ഷിംല: റോഹ്താം​ഗിലെ അടൽ ടണലിൽ ​ഗത​ഗതക്കുരുക്കുണ്ടാക്കിയതിന് ഹിമാചൽ പ്രദേശ് പൊലീസ് 10 വിനോദ സഞ്ചാരികളെ അറസ്റ്റ് ചെയ്തു. ഇവരുടെ മൂന്ന് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ ടണലിൽ നിർത്തുകയും പാട്ടുവച്ച് നൃത്തം ചെയ്ത് ​ഗതാ​ഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തതിനാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അറസ്റ്റിന് ആസ്പ​ദമായ സംഭവം നടന്നത്. അറസ്റ്റിലായ 10 പേരും ദില്ലിയിൽ നിന്നുള്ള യുവാക്കളാണ്. ഇവരുടെ മൂന്ന് കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. 

3,086 കോടി രൂപ ചെലവഴിച്ചാണ് അടല്‍ തുരങ്കം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹിമാലയന്‍ മലനിരകളെ തുരന്നാണ് രാജ്യത്തിന്റെ അഭിമാനപദ്ധതി നിര്‍മ്മിച്ചത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് പത്തു വര്‍ഷം കൊണ്ടാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്.

മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കേ പദ്ധതിക്ക് പ്രാധാന്യമേറെയാണ്. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതിയില്‍ യാത്ര നടത്താം. ഹിമാചലിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യും.