ചെന്നൈ: കൊറണ വൈറസ് എന്ന മഹാമാരിയ്ക്കെതിരെ അഹോരാത്രം കഷ്ടപ്പെടുകയാണ് പൊലീസും ആ​രോ​ഗ്യപ്രവർത്തകരും സർക്കാരുകളും. എന്നാൽ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ലോക്ക്ഡൗൺ ലംഘിക്കുന്നവരുടെ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ലോക്ക്ഡൗണ്‍ ലംഘിച്ച് 'സദ്യ' ഒരുക്കിയ പത്ത് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തെന്ന വാർത്തയാണ് തമിഴ്നാട്ടിൽ നിന്ന് വരുന്നത്.

തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് പാടത്ത് വെച്ച് ഭക്ഷണം ഉണ്ടാക്കുകയും അത്, സാമൂഹ്യ അകലം പാലിക്കാതെ തോളോട് തോള്‍ ചേര്‍ന്നിരുന്ന് കഴിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, നേരത്തെ തഞ്ചാവൂരിലും സമാനമായ സംഭവം നടന്നിരുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ ഇവരേയും പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു.