Asianet News MalayalamAsianet News Malayalam

Meghalaya Congress : കോൺഗ്രസിന് വൻ തിരിച്ചടി: മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു

ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും

12 congress legislatures in Meghalaya set to join TMC
Author
Delhi, First Published Nov 24, 2021, 11:26 PM IST

ദില്ലി: കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്ചക്കാരാക്കി മേഘാലയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. മുൻ മുഖ്യമന്ത്രി  മുകുൾ സാങ്മയും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും.

നാളെ ഷില്ലോങിൽ മുകുൾ സാങ്മ വാർത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കും. എംഎൽഎമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുൻപ് ഇന്നലെ തന്നെ രണ്ട് നേതാക്കൾ കൂറുമാറിയിരുന്നു. കോൺഗ്രസ് നേതാവ് കീർത്തി ആസാദും മുൻ ഹരിയാന പിസിസി അധ്യക്ഷൻ അശോക് തൻവാറും പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. തന്റെ പാർട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് നേരത്തെ മമത ബാനർജി വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് നേതാക്കൾ പഞ്ചാബിലെ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് അവർക്ക് ഒറ്റരാത്രി ഏറ്റവും വലിയ അഘാതം നൽകി മമത ബാനർജി പാർട്ടി പിളർത്തിയിരിക്കുന്നത്. ഇതോടെ ഒറ്റരാത്രി കൊണ്ട് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നേട്ടം സ്വന്തമാക്കാനും മമതയ്ക്ക് കഴിയും. ദീർഘനാളായി ദേശീയ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടമാക്കിയ ശേഷമാണ് മുകുൾ സാങ്മയുടെ കൂറുമാറ്റമെന്നതും പ്രധാനമാണ്.

നേരത്തെ തന്നെ മുകുൾ സാങ്മ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം അദ്ദേഹം തള്ളിയിരുന്നു. കഴിഞ്ഞ തവണ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട മമത ബാനർജി സോണിയ ഗാന്ധിയെ കണ്ടിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ തവണ ദില്ലിയിൽ വരുമ്പോഴും സോണിയ ഗാന്ധിയെ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios