് തടയാനുള്ള നിയമ നീക്കങ്ങളിലാണ് ഇപ്പോൾ ഒപിഎസ് പക്ഷം.

ഒരങ്കത്തിനു കൂടി ബാല്യം തേടി ശശികല

ഇതിനിടെ നിലവിലെ സാഹചര്യം മുതലെടുക്കാനുള്ള നീക്കത്തിലാണ് വി.കെ.ശശികല. ശത്രുവിന്‍റെ ശത്രു മിത്രമെന്ന രാഷ്ട്രീയതത്വം ശശികലയുടെയും ഒപിഎസിന്‍റേയും കാര്യത്തിൽ ഒരിക്കൽക്കൂടി ആവർത്തിച്ചേക്കാം എന്ന സൂചനകളും വരുന്നുണ്ട്. അണികളെ കാണാൻ സ്വന്തം ശക്തികേന്ദ്രങ്ങളിലൂടെ കഴിഞ്ഞ ദിവസം ശശികല ഒരു റാലി സംഘടിപ്പിച്ചിരുന്നു. ‘പുരൈട്‍ചി പയണം’ അഥവാ വിപ്ലവ യാത്ര എന്നാണ് ശശികല തന്‍റെ  പര്യടനത്തിന് പേര് നൽകിയത്. ചെന്നെയിൽ നിന്നും തിരുത്തണിയിലേക്ക് സംഘടിപ്പിച്ച യാത്രയിലൂടെ നിലവിലെ ദുരവസ്ഥയിൽ നിന്ന് പാ‍‍ർട്ടിയെ വീണ്ടെടുക്കയാണ് തന്‍റെ ലക്ഷ്യമെന്നാണ് ശശികല അണികൾക്ക് കൊടുക്കുന്ന സന്ദേശം. ജയലളിതയുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുക, തമിഴ്നാടിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളും പുരൈട്ചി പയണത്തിൽ ശശികല ഉയർത്തി. അണ്ണാ ഡിഎംകെയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ടിടിവി ദിനകരൻ രൂപീകരിച്ച അമ്മ മക്കൾ മുന്നേറ്റ കഴകം പ്രവർത്തകരും ശശികലയ്ക്കൊപ്പമുണ്ടായിരുന്നു. അണ്ണാ ഡിഎംകെ തിരികെപ്പിടിക്കും വരെ അണികളെ പിടിച്ചുനിർത്താനുള്ള ഇടത്താവളമായാണ് ശശികലയും ദിനകരനും അമ്മ മക്കൾ മുന്നേറ്റ കഴകത്തെ കാണുന്നതെങ്കിലും ശശികല സാങ്കേതിക കാരണങ്ങളാൽ ആ പാർട്ടിയിൽ അംഗമല്ല.

Clashes in ADMK indicate that the party is headed for a split Recent history

അണ്ണാ ഡിഎംകെ ജനറൽ കൗൺസിലിൽ നിന്ന് ഒ.പനീർശെൽവം ഇറങ്ങിപ്പോന്നതിന് തൊട്ട് പിന്നാലെയാണ് ശശികല യാത്ര സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ശശികലയോട് തനിക്ക് പ്രത്യേക അകൽച്ചയൊന്നുമില്ലെന്നും ടിടിവി ദിനകരൻ തന്‍റെ സുഹൃത്താണെന്നും അടുത്തിടെ പനീർശെൽവം പറഞ്ഞിരുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍റെ തെളിവെടുപ്പിൽ ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തിപരമായ അഭിപ്രായം തനിക്കില്ലെന്നാണ് പനീ‍ർ ശെൽവം മൊഴി നൽകിയത്. ജനങ്ങളുടെ അഭിപ്രായം പറയുക മാത്രമാണ് താൻ ചെയ്തത് എന്നായിരുന്നു വിശദീകരണം. ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നത് ഒപിഎസുമായി യോജിക്കാൻ പനീർ ശെൽവം തന്നെ വച്ച ഉപാധിയായിരുന്നു എന്നത് തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ പ്രവചനാതീതമായ മറ്റൊരു വിരോധാഭാസം. പളനിസ്വാമിയെ എതിർക്കാൻ വേണ്ടിവന്നാൽ ശശികലയെ കൂട്ടുപിടിക്കേണ്ടി വന്നേക്കാം എന്ന് കണക്കുകൂട്ടിത്തന്നെയാണ് ഒപിഎസിന്‍റെ നിലവിലെ നീക്കം. മുന്നിൽ തെളിയുന്ന പല വഴികളിൽ ഒന്നായ ശശികലയുമായുള്ള സഖ്യത്തിലൂടെ നഷ്ടപ്പെട്ടുപോയ തേവർ സമുദായത്തിന്‍റെ പിന്തുണ തിരിച്ചുപിടിക്കാമെന്നും ഒപിഎസ് കണക്കുകൂട്ടുന്നു.

ഒപിഎസിന് മുന്നിൽ ഇനിയെന്ത്?

അണ്ണാ ഡിഎംകെ രാഷ്ട്രീയത്തിൽ ഒപിഎസിന്‍റെ മുന്നോട്ടുള്ള വഴി ഏതാണ്ട് അടഞ്ഞിരിക്കുന്നു. പളനിസാമിയെ ജനറൽ സെക്രട്ടറിയായി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അനൗദ്യോഗികമായി തീരുമാനിച്ചു കഴിഞ്ഞു. ആ തീരുമാനത്തിന് നിയമസാധുത ഉണ്ടാക്കാനാണ് ഇപ്പോളവർ ശ്രമിക്കുന്നത്. ഒപിഎസിന് മുന്നിൽ ഇനിയുള്ളത് നാല് വഴികളാണ്. ഒന്ന്, പളനിസ്വാമിക്ക് പൂർണമായും വിധേയപ്പെടുക, അപമാനം സഹിച്ചും ഔദ്യോഗിക പക്ഷം കൊടുക്കുന്ന സ്ഥാനം കൊണ്ട് തൃപ്തിപ്പെടുക. രണ്ട്, ജനറൽ കൗൺസിൽ തടയാനും പാർട്ടി ചിഹ്നവും പേരും സ്വന്തം പേരിൽ നിർത്താനും നിയമയുദ്ധം തുടരുക. ഈ വഴിക്കാണ് നിലവിൽ ഒപിഎസ് പക്ഷം നീങ്ങുന്നത്.

മൂന്ന്, ശശികലയ്ക്കൊപ്പം ചേർന്ന് ബദൽ ശക്തിയായി പാർട്ടിക്കുള്ളിൽ നിന്ന് കലാപമുയർത്തുക. അതിനുള്ള സാധ്യതകൾ അടയാതിരിക്കാൻ ഒപിഎസ് ശ്രദ്ധിക്കുന്നുണ്ട്. നാല്, തമിഴ്നാട്ടിൽ സ്വതന്ത്രശക്തിയായി വളരാൻ പരിശ്രമിക്കുന്ന ബിജെപിക്ക് ഒപ്പം ചേരുക. വിദൂര സാധ്യതയാണെങ്കിലും അതും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. ജനറൽ കൗൺസിൽ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതിന് ശേഷം രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമെന്ന പേരിൽ ദില്ലിയിലെത്തിയ ഒപിഎസ് ബിജെപി ദേശീയ നേതൃത്വത്തെ കണ്ടിരുന്നു. പ്രവചനങ്ങൾക്കെല്ലാം അതീതമാണ് അണ്ണാ ഡിഎംകെയുടെ രാഷ്ട്രീയം. ഇതൊന്നുമല്ലാത്ത മറ്റൊരു സഖ്യസാധ്യതയിലേക്കും സമവാക്യത്തിലേക്കും ചെന്നു പതിക്കാനുള്ള മെയ്‍വഴക്കം അതിനുണ്ട്. കാത്തിരുന്ന് കാണുക തന്നെ.

Follow Us:
Download App:
  • android
  • ios