ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ബിജെപി നടപടിക്കെതിരായ ചിദംബരത്തിന്‍റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് സാംബിറ്റ് പാത്ര. ചിദംബരത്തിന്‍റെ വാക്കുകള്‍ മതഭ്രാന്തും നിരുത്തരവാദപരവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിന്‍റെ വികസനത്തിന് വേണ്ടിയാണ്. കഴിഞ്ഞ 70 വര്‍ഷങ്ങളായി എല്ലാ വിഷയത്തിലും ഹിന്ദു, മുസ്ലീം എന്ന രീതിയില്‍ കാണാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്'. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തെയും അങ്ങനെ തന്നെയാണ് അവര്‍ സമീപിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്നും ബിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു. കശ്മീരിന്‍റെ വികസനത്തിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും പാത്ര പ്രതികരിച്ചു. 

ജമ്മുകശ്മീര്‍ ഹിന്ദു ഭൂരിഭാഗ പ്രദേശമായിരുന്നെങ്കില്‍ ബിജെപി ആര്‍ട്ടിക്കില്‍ 370 പിന്‍വലിക്കില്ലായിരുന്നുവെന്ന് പി. ചിദംബരം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബിജെപിയുടെ പ്രവര്‍ത്തി മതഭ്രാന്താണെന്നും ജമ്മുകശ്മീര്‍ ഇന്ന് ഒരു മുന്‍സിപ്പാലിറ്റി പോലെയായെന്നും മുസ്ലിം ഭൂരിഭാഗ പ്രദേശമായതിനാലാണ് ബിജെപി ഇത്തരത്തിലൊരു നടപടിയുമായി മുന്നോട്ട് പോതെന്നുമായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ബിജെപിയുടെ മറുപടിയുമായി രംഗത്തെത്തിയത്.