മുംബൈ: 14 കാരന്റെ സമയോജിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഏഴുവയസുകാരൻ. മുംബൈ താനെയിലെ മുറാദാബാദിലെ കര്‍പ്പത് വാഡിയിലാണ് സംഭവം. കളിച്ചുകൊണ്ടിരിക്കുന്നതിനിടിയിൽ ബന്ധുവായ കുട്ടിയെ പിടിച്ച പുലിയെ കല്ലും വടിയും ഉപയോ​ഗിച്ച് 14കാരൻ നേരിടുകയായിരുന്നു. പുലിയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. നരേഷ് കാലുറാം ഭാല എന്ന കുട്ടിയാണ് ഹര്‍ഷദ് വിത്താല്‍ ഭാലയെ പുലിയിൽ നിന്നും രക്ഷിച്ചത്. 

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മുര്‍ബാദ് വനപ്രദേശത്ത് താമസിക്കുന്ന മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടികൾ. സമീപത്തെ വയലിൽ മുത്തശ്ശി ജോലി ചെയ്യുന്നതിനിടിയിൽ കാട്ടുപഴങ്ങൾ പറിക്കാൻ പോയപ്പോഴാണ് പുലി കുട്ടികളെ ആക്രമിച്ചത്. നരേഷിന് നേരെയാണ് പുലി വന്നതെങ്കിലും ഒഴിഞ്ഞു മാറിയതോടെ ഹര്‍ഷദിന് നേരെ പുലി ചീറി അടുക്കുകയായിരുന്നു.

ഹർഷദിനെ പുലി ആക്രമിക്കുന്നത് കണ്ട നരേഷ് കയ്യിൽ കിട്ടിയ വടിയും കല്ലുകളും ഉപയോ​ഗിച്ച് പുലിയെ നേരിട്ടു. പീന്നീട് ഇരുവരും ഉറക്കെ ശബ്ദമുണ്ടാക്കുകയും മുത്തശ്ശിയും പ്രദേശവാസികളും ആയുധങ്ങളുമായി എത്തിയതോടെ പുലി രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എന്നാൽ സംഭവം നടന്നതിന്റെ പിറ്റേദിവസം ആക്രമണത്തിന് ഇരയായ പുലി ചത്തു. പരിശോധനയില്‍ പുലിക്ക് പുറമേ പരിക്കേറ്റിട്ടില്ലെന്നും പ്രായത്തെ തുടര്‍ന്നാണ് ചത്തതെന്നും പിന്നീട് നടന്ന പരിശോനയില്‍ കണ്ടെത്തി. സമചിത്തതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്തതിന് കുട്ടികളെ ടോക്കോവാഡേ പൊലീസ് ആദരിച്ചു.