ദില്ലി: രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 603 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 18985 ലേക്ക് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് 44 പേര്‍ മരിച്ചു. ആകെ 1,329 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടകണക്കുകള്‍ സൂചിപ്പിക്കുന്നു. 

രാജ്യത്ത് കൊവിഡ് ദ്രുത പരിശോധന രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കാൻ ഐസിഎംആര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ദ്രുത പരിശോധന കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ അപാകത കണ്ടതിനെതുടർന്നാണ് തീരുമാനം. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ പ്രതീക്ഷിച്ച ഫലം ഉണ്ടാകുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

അഞ്ചുപേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ ദില്ലി പട്പട്ഗഞ്ച് മാക്സ് ആശുപത്രിയിലെ രോഗ ബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം എട്ടായി. എല്‍എന്‍ജെപി ആശുപത്രിയിലെ ഗര്‍ഭിണിയായ മലയാളി നഴ്സിന് രോഗം ഭേദമായി. ഇവരുടെ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ
സമ്പര്‍ക്കപ്പട്ടികയിലുള്ള 125 പേരെ നിരീക്ഷണത്തിലാക്കി. തലസ്ഥാനത്തെ 84 തീവ്രബാധിത മേഖലകളിലൊന്നായ  നബി കരിം പ്രദേശത്തെ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ‍് സ്ഥിരീകരിച്ചു. ദില്ലില്‍ വന്നുപോകുന്ന നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഉത്തര്‍പ്രദേശ് അതിര്‍ത്തി ജില്ലയായ ഗാസിയാബാദിൽ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി.

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. ഇന്ന് 552 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 5218 ആയി. 24 മണിക്കൂറിനിടെ 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 150 പേർക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 722 ആയി. 

സംസ്ഥാനത്ത് 75,000 പേര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് സർക്കാർ അറിയിച്ചു. അതേ സമയം മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിക്ക് മുന്നിൽ ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. പൂനെ ,പിംപ്രി ചിൻച്‍വാദ്, താനെ മേഖലകളിലെല്ലാം കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഇന്ന് 112 പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2178ആയി. 13 പേരാണ് ഇന്ന് മരിച്ചത്. മരണ സംഖ്യ ഇതോടെ 80 ആയി.