Asianet News MalayalamAsianet News Malayalam

'തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത 1621 അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരിച്ചു'; യോഗിക്ക് അധ്യാപക സംഘടനയുടെ കത്ത്

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഏപ്രില്‍ ആദ്യം മുതല്‍ മെയ് 16 വരെ മരിച്ചവരുടെ കണക്കാണ് സംഘടന സര്‍ക്കാറിന് നല്‍കിയത്.
 

1621 teachers died due to Covid those working in local poll: Teacher's Union
Author
Lucknow, First Published May 19, 2021, 9:07 AM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്ത 1621 അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് വെളിപ്പെടുത്തി സംസ്ഥാനത്തെ അധ്യാപക സംഘടന.  ഉത്തര്‍പ്രദേശ് പ്രാദേശീയ പ്രാഥമിക് ശിക്ഷക് സംഘ് എന്ന അധ്യാപക സംഘടനയാണ് മുഖ്യമന്ത്രിക്ക് തെളിവുകള്‍ സഹിതം കത്ത് എഴുതിയത്. മരിച്ച എല്ലാവരുടെയും പേരും വിലാസവും ഫോണ്‍നമ്പറും മരണകാരണവും വെളിപ്പെടുത്തിയാണ് സംഘടന പ്രസിഡന്റ് ദിനേശ് ചന്ദ്രശര്‍മ കത്ത് എഴുതിയത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഏപ്രില്‍ ആദ്യം മുതല്‍ മെയ് 16 വരെ മരിച്ചവരുടെ കണക്കാണ് സംഘടന സര്‍ക്കാറിന് നല്‍കിയത്. നേരത്തെ 706 പേരുടെ പട്ടികയാണ് സംഘടന നല്‍കിയത്. ഏപ്രില്‍ അവസാനത്തോടെയാണ് യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയായത്. വോട്ടെണ്ണല്‍ നീട്ടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടനയും 1621 അധ്യാപകര്‍ മരിച്ചെന്ന കണക്കുകള്‍ ശരിവെച്ചു. അതേസമയം, സര്‍ക്കാര്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ വാരാണസി, അയോധ്യ, ലഖ്‌നൗ, പ്രയാഗ് രാജ് എന്നിവിടങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios