മൊബൈൽ വീഡിയോ ദൃശ്യങ്ങളിൽ, ട്രെയിൻ അടുത്തെത്തുന്നതിനിടെ വിശ്വജീത്ത് സാഹു വീഡിയോ റെക്കോർഡ് ചെയ്യുന്നത് കാണാം. ട്രെയിൻ കടന്ന് പോകവേ ഫോൺ തെറിച്ച് നിലത്തു വീഴുന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്.
പുരി: ഒഡീഷയിലെ പുരിയിൽ റെയിൽ പാളത്തിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് കൗമാരക്കാരന് ദാരുണാന്ത്യം. മംഗളഘട്ട് സ്വദേശിയായ വിശ്വജീത്ത് സാഹു എന്ന 15 വസുകാരനാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ജനക്‌ദേവ്പുർ റെയിൽവേ സ്റ്റേഷന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. അമ്മയോടൊപ്പം ദക്ഷിണകാളി ക്ഷേത്രത്തിൽ പോയ ശേഷം തിരിച്ചു വരുന്ന വഴി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വിശ്വജീത്ത് അപകടത്തിൽപ്പെട്ടത്.
റെയിൽവേ പാളത്തോട് ചേർന്ന് നിന്നാണ് വിശ്വജീത്ത് വീഡിയോ എടുത്തിരുന്നത്. ഇതിനിടെ പിന്നിൽ നിന്നെത്തിയ ട്രെയിൻ കൗമാരക്കാരനെ ഇടിച്ചിടുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങൾ വിശ്വജീത്തിന്‍റെ മൊബൈലിൽ നിന്നും പൊലീസിന് കിട്ടി. മൊബൈൽ വീഡിയോ ദൃശ്യങ്ങളിൽ, ട്രെയിൻ അടുത്തെത്തുന്നതിനിടെ വിശ്വജീത്ത് സാഹു വീഡിയോ റെക്കോർഡ് ചെയ്യുന്നത് കാണാം. ട്രെയിൻ കടന്ന് പോകവേ ഫോൺ തെറിച്ച് നിലത്തു വീഴുന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒഡീഷ റെയിൽവേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കഴിഞ്ഞ ഓഗസ്റ്റിൽ, റീൽസ് ചിത്രീകരിക്കുന്നതിനിടെ ഒഡീഷയിലെ കോരാപുട്ടിലെ ഡുഡുമ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഗഞ്ചം ജില്ലയിലെ ബെർഹാംപൂർ സ്വദേശിയായ 22 വയസ്സുകാരനായ യൂട്യൂബർ മരിച്ചിരുന്നു. ഡ്രോൺ കാമറ ഉപയോഗിച്ച് തന്റെ യൂട്യൂബ് ചാനലിനായി പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോ എടുക്കുന്നതിനിടെയാണ് അപകടം സംഭിച്ചത്. സുഹൃത്ത് അഭിജിത് ബെഹെറയോടൊപ്പമെത്തിയതായിരുന്നു സാഗർ തുഡു. ലാംതപുത് മേഖലയിൽ കനത്ത മഴയെ തുടർന്ന് മാച്ചകുണ്ഡ ഡാം അധികൃതർ വെള്ളം തുറന്നുവിട്ടതിനാലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയും ഒരു പാറക്കെട്ടിൽ നിൽക്കുകയായിരുന്ന സാഗറിന് ബാലൻസ് തെറ്റി ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു. സാഗറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.


