ശങ്കരാചാര്യരുടെ 12ആം വയസ്സിലെ രൂപത്തിലാണ് പ്രതിമ നിര്‍മിച്ചത്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഓംകാരേശ്വരിൽ പ്രതിമ അനാച്ഛാദനം ചെയ്തത്.

ശങ്കരാചാര്യരുടെ 12ആം വയസ്സിലെ രൂപത്തിലാണ് പ്രതിമ നിര്‍മിച്ചത്. പ്രതിമയ്ക്ക് പുറമെ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയാണ് പദ്ധതിയുടെ ചെലവ്. 

നർമ്മദാ നദിയുടെ തീരത്തുള്ള നഗരമായ ഓംകാരേശ്വരിലെ മാന്ധാത പര്‍വതത്തിലാണ് പ്രതിമ സ്ഥാപിച്ചത്. തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണിത്. ഒന്നിലധികം ലോഹങ്ങൾ സംയോജിപ്പിച്ചാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. 54 അടി ഉയരമുള്ള പീഠത്തില്‍ പ്രതിമ നിലകൊള്ളുന്നു. ഏകത്വത്തിന്റെ പ്രതിമ എന്ന വിശേഷണവും നല്‍കി. കഴിഞ്ഞ വര്‍ഷമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പദ്ധതിക്ക് തുക വകയിരുത്തിയത്.

കേരളത്തിൽ ജനിച്ച ശങ്കരാചാര്യർ ചെറുപ്പത്തിൽ തന്നെ സന്യാസിയായി ഓംകാരേശ്വരിൽ എത്തിയെന്നാണ് കരുതപ്പെടുന്നത്. അവിടെ അദ്ദേഹം ഗുരു ഗോവിന്ദ് ഭഗവദ്പാദരരെ കണ്ടുമുട്ടി ശിഷ്യത്വം സ്വീകരിച്ചു. 12ആം വയസ്സില്‍ അദ്വൈത വേദാന്ത തത്വചിന്തയുമായി അദ്ദേഹം ആശ്രമം വിട്ടു എന്നാണ് ഐതിഹ്യം.

സെപ്തംബര്‍ 18ന് നടത്താനിരുന്ന അനാച്ഛാദനം കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആത്മീയതയുടെ ഇടമായ ഓംകാരേശ്വര്‍ ശങ്കരാചാര്യരുടെ സിദ്ധാന്തങ്ങളെ ഈ മഹത്തായ പ്രതിമയിലൂടെ ബഹുമാനിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ പറഞ്ഞു.അദ്വൈത വേദാന്തത്തെ കുറിച്ച് മ്യൂസിയം ആഴത്തിലുള്ള അറിവ് നല്‍കും. ശങ്കരാചാര്യര്‍ രാജ്യത്തിന്റെ നാല് കോണുകളിലായി നാല് ആശ്രമങ്ങൾ തുടങ്ങി. അതിലൂടെ അദ്ദേഹം ഇന്ത്യയെ സാംസ്കാരികമായി ഒന്നിപ്പിച്ചെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ഇവിടെയെത്തും എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

Scroll to load tweet…