ഭോപ്പാല്‍: ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മരുമകന്‍ രതുല്‍ പുരിയുടെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. "അവരുടെ ബിസിനസുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ കമ്പനി ഡയറക്ടറോ ഷെയര്‍ ഹോള്‍ഡറോ അല്ല. കോടതി ശരിയായ തീരുമാനം എടുക്കുമെന്ന് കരുതുന്നതായും കമല്‍നാഥ് പ്രതികരിച്ചു. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ്  മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ ബന്ധു രതുൽ പുരിയെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്  അറസ്റ്റ് ചെയ്തത്. സെൻറട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 354 കോടി രൂപ തട്ടിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ബാങ്ക് നല്‍കിയ പരാതിയിന്മേല്‍ രാതുല്‍ പുരിക്കെതിരെ തിങ്കളാഴ്ച സിബിഐ എഫ്ഐആര്‍ തയ്യാറാക്കിയിരുന്നു. ഇലക്ട്രോണിക് സ്ഥാപനമായ മോസര്‍ബെയറിന്‍റെ സീനിയര്‍ എക്സിക്യൂട്ടീവായിരുന്നു രാതുല്‍ പുരി.