​ആന്ധ്രാപ്രദേശ്:  ആന്ധ്രാപ്രദേശിലെ ​ഗുണ്ടൂരിൽ ട്യൂഷൻ അധ്യാപികയിൽ നിന്ന് 14 വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധിച്ചതായി ആരോപണം. 12 വയസ്സിൽ താഴെയുള്ളവരാണ് ഇവരിൽ മിക്ക കുട്ടികളും. ഇവർക്ക് മാത്രമല്ല, കുട്ടികളിൽ ചിലരുടെ മാതാപിതാക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരേ സ്ഥലത്ത് ട്യൂഷൻക്ലാസിൽ പങ്കെടുത്തവരാണ് ഈ 14 കുട്ടികളും. 

ട്യൂഷൻ നടത്തിയിരുന്ന അധ്യാപക ദമ്പതികൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 'സെപ്റ്റംബർ 25 ന് ​ഗുണ്ടൂർ സർക്കാർ ആശുപത്രിയിൽ വച്ച് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. അദ്ദേഹത്തിന്റെ പ്രദേശത്ത് കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. പിന്നീട് 250 പേരിൽ പരിശോധന നടത്തിയപ്പോൾ 39 പേർക്ക് പോസിറ്റീവായിരുന്നു. അവരിൽ 8നും 12 നും ഇടയിൽ പ്രായമുള്ള 14 കുട്ടികൾ എല്ലാവരും ഒരേ ട്യൂഷൻ സെന്ററിൽ പഠിച്ചിരുന്നവരാണ്.' അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ക്ലാസ് നടത്തിയതിന്റെ പേരിൽ അധ്യാപക ദമ്പതികൾക്കെതിരെ നടപടി സ്വീരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നരസരപേട്ടിലെ ജൂനിയർ കോളേജ് അധ്യാപകനാണ് ട്യൂഷൻ നടത്തിയിരുന്നത്. ​ഗർഭിണിയായിരുന്ന ഇയാളുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കൾ ലംഘിച്ച് മനപൂർവ്വം ക്ലാസ് നടത്തിയതിന് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.