ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വിവാഹഘോഷയാത്രയിലെ ഡിജെ സംഗീതത്തിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് 140 കോഴികൾ ചത്തു. കോഴിഫാം ഉടമയുടെ പരാതിയിൽ പോലീസ് ഡിജെ ഓപ്പറേറ്റർക്കെതിരെ കേസെടുക്കുകയും, ജില്ലയിലെ മറ്റ് ഡിജെ ഉടമകൾക്ക് ശബ്ദ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നോട്ടീസ് നൽകുകയും ചെയ്തു.
സുൽത്താൻപൂർ: വിവാഹഘോഷയാത്രയിലെ ഡിജെ സംഗീതത്തിന്റെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേട്ട് 140 കോഴികൾ ചത്തു. ഇതേ തുടർന്ന് 15 ഡിജെ ഓപ്പറേറ്റർമാർക്ക് പോലീസ് നോട്ടീസ് അയച്ചു. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ദരിയാപൂർ ഗ്രാമത്തിൽ സാബിർ അലിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന് സമീപത്തുകൂടി കടന്നുപോയ വിവാഹഘോഷയാത്രയാണ് സംഭവത്തിന് കാരണമായത്. ഏപ്രിൽ 25-ന് രാത്രിയായിരുന്നു സംഭവം. ഘോഷയാത്രയിൽ ഉപയോഗിച്ച ഡിജെ സിസ്റ്റത്തിൽ നിന്ന് അമിത ശബ്ദത്തിലുള്ള സംഗീതം ഉയർന്നതോടെ കോഴികൾ കൂട്ടത്തോടെ ചത്തെന്ന് ഇദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ശബ്ദം കുറയ്ക്കണമെന്ന് താൻ ഡിജെ ഓപ്പറേറ്ററായ കവി യാദവിനോട് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ലെന്ന് സാബിർ അലി പരാതിപ്പെട്ടു. ഘോഷയാത്ര കടന്നുപോയതിന് പിന്നാലെ ഫാമിലെ 140 കോഴികളെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉയർന്ന ശബ്ദതരംഗങ്ങൾ കോഴികളിൽ ഹൃദയാഘാതത്തിന് കാരണമായെന്നാണ് വെറ്ററിനറി വിദഗ്ധരുടെ പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് ബൽദിറായ് പോലീസ് ഡിജെ ഓപ്പറേറ്റർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ബിഎൻഎസ് സെക്ഷൻ 270 (പൊതുശല്യം), സെക്ഷൻ 325 (മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശബ്‌ദ മലിനീകരണ നിയന്ത്രണങ്ങൾ ലംഘിച്ചതിനും നടപടിയുണ്ടാകും. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ 15 ഡിജെ ഉടമകൾക്ക് പോലീസ് കർശനമായ നിർദ്ദേശങ്ങളോടെ നോട്ടീസ് അയച്ചു. അനുവദനീയമായ ഡെസിബൽ പരിധിക്കുള്ളിൽ മാത്രമേ ശബ്ദം ഉപയോഗിക്കാവൂ, രാത്രി 10 മണിക്ക് ശേഷം ഡിജെ സംഗീതം പൂർണ്ണമായും നിരോധിച്ചു, മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശനമായ പിഴയും നിയമനടപടികളും സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടകരമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. കോഴികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.


