കാഞ്ഞിരകുറ്റിയിലെ പള്ളിപ്പറമ്പില്‍ സക്കീനയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറി പറ്റിയ മലമ്പാമ്പിനെയാണ് പിടികൂടിയത്.2 കോഴികളെ അകത്താക്കിയ 35 കിലോയുള്ള അതിഥി 4 കോഴിയെ കൊല്ലുകയും ചെയ്തു

മലപ്പുറം: അരിക്കാഞ്ചിറ കാഞ്ഞിരകുറ്റിയില്‍ കോഴിക്കുട്ടില്‍ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. കാഞ്ഞിരകുറ്റിയിലെ പള്ളിപ്പറമ്പില്‍ സക്കീനയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറി പറ്റിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സ്‌നേക്ക് മാസ്റ്റര്‍ മുസ്തഫ തിരുര്‍ സാഹസികമായാണ് മലമ്പാമ്പിനെ കോഴിക്കൂട്ടില്‍ നിന്നും പിടികൂടിയത്. പിടികൂടിയ മലമ്പാമ്പിനെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. ആറ് കോഴികളാണ് കൂട്ടിലുണ്ടായിരുന്നത്. രണ്ട് കോഴികളെ മലമ്പാമ്പ് വിഴുങ്ങിയിരുന്നു. നാല് കോഴികളെ കൊന്നിട്ടുമുണ്ട്.

കനോലി കനാലിൽ നിന്ന് എത്തിയതെന്ന് സംശയം

35 കിലോയോളം തൂക്കം വരുന്ന മലമ്പാമ്പ് കനോലി കനാലിന്റെ ഓരങ്ങളില്‍ നിന്നും എത്തിയതാണെന്നാണ് നിഗമനം. അതേ സമയം കഴിഞ്ഞ ദിവസം ചെങ്കോട് മലമ്പാമ്പിനെ പിടികൂടിയതിനിടെ യുവാവിന് പാമ്പിന്റെ കടിയേറ്റു. അമ്പലക്കടവ് പെവുംതറ സ്വദേശി ഹമീദ് (45) നാണ് കടിയേറ്റത്. ചെങ്കോട് -ചാഴിയോട് റോഡില്‍ സ്ഥിരമായി കാണാറുള്ള മലമ്പാമ്പിനെ പിടികൂടാന്‍ നാട്ടുകാരുടെ അഭ്യര്‍ഥനപ്രകാരമാണ് ഹമീദ് എത്തിയത്.

നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയെങ്കിലും ഹമീദിന്റെ ഇടത് കൈക്ക് പാമ്പ് കടിക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കടിയേറ്റതോടെ പാമ്പിനെ വിടുകയും ചെയ്തു. ഹമീദ് ആശുപത്രിയില്‍ ചികിത്സ തേടി. ഉച്ചയോടെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പ്രദേശത്ത്‌ നിന്ന് കഴിഞ്ഞ മാസം ഒരു മലമ്പാമ്പിനെ പിടികൂടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം