Asianet News MalayalamAsianet News Malayalam

മസ്തിഷ്ക്കവീക്കം: ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 108 ആയി; നിതീഷ് കുമാറിനെതിരെ പ്രതിഷേധം

മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികിത്സയിലാണ്. കൂടുതല്‍ കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെയാണ് നിതീഷ് കുമാറിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.

108 children died in bihar due to encephalitis
Author
Bihar, First Published Jun 18, 2019, 1:35 PM IST

പാറ്റ്ന: ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്ക്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 108 ആയി. മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികിത്സയിലാണ്. കൂടുതല്‍ കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിയത്. രോഗികളെ സന്ദര്‍ശിക്കുന്നതിനിടെ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാരും രോഗികളുടെ ബന്ധുക്കളും സംഘടിച്ച് നീതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധിച്ചു. കുട്ടികള്‍ മരിക്കുന്നത് തുടരുമ്പോഴും സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ല എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഒരു കിടക്കയില്‍ തന്നെ ഒന്നിലധികം കുട്ടികളെ കിടത്തുകയാണെന്നും പ്രാഥമിക സൗകര്യം പോലും സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. 

മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 89 കുട്ടികളാണ് മരിച്ചത്. ഇവിടെ 330 കുട്ടികളെ രോഗ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. കെജ്രിവാള്‍ ആശുത്രിയില്‍ 19 കുട്ടികള്‍ മരിച്ചു. ഇവിടെയും നിരവധി കുട്ടികള്‍ രോഗലക്ഷങ്ങളോടെ ചികില്‍സയിലാണ്. രണ്ട് ആശുത്രികളിലുമായി ചികില്‍സ തേടിയ കുട്ടികളില്‍ 12 കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബീഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബീഹാറില്‍ പ്രതിഷേധവും ശക്തമാകുന്നുണ്ട്. മരിച്ച കുട്ടികളില്‍ കൂടുതലും പിന്നാക്ക വിഭാഗത്തില്‍ പെട്ടവരയാതുകൊണ്ടാണ് വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണാത്തതെന്ന രാഷ്ട്രീയ ആരോപണവുമായി ആര്‍ജെഡ‍ി രംഗത്തെത്തി. വിദഗ്ധരുടെ കൂടുതല്‍ സംഘങ്ങളെ എത്തിക്കാനും ഈ രണ്ട് ആശുപത്രികളില്‍ കുട്ടികള്‍ക്ക് മാത്രമായി 100 ഐസിയു തുടങ്ങാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. 

Follow Us:
Download App:
  • android
  • ios