മുംബൈ: എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച്, അടുത്തറിയുന്നവര്‍ക്കുപോലും സൂചന നല്‍കാതെ ഒറ്റ രാത്രി കൊണ്ടാണ് അജിത് പവാര്‍ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ജാതകം മാറ്റിയെഴുതിയത്. ഇന്നലെ രാത്രി വരെ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സൂര്യനുദിച്ചപ്പോഴേക്കും എല്ലാം മാറി. എന്‍സിപിയുടെ രണ്ടാമനും ശരദ് പവാറിന്‍റെ സഹോദര പുത്രനുമായ അജിത് പവാര്‍ ബിജെപിയുമായി സഖ്യത്തിലായി സര്‍ക്കാര്‍ രൂപീകരിക്കുകയും മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു. 

ഒറ്റരാത്രി കൊണ്ട് എല്ലാം മാറിമറിയാന്‍ എന്താണ് കാരണം. എതിര്‍ ചേരിയിലേക്ക് കാലുമാറാന്‍ അജിത് പവാറിനെ പ്രേരിപ്പിച്ച ഘടകങ്ങളെന്തൊക്കെയാണ്..മഹാരാഷ്ട്ര മാധ്യമങ്ങളും ദേശീയമാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്ന ചൂടുള്ള വിഷയങ്ങളാണ് ഇത്. 

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പേ അജിത് പവാര്‍ ബിജെപിയുടെ നോട്ടപ്പുള്ളിയായിരുന്നു. മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിയുടെ പശ്ചാത്തലത്തിലാണ് അജിത് പവാറിനെ ബിജെപി നോട്ടമിട്ടത്. സെപ്റ്റംബറില്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തെ തുടര്‍ന്ന് പവാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. ചട്ടം ലംഘിച്ച് നടത്തിയ സാമ്പത്തിക ഇടപാടിലൂടെ മഹാരാഷ്ട്ര സഹകരണ ബാങ്കിന് 25000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ബാങ്ക് ഡയറക്ടറായ അജിത് പവാറടക്കം 70 പേര്‍ക്കെതിരെയാണ് കേസ്. ശരദ് പവാറിനെതിരെയും കേസെടുത്തെങ്കിലും ശക്തമായ തെളിവുകളുടെ അഭാവം ബിജെപിക്ക് തിരിച്ചടിയായി. സഹകരണ ബാങ്ക് കേസില്‍ ബിജെപി തന്നെ വേട്ടയാടുകയാണെന്ന് അജിത് പവാര്‍ നേരത്തെ ഉന്നയിച്ചിരുന്നു.

2007-2011 കാലഘട്ടത്തില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലിശ ഈടാക്കാതെയും സുഹൃത്തുക്കളുടെ സ്ഥാപനങ്ങള്‍ക്ക് ചട്ടം ലംഘിച്ച് വന്‍ തുക വായ്പ നല്‍കിയെന്നുമാണ് കേസ്. ആരോപണത്തെ തുടര്‍ന്ന് നബാര്‍ഡ് നടത്തിയ അന്വേഷണത്തിലും സഹകരണ കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലും പവാറടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിതിരുന്നില്ല. പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി അധികാരത്തിലെത്തി തെരഞ്ഞെടുപ്പ് അടുക്കാറയപ്പോഴാണ് കേസ് വീണ്ടും അജിത് പവാറിന്‍റെ തലക്ക് മുകളില്‍ വാളായി തൂങ്ങിയാടിയത്. 

ഇതിന് പിന്നാലെയാണ് മറ്റൊരു കേസും അജിത് പവാറിന് കുരുക്കായത്. 70000 കോടിയുടെ ജലസേചന അഴിമതിക്കേസില്‍ അജിത് പവാറിന് പങ്കുണ്ടെന്ന് പൊലീസ് അഴിമതി വിരുദ്ധ വിഭാഗം 2018ല്‍ നാഗ്പൂര്‍ ഹൈക്കോടതി ബെഞ്ചില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിദര്‍ഭ, കൊങ്കണ്‍ ജലസേചന പദ്ധതിയില്‍ സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. അഴിമതി ആരോപണ സമയത്തെ ജലസേചന മന്ത്രിയായിരുന്നു അജിത് പവാര്‍. ജലസേചന പദ്ധതികളില്‍ വലിയ രീതിയിലുള്ള തിരിമറികളാണ് നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ ആരോപണം ഉദ്യോഗസ്ഥരില്‍ ചാരുകയാണ് അജിത് പവാര്‍ ചെയ്തത്. 

ഈ രണ്ട് പ്രമാദമായ കേസുകളാണ് അജിത് പവാറിനെ ബിജെപി പാളയത്തിലെത്തിച്ചതെന്ന് മഹാരാഷ്ട്രയിലെ അടക്കം പറച്ചില്‍. അഴിമതി ആരോപണങ്ങളില്‍ അജിത് പവാറിനുള്ള പങ്കിന്‍റെ കൃത്യമായ തെളിവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ടെന്നും ഇതെല്ലാം കാണിച്ചാണ് അമിത് ഷാ ഒറ്റരാത്രികൊണ്ട് എല്ലാ കാര്യങ്ങളും ബിജെപിക്ക് അനുകൂലമാക്കിയതെന്നും സൂചനയുണ്ട്.