Asianet News MalayalamAsianet News Malayalam

'പോസ്റ്റൽ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു' ഒഴിവാക്കണമെന്ന നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാമെന്നും  കമ്മീഷൻ. ശുപാർശ നടപ്പാകാൻ നിയമത്തിൽ മാറ്റം വരുത്തേണ്ടി വരും .അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്‍റേത്

 'Postal ballot is widely misused', Election Commission has suggested to avoid it
Author
First Published Sep 22, 2022, 11:53 AM IST

ദില്ലി;പോസ്റ്റൽ ബാലറ്റ് സൗകര്യം ഒഴിവാക്കണം എന്ന നിർദ്ദേശം മുന്നോട്ടു വച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാം എന്ന ബദൽ നിർദ്ദേശമാണ് കമ്മീഷൻ മുന്നോട്ടു വയ്ക്കുന്നത്.

തെരഞ്ഞെടുപ്പ് നടപടികളിൽ വലിയൊരു മാറ്റത്തിനുള്ള നിർദ്ദേശമാണ്  കമ്മീഷൻ നല്കിയിരിക്കുന്നത്. നിലവിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ട്. കൊവിഡ്  കാലത്ത് കൂടുതൽ പേർക്ക് ഇതിനുള്ള സൗകര്യം നല്കി. എന്നാൽ പോസ്റ്റൽ ബാലറ്റ് ദുരുപയോഗം ചെയ്യുന്നു എന്നാണ് കമ്മീഷൻ കണ്ടെത്തൽ. നിലവിൽ പോസ്റ്റൽ ബാലറ്റ് വാങ്ങി പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു ചെയ്ത് തിരികെ നല്കാനുള്ള സൗകര്യമുണ്ട്. എന്നാൽ പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ നടക്കുന്ന ദിവസം രാവിലെ തിരികെ എത്തിച്ചാൽ മതി എന്ന ചട്ടം നിലവിലുണ്ട്. ഈ ചട്ടം ദുരുപയോഗം ചെയ്യുന്നു എന്നാണ് കമ്മീഷൻ പറയുന്നത്.

ഡ്യൂട്ടി കഴിഞ്ഞാൽ പോലും ഉദ്യോഗസ്ഥർ പോസ്റ്റർ ബാലറ്റ് കൈയ്യിൽ വാങ്ങി വീട്ടിൽ സൂക്ഷിക്കും. ബാലറ്റ് കാട്ടി വോട്ടു ചെയ്യാൻ സ്ഥാനാർത്ഥികളിൽ നിന്ന് ആനുകൂല്യം സ്വീകരിക്കുന്നതായുള്ള റിപ്പോർട്ടുകൾ പലയിടത്തു നിന്നും കമ്മീഷന് കിട്ടി. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പകുതിയിലധികം പോസ്റ്റൽ വോട്ടുകളും വോട്ടെണ്ണൽ നടക്കുന്നതിന് തൊട്ടു മുൻപാണ് തിരികെ എത്തുന്നത്. ഇത് തടയാനാണ് ശുപാർശ. ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ എത്തി വോട്ടു ചെയ്യാനുള്ള പകരം സംവിധാനം ഒരുക്കാം എന്നാണ് നിർദ്ദേശം. കമ്മീഷൻറെ ശുപാർശ നടപ്പാകാൻ നിയമത്തിൽ മാറ്റം വരുത്തേണ്ടി വരും എന്നിരിക്കെ ഇനി സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. 

Follow Us:
Download App:
  • android
  • ios