Asianet News MalayalamAsianet News Malayalam

അയോ​ഗ്യതയിലൊതുങ്ങില്ല? രാഹുലിനെതിരെ ആകെ16 കേസുകൾ, വല വിരിച്ച് ബിജെപി

രാഹുലിനെതിരായ നീക്കം ഇതിലൊന്നുമൊതുങ്ങില്ലെന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകൾ. വിവിധ സംഭവങ്ങളിലായി രാജ്യത്താകെ 16 കേസുകളാണ് രാഹുലിനെതിരെ ഉള്ളത്. 

16 cases against rahul gandhi in india vcd
Author
First Published Mar 24, 2023, 3:48 PM IST

ദില്ലി: അപകീർത്തി കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാഹുൽ ​ഗാന്ധിയുടെ ലോക്സഭാ അം​ഗത്വം ഇല്ലാതായിക്കഴിഞ്ഞു. എംപി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കപ്പെട്ട രാഹുലിന് ഇനി 6 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല. എന്നാൽ, രാഹുലിനെതിരായ നീക്കം ഇതിലൊന്നുമൊതുങ്ങില്ലെന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകൾ. വിവിധ സംഭവങ്ങളിലായി രാജ്യത്താകെ 16 കേസുകളാണ് രാഹുലിനെതിരെ ഉള്ളത്. 

കേസുകളിൽ മുന്നിലുള്ളത് നാഷണൽ ഹെരാൾഡുമായി ബന്ധപ്പെട്ടതാണ്. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷണം നടക്കുന്നത്. നാഷണല്‍ ഹെരാള്‍ഡ് പത്രത്തിന്‍റെ ഉടമകളായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ പുതിയതായി രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് സുബ്രഹ്മണ്യന്‍സ്വാമി ആരോപണം ഉയര്‍ത്തി. 2012 നവംബറിലാണ് ഇതു സംബന്ധിച്ച പരാതിയുമായി അദ്ദേഹം രംഗത്തെത്തിയത്. 

Read Also: നെഹ്റുവില്‍ തുടങ്ങി രാഹുല്‍ വരെ! നാഷണല്‍ ഹെരാള്‍ഡ് എന്താണ്, എന്തിനാണ് കേസ്; അറിയാം വിശദമായി

മോദി എന്ന പേര് പരാമര്‍ശത്തില്‍ സൂറത്തിനു പുറമേ  പട്‌നയിലും ബിഹാറിലും റാഞ്ചിയിലും  രാഹുലിനെതിരെ കേസുകളുണ്ട്. 2018ല്‍ അമിത് ഷായെ കൊലപാതകി എന്നു വിശേഷിപ്പിച്ചതിൽ  റാഞ്ചിയിലും ചായിബാസയിലും രണ്ടു കേസുകളുണ്ട്. കൊലപാതകത്തില്‍ ആരോപണവിധേയനായ ആളെ ബിജെപി അധ്യക്ഷനായി സ്വീകരിക്കും എന്നു പറഞ്ഞതിന് റാഞ്ചിയില്‍ തന്നെ മറ്റൊരു കേസുമുണ്ട്. രാഹുലിനെ ശ്രീരാമനായി ചിത്രീകരിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്,  മോദിയെ കള്ളന്‍ എന്നു വിളിച്ചത്, 1984 കലാപത്തെക്കുറിച്ചുള്ള പരാമര്‍ശം എന്നിവയിലുള്ള കേസുകളും രാഹുലിനെതിരെ നിലവിലുണ്ട്. 

ആർഎസ്എസിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ മഹാരാഷ്ട്രയിലും അസമിലുമായി മൂന്ന് കേസുകൾ രാഹുലിനെതിരെ ഉണ്ട്. 2014-ല്‍ മഹാരാഷ്ട്രയിലെ താനെയില്‍ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയാണ് കേസിനാസ്പദമായ ഒരു പരാമർശം ഉണ്ടായത്.  മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് രാഹുല്‍ പറഞ്ഞത്. 'ആര്‍എസ്എസുകാര്‍ ഗാന്ധിജിയെ കൊലപ്പെടുത്തി. എന്നിട്ടിപ്പോൾ അദ്ദേഹത്തെക്കുറിച്ച് പറയുന്നു. ആർഎസ്എസുകാർ സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും എതിര്‍ത്തവരാണ്' രാഹുൽ അഭിപ്രായപ്പെട്ടു.  ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകർ നൽകിയ കേസിൽ വിചാരണ നടക്കാനിരിക്കുകയാണ്.

Read Also: 'ആ പ്രസംഗത്തിന്‍റെ ലക്ഷ്യം പകലുപോലെ വ്യക്തം'; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സ്വരാജ്

2016ലാണ് രാഹുലിനെതിരെ  അസമില്‍ ആർഎസ്എസുകാർ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. വൈഷ്ണവ മഠമായ ബാര്‍പേട്ട സത്രത്തില്‍ പ്രവേശിക്കാന്‍ ആര്‍എസ്എസ്സുകാര്‍ തന്നെ അനുവദിച്ചില്ല എന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതാണ് കേസിലേക്ക് നയിച്ചത്. അസം കാമരൂപ് മെട്രോപൊളിറ്റന്‍ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. കേസിൽ വിചാരണ അന്തിമഘട്ടത്തിലാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2018ൽ ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശത്തിലും മുംബൈ അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ രാഹുലിനെതിരെ കേസുണ്ട്.  

നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും  കുറിച്ച് ട്വീറ്റ് ചെയ്തതിലാണ് മറ്റൊരു കേസ്. നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് 745.58 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറി എന്നായിരുന്നു രാഹുൽ ആരോപിച്ചത്. ഈ കേസിൽ വാദം ആരംഭിക്കാനിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായെ കൊലപാതകക്കേസിൽ ആരോപണവിധേയനായ ആള്‍ എന്നു വിളിച്ചതില്‍ അഹമ്മദാബാദ് കോടതിയില്‍ എത്തിയ ഹര്‍ജിയിലും നടപടി തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കമാന്‍ഡര്‍ ഇന്‍ തീഫ്' എന്നു വിളിച്ചതില്‍ മുംബൈ ഗിര്‍ഗാവ് കോടതിയില്‍ രാഹുലിനെതിരെ സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയും നിലവിലുണ്ട്. 

Read Also: സ്വാഭാവിക നിയമനടപടിയെന്ന് ബിജെപി; ​ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് അനുരാ​ഗ് ഠാക്കൂർ

Follow Us:
Download App:
  • android
  • ios