ബെംഗളൂരു: കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ. ഭൂരിപക്ഷത്തിന് ആറ് സീറ്റ് വേണ്ട യെദിയൂരപ്പ സർക്കാരിന്‍റെ വിധിയെഴുതുക വടക്കൻ കർണാടകത്തിലെ കർഷക വോട്ടുകളാണ്. ലിംഗായത്ത് വോട്ടുകളുടെ ധ്രുവീകരണവും സർക്കാർ തുടരുമോ എന്ന് തീരുമാനിക്കുന്നതിൽ നിർണായകമാവും. 

കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പ് കാലമാണെങ്കിലും വടക്കന്‍ കര്‍ണാടകയിലെ കരിമ്പുപാടങ്ങളിൽ ഇത് വിളവെടുപ്പ് കാലമാണ്. പ്രളയം നാശം വിതച്ച വടക്കൻ കർണാടകത്തിൽ കർഷകർക്ക് ഇക്കുറി നഷ്ടക്കണക്കാണ്. കരിമ്പുമായി വിപണിയിലെത്താനുളള വണ്ടിക്കാശ് സർക്കാർ മുടക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. കമ്പനികൾ കുടിശ്ശിക തീർക്കാനുളളതാവട്ടെ മുന്നൂറ് കോടിയോളം. ബിജെപിയിലെത്തിയ വിമതർ രമേഷ് ജർക്കിഹോളിയും ശ്രീമന്ത് പാട്ടീലുമൊക്കെയാണ് കമ്പനി മുതലാളിമാർ. കർഷകരുടെ വോട്ട് എവിടെ വീണെന്ന ആശങ്ക നിലവിലെ സാഹചര്യത്തില്‍ ബിജെപിക്കുണ്ട്. 

കരിമ്പിൽ നിന്ന് ജാതിസമവാക്യങ്ങളിലെത്തിയാൽ ബിജെപിക്ക് പ്രതീക്ഷയാണ്. ലിംഗായത്ത് നേതാവായ യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കാൻ ത്യാഗം ചെയ്തവരാണ് വിമതരെന്നാണ് ബിജെപി ആവർത്തിച്ചത്.ലിംഗായത്തുകൾ ഏറെയുളള വടക്കൻ കർണാടകത്തിലെ മണ്ഡലങ്ങളിൽ സമുദായ വോട്ടുകളുടെ ഏകീകരണത്തിന് ഇത് വഴിവെച്ചാണ് വിലയിരുത്തൽ. ബെലഗാവിയിലെ പ്രബലമായ വാത്മീകി സമുദായ നേതാവായ രമേഷ് ജർക്കിഹോളി പോലും ലിംഗായത്ത് വോട്ടിലാണ് പ്രതീക്ഷവെക്കുന്നത്.