കർണാടകയിൽ സ്നേഹത്തിന്‍റെ ലക്ഷം കടകൾ കോൺഗ്രസ് തുറന്നുവെന്ന് രാഹുൽ ഗാന്ധി
ബംഗളൂരു:ബെംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് പ്രതിപക്ഷ ഐക്യ സംഗമവേദിയായി മാറി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമടക്കം 12 പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിനെത്തി.മോദി നയിക്കുന്ന ബിജെപിയെ എതിരിടാൻ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വഴി വെട്ടുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കൊപ്പം ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ മുതൽ നടനും രാഷ്ട്രീയനേതാവുമായ കമൽഹാസനും സിപിഎം, സിപിഐ ജനറൽ സെക്രട്ടറിമാരും വരെ വേദിയിലൊന്നിച്ചെത്തി, കുശലം പറഞ്ഞു, സൗഹൃദം പങ്കിട്ടു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുത്തില്ല. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാകട്ടെ പ്രതിനിധിയെ അയച്ചു. പണവും അധികാരവുമുള്ള ബിജെപിയെ കയ്യിലൊന്നുമില്ലാതെ കോൺഗ്രസ് എതിരിട്ട് നേടിയ വിജയത്തിന് മധുരമേറെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
2018-ലാണ് സമാനമായ ഒരു പ്രതിപക്ഷ ഐക്യനിരയുടെ സൗഹൃദക്കാഴ്ച രാജ്യം കണ്ടത്. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ നേരിടാൻ പ്രതിപക്ഷത്തെ ഒരു കുടക്കീഴിൽ അണിനിരത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ, പ്രതിപക്ഷത്തിന്‍റെ ഈ ശക്തിപ്രകടനം നിർണായകമാണ്.
കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ചിന ഗ്യാരന്‍റികൾ ഉടൻ നടപ്പിലാക്കും.ഇതിന്‍റെ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ആദ്യമന്ത്രിസഭായോഗത്തിന് ശേഷം സിദ്ധരാമയ്യ പറഞ്ഞു.കർണാടകയിൽ നിയമസഭാ സമ്മേളനം അടുത്തയാഴ്ച ചേരും.തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായിരക്കും നിയമസഭാ സമ്മേളനം നടക്കുക.
