മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ ജയിൽ തടവുകാർക്ക് പരോൾ അനുവദിച്ചതായി ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു. ഏഴുവർഷം വരെ ശിക്ഷ അനുഭവിക്കുന്നവർക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ഔദ്യോ​ഗിക ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.  ഏഴ് വർഷത്തിൽ താഴെ തടവു ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് പരോൾ അനുവദിക്കും. സംസ്ഥാനത്തൊട്ടാകെയുളള ജയിൽ അധികാരികൾക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. മന്ത്രിയുടെ ട്വീറ്റിൽ കുറിച്ചിരിക്കുന്നു. 

തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തെക്കുറിച്ച് പരി​ഗണിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. കൂടാതെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിഹാർ ജയിലിൽ നിന്നും 3,000 തടവുകാരെ വിട്ടയക്കുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. 'വൈറസ് വ്യാപനം തടയുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മൂവായിരത്തോളം തടവുകാരെ മോചിപ്പിക്കാനുള്ള നടപടികൾ എടുക്കുമെന്ന് ' ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. 1500 ഓളം തടവുകാര്‍ക്ക് പരോൾ അല്ലെങ്കില്‍ താത്കാലിക വിടുതലോ നല്‍കും.1500 ഓളം തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കും. എന്നാൽ വിട്ടയക്കുന്ന തടവുകാരുടെ പട്ടികയില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെടില്ലെന്നും തിഹാര്‍ ജയില്‍ ഡയറക്ടര്‍ വ്യക്തമാക്കി.