'യമരാജ് കാത്തിരിക്കുന്നു', സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
അംബേദ്കര്‍ നഗറില്‍ അക്രമികള്‍ ഷാല്‍ വലിച്ചതിനെതുടര്‍ന്ന് സൈക്കിളില്‍നിന്ന് വീണ 11ാം ക്ലാസ് വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന

ലക്നൗ: സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് താക്കീതുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കായി 'യമരാജ്' (കാലന്‍) കാത്തിരിക്കുന്നുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. അംബേദ്കര്‍ നഗറില്‍ ബൈക്കിലെത്തിയ അക്രമികള്‍ ഷാല്‍ വലിച്ചതിനെതുടര്‍ന്ന് സൈക്കിളില്‍നിന്ന് വീണ 11ാം ക്ലാസ് വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. നിയമം എല്ലാ പൗരന്മാര്‍ക്കം സംരക്ഷണം നല്‍കുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. റോഡിലൂടെ നടക്കന്ന മകളെ ആരെങ്കിലും ശല്യപ്പെടുത്തിയാല്‍, അടുത്ത ക്രോസ് റോഡില്‍ മരണദേവനായ 'യമരാജ്' അവരെ കാത്തിരിക്കും. അവരെ യമരാജന്‍റെ അടുത്തേക്ക് കൊണ്ടുപോകുന്നത് ആര്‍ക്കും തടയാന്‍ കഴിയില്ല- യോഗി ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പുരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
നിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ക്രമസമാധാനപാലനത്തിനായി ശക്തമായ നിയമവ്യവസ്ഥിതി ഉണ്ടാകേണ്ടതുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ സൈക്കിള്‍ ഓടിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ അക്രമികള്‍ ഷാള്‍ പിടിച്ചുവലിച്ച് വീഴ്ത്തിയത്. അക്രമികള്‍ ഷാള്‍ പിടിച്ചുവലിച്ചതോടെ പെണ്‍കുട്ടിക്ക് സൈക്കിളിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഉടനെ കുട്ടി റോഡിലേക്ക് വീണു. റോഡില്‍ വീണ പെണ്‍കുട്ടിയുടെ മുകളിലൂടെ പിന്നാലെയെത്തിയ മറ്റൊരു അക്രമി മോട്ടോര്‍ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇതോടെയാണ് 17കാരിക്ക് മരണം സംഭവിച്ചത്. ബൈക്ക് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ മൂന്നു പ്രതികളെയും പോലീസ് പിടികൂടിയിരുന്നു.
ബൈക്ക് പാഞ്ഞുകയറി 17കാരി മരിച്ച സംഭവം; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടിയത് ഏറ്റുമുട്ടലിലൂടെ