ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ  പൊലീസ് അതിക്രമത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന് ദില്ലി പൊലീസ്. കഴിഞ്ഞ ഡിസംബര്‍ 15 ന് ദില്ലിയിലെ ജാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടന്ന പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ പരാതി ദില്ലി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. സംഭവത്തേക്കുറിച്ച്  ദില്ലി പൊലീസ് അന്വേഷിക്കുന്നുണ്ട്, അതിനാല്‍ പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നാണ് പൊലീസ് കോടതിയില്‍ വിശദമാക്കിയതായി ദി ക്വിന്‍റ് റിപ്പോര്‍ട്ട്.

'അമിത് ഷായുടെ വാദം പൊളിഞ്ഞു', ജാമിയ ലൈബ്രറിയിലെ പൊലീസ് അതിക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

2019 ഡിസംബര്‍ 15 ന് പൌരത്വ നിയമ ഭേദഗതിക്കെതിരായി ജാമിയ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധം വലിയ സംഘര്‍ത്തിന് കാരണമായിരുന്നു. പ്രതിഷേധക്കാരിലെ ചിലര്‍ വാഹനങ്ങള്‍ക്ക് തീ വയ്ക്കുകയും കല്ലെറിയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ ലൈബ്രറിക്കകത്ത് കയറി പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും പുസ്തകങ്ങള്‍ വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തിന്‍റെ വീഡിയോ പുറത്ത്; ദില്ലി പൊലീസ് പ്രതിരോധത്തിൽ

ഈ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളടക്കം സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാല്‍ ക്യാംപസില്‍ പൊലീസ് അതിക്രമിച്ചെന്ന പേരിലുള്ളത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ് എന്നാണ് ദില്ലി പൊലീസ് പറയുന്നത്. വിദ്യാര്‍ത്ഥി പ്രതിഷേധനത്തിന്‍റെ മറവില്‍ പ്രാദേശികരായ ആളുകളുടെ സഹായത്തോടെ മേഖലയില്‍ അക്രമം അഴിച്ച് വിടാനുള്ള ശ്രമമാണ് ഉണ്ടായതെന്നും പൊലീസ് കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു. ഇതിനെ സാധൂകരിക്കാനുള്ള തെളിവുകള്‍ ദില്ലി പൊലീസിന്‍റെ പക്കലുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. വീഡിയോ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്ന് പറയുന്ന പൊലീസ് എന്നാല്‍ അവ എന്താണെന്ന് വിശദമാക്കാന്‍ തയ്യാറായിട്ടില്ല. പൊലീസുകാര്‍ക്ക് പരിക്കേറ്റത് ആള്‍ക്കൂട്ടത്തിന്‍റെ ലക്ഷ്യം വ്യക്തമാക്കുന്നതും സ്ഥലത്തെ ക്രമസമാധാന നിലയിലെ തകരാറുമാണ് പ്രകടമാക്കുന്നതെന്നും ദില്ലി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. 

'വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു'; ജാമിയയിലെ പൊലീസ് നടപടിയില്‍ അന്വേഷണം വേണമെന്ന് സര്‍വ്വകലാശാല

ആള്‍ക്കൂട്ടത്തെ ചിലര്‍ പ്രകോപിതരാക്കുകയായിരുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അക്രമം തടയാന്‍ പൊലീസ് സ്വീകരിച്ച നടപടിയെ വളച്ചൊടിച്ച് പൊലീസ് അക്രമം എന്നപേരില്‍ പ്രചരിപ്പിച്ചുവെന്നും ദില്ലി പൊലീസ് വാദിക്കുന്നു. സര്‍വ്വകലാശാല അക്രമികള്‍ ഒളിച്ചിരിക്കാനുള്ള ഇടമായി മാറ്റിയെന്നും പൊലീസ് അവകാശപ്പെടുന്നു. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് കോടതിയില്‍ വാദിക്കുന്നു.