Asianet News MalayalamAsianet News Malayalam

സ്കൂളുകളിലെ ശുചിമുറികളുടെ ദുരവസ്ഥ വ്യക്തമാക്കി സിഎജി റിപ്പോര്‍ട്ട്; പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

2019ല്‍ നടത്തിയ സര്‍വ്വേയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കൊവിഡ് 19 മഹാമാരിക്കിടെ സ്കൂളുകള്‍ തുറക്കുന്ന വിഷയത്തിലെ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് സിഎജിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. 72 ശതമാനം സര്‍ക്കാര്‍ സ്കൂളുകളിലെ ശുചിമുറികളിലും വെള്ളമില്ല, 55 ശതമാനം ശുചിമുറികളില്‍ കൈകള്‍ കഴുകാനുള്ള സംവിധാനമില്ല, 30 ശതമാനം ശുചിമുറികളില്‍ സോപ്പോ മറ്റ് കൈകഴുകാനാവശ്യമായ വസ്തുക്കളോ ലഭ്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട്

1.4 lakh toilets in government schools as part of a Right to Education project almost 40 percentage of them non existent, partially constructed, or unused says CAG report
Author
New Delhi, First Published Sep 25, 2020, 5:16 PM IST

തിരുവനന്തപുരം: രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമായിസ്വച്ഛ് സ്കൂള്‍ അഭിയാന്‍റെ ഭാഗമായി നിര്‍മ്മിച്ച ശുചിമുറികളുടെ ദുരവസ്ഥ വ്യക്തമാക്കി സിഎജി റിപ്പോര്‍ട്ട്. ബുധനാഴ്ച പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച  സിഎജി റിപ്പോര്‍ട്ടിലാണ് വെള്ളമില്ലാത്തതും അവശ്യ സൌകര്യങ്ങളില്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ സര്‍ക്കാര്‍ ശുചിമുറികളേക്കുറിച്ച് വിശദമാക്കുന്നത്. രാജ്യത്തെ 72 ശതമാനം സര്‍ക്കാര്‍ സ്കൂളുകളിലെ ശുചിമുറികളിലും വെള്ളമില്ല, 55 ശതമാനം ശുചിമുറികളില്‍ കൈകള്‍ കഴുകാനുള്ള സംവിധാനമില്ല, 30 ശതമാനം ശുചിമുറികളില്‍ സോപ്പോ മറ്റ് കൈകഴുകാനാവശ്യമായ വസ്തുക്കളോ ലഭ്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. 

2019ല്‍ നടത്തിയ സര്‍വ്വേയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കൊവിഡ് 19 മഹാമാരിക്കിടെ സ്കൂളുകള്‍ തുറക്കുന്ന വിഷയത്തിലെ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് സിഎജിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ കേരളത്തിലെ സ്കൂളുകളേക്കുറിച്ച് പരാമര്‍ശമുണ്ടോയെന്ന വിവരം അന്വേഷിച്ചിട്ടുണ്ടെന്നും അത് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നും വിഷയത്തില്‍ ലഭിക്കുന്ന പ്രതികരണം. സിഎജി റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതില്‍ കേരളത്തിലെ സ്കൂളുകളേക്കുറിച്ച് പറഞ്ഞിരിക്കുന്ന വിവരം പരിശോധിച്ച് പ്രതികരിക്കാം എന്നാണ് മന്ത്രി സി രവീന്ദ്രനാഥ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കിയത്. 

സര്‍വ്വേയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെ സൌകര്യങ്ങള്‍ മികച്ചതാണെന്നും എല്ലാ സ്കൂളുകളിലേക്കും ഇത്തരം മാറ്റം എത്തിക്കാനുള്ള ശ്രമത്തിലാണ് കേരള സര്‍ക്കാരുള്ളതെന്നാണ് സി രവീന്ദ്രനാഥിന്‍റെ മുന്‍ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന അജയന്‍ കെ മേനോന്‍ പറയുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്‍റെ ഭാഗമായി 140 മണ്ഡലങ്ങളിലെ ഒരു സ്കൂളിന്  ശുചിമുറികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അഞ്ച് കോടി രൂപ വീതമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്‍റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചും കഴിഞ്ഞുവെന്നും അജയന്‍ കെ മേനോന്‍ പറയുന്നു. 

കോട്ടയം ജില്ലയിലെ തൃത്തൊടിത്താനം ഹൈസ്കൂളും പൊന്‍കുന്നം ഹൈസ്കൂളുമെല്ലാം ഇത്തരത്തില്‍ നവീകരിച്ചതാണ്. ഈ സ്കൂളുകളിലെ ശുചിമുറികള്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതാണെന്നും  അജയന്‍ കെ മേനോന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ശുചിമുറികളേക്കുറിച്ച് പരാതി വന്നതിന് പിന്നാലെ ഹൈക്കോടതിയും ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ സ്കൂളുകളില്‍ മികച്ച ശുചി മുറികള് ഒരുക്കാനുള്ള നടപടികളിലാണ് കേരളമുള്ളതെന്നും അജയന്‍ കെ മേനോന്‍ പറഞ്ഞു. 

എല്ലാ സ്കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശുചിമുറികള്‍ ഉണ്ടാവുമെന്നായിരുന്നു 2014 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. കോര്‍പ്പറേറ്റ് മേഖലയോടും എംപിമാരോടും ഇതിനായി ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി മാനവ വിഭവശേഷി വികസന മന്ത്രാലയം സ്വച്ഛ് വിദ്യാലയ അഭിയാന്‍ എന്ന പദ്ധതിയും ആവിഷ്കരിച്ചിരുന്നു. ഈ പദ്ധതിയില്‍ 140997 ശുചിമുറികള്‍ നിര്‍മ്മിച്ചിരുന്നു. ഈ ശുചിമുറികളില്‍ 40 ശതമാനം സ്കൂളുകളിലും ഈ അവസ്ഥയാണെന്നും  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios